മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പളം അടിസ്ഥാനമാക്കി വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യം
തൃശൂര്: സ്വകാര്യ ആശുപത്രി മേഖലയിലെ ശമ്പള പരിഷ്കരണം സംബന്ധിച്ച് വീണ്ടും ചര്ച്ച നടത്താനുള്ള തൊഴില്മന്ത്രിയുടെ ക്ഷണം നിരസിച്ച് യു.എന്.എ. ചര്ച്ചകളല്ല, മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പളം അടിസ്ഥാനമാക്കി വിജ്ഞാപനം പുറപ്പെടുവിക്കലാണ് അടിയന്തിരമായി ചെയ്യേണ്ടതെന്ന് യു.എന്.എ നേതൃത്വം വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ടാണ് തൊഴില് മന്ത്രി ടി.പി രാമകൃഷ്ണന് യു.എന്.എ ഭാരവാഹികളെ ഫോണില് ബന്ധപ്പെട്ടത്.
നേരത്തെ, മിനിമം വേതനം അഡ്വൈസറി ബോര്ഡിന്റെ നടപടിക്രമങ്ങള് പൂര്ത്തിയാക്കി അന്തിമ ശുപാര്ശ കൈമാറുന്നതിന്റെ തലേന്ന് കോടതിയില് വീണ്ടുമൊരു ചര്ച്ചക്ക് തയ്യാറാണെന്ന വിധത്തില് സര്ക്കാര് നിലപാട് അറിയിച്ചത് തൊഴില് മന്ത്രിയുടെ താല്പര്യമെന്ന നിലയിലാണ് നഴ്സുമാര് വിലയിരുത്തുന്നത്. മാര്ച്ച് 31 നകം വിജ്ഞാപനം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ഒടുവിലത്തെ പ്രഖ്യാപനമാണ് ഇതോടെ മന്ത്രി തകര്ത്തത്.
വിജ്ഞാപനം ഇറക്കുന്നതിന് കോടതി പുറപ്പെടുവിച്ച തടസ ഉത്തരവ് റദ്ദാക്കുന്നതിന് സര്ക്കാരിന്റെ ഇടപെടലും ഈ ഘട്ടത്തില് ഉണ്ടായില്ലെന്നതും ദുരൂഹമായി. യുണൈറ്റഡ് നഴ്സസ് അസോസിയേഷന് നല്കിയ അപേക്ഷയിന്മേലാണ് ഹൈക്കോടതി സ്റ്റേ പിന്വലിച്ചതും വിജ്ഞാപനം ഇറക്കുന്നതില് സര്ക്കാരിന് ഇനി തടസമില്ലെന്ന് വിധി പ്രസ്താവിച്ചതും. എന്നാല് തടസം നീങ്ങിയിട്ടും തൊഴില് വകുപ്പ് മെല്ലേപോക്ക് തുടര്ന്നു.
പി.കെ ഗുരുദാസന് ചെയര്മാനായ സംസ്ഥാന മിനിമം ബോര്ഡ് അഡ്വൈസറി ബോര്ഡ് രണ്ട് തവണ ചേര്ന്നെങ്കിലും അന്തിമ ശുപാര്ശ തയ്യാറാക്കിയില്ല. നേരത്തെ മിനിമം വേജ് കമ്മിറ്റി നല്കിയ ശുപാര്ശയും സര്ക്കാര് പുറപ്പെടുവിച്ച കരട് വിജ്ഞാപനവും ബോര്ഡിന്റെതായി ചെയര്മാനും ലേബര് കമ്മിഷണറും അവതരിപ്പിച്ച മറ്റൊരു നിര്ദ്ദേശവും സര്ക്കാരിന് കൈമാറിയിരിക്കുകയാണിപ്പോള്.
അഡ്വൈസറി ബോര്ഡ് കൈമലര്ത്തിയ സാഹചര്യത്തില് സര്ക്കാരിന് വിജ്ഞാപനം ഇറക്കാനുള്ള അധികാരമുണ്ട്. എന്നാല് മന്ത്രി വീണ്ടും ചര്ച്ചക്ക് സാഹചര്യമൊരുക്കുന്നത് തൊഴിലാളികളെ വഞ്ചിക്കുന്നതിനാണെന്നാണ് നഴ്സുമാര് പറയുന്നത്. അതേസമയം, നഴ്സിംഗ് മേഖലയിലെ ഇതര സംഘടനകള് മന്ത്രിയുമായും ആശുപത്രി ഉടമകളുമായും ചര്ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
