83 കാരനായ വേലായുധന്‍ നാടകശാല സദ്യയ്‌ക്ക് ആവശ്യമായ കുട്ടകള്‍ നെയ്ത് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. സഹായത്തിന് സഹോദരി തങ്കമ്മയുമുണ്ട്.
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ കുട്ടവരവ് ചടങ്ങ് നാളെ. കുട്ടനെയ്യുന്ന വേലായുധന് അവഗണന മാത്രം. ക്ഷേത്രത്തില് 9-ാം ഉത്സവദിനമായ തിങ്കളാഴ്ച നടക്കുന്ന നാടകശാല സദ്യയ്ക്ക് മുന്നോടിയായാണ് തലേദിവസം കുട്ടവരവ് ചടങ്ങ്. നാടകശാലക്കാവശ്യമായ വിഭവങ്ങള് കരുതിവെയ്ക്കുന്നത് കരുമാടി ആഞ്ഞിലിക്കാവ് കുടുംബാംഗമായ വേലായുധന് നെയ്യുന്ന കുട്ടകളിലാണ്. ചെമ്പകശ്ശേരി രാജാവിന്റെ കാലംമുതല് ആരംഭിച്ച ഈ ചടങ്ങ് ഇന്നും മുറതെറ്റാതെ നടക്കുന്നുണ്ട്.
83 കാരനായ വേലായുധന് നാടകശാല സദ്യയ്ക്ക് ആവശ്യമായ കുട്ടകള് നെയ്ത് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. സഹായത്തിന് സഹോദരി തങ്കമ്മയുമുണ്ട്. കൊടിയേറിയ ശേഷം തൊട്ടടുത്ത ദിവസം മുതല് കുട്ടനെയ്ത്ത് ആരംഭിക്കും. ഇത്തവണ 13 കുട്ടകളാണ് നെയ്തത്. വേലായുധന്റെ കുടുംബക്ഷേത്രമായ ആഞ്ഞിലിക്കാവ് ക്ഷേത്രത്തില് നിന്ന് വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെയാണ് കുട്ടവരവ് ചടങ്ങ് നടത്തുന്നത്. കുട്ടനെയ്യുന്നതിനും ഇത് ആഘോഷപൂര്വ്വം ക്ഷേത്രത്തില് എത്തിക്കുന്നതിനുമായി വേലായുധന് പതിനയ്യായിരത്തിലധികം രൂപ ചെലവ് വരും. ഒരു പിരിവുപോലുമില്ലാതെയാണ് വേലായുധന് ഈ തുക കണ്ടെത്തുന്നത്.
തന്നെ സഹായിക്കണമെന്ന് കാട്ടി ദേവസ്വം ബോര്ഡിന് പരാതി പലതവണ നല്കിയിരുന്നു. ക്ഷേത്രോപദേശക സമിതിക്കും കത്ത് കൈമാറിയിരുന്നു. എന്നാല് ചടങ്ങ് നടക്കുന്നതിന് ശേഷം ഉപദേശക സമിതി നല്കുന്ന നിസാരമായ ദക്ഷിണയല്ലാതെ മറ്റൊരു സഹായവും വേലായുധന് ലഭിക്കാറില്ല. ഇപ്പോള് പുതുതായി ചുമതലയേറ്റ ദേവസ്വം ബോര്ഡിനും നിവേദനം നല്കിയിട്ടും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല. എങ്കിലും ഭഗവാന് സദ്യവിളമ്പാനുള്ള കുട്ടനെയ്ത് അത് ക്ഷേത്രത്തിലെത്തിക്കാന് ഈ വന്ദ്യവയോധികന് മടി കാണിക്കാറില്ല. കടം വാങ്ങിയാണെങ്കിലും ഇത്തവണത്തെ കുട്ടവരവ് ചടങ്ങും ആഘോഷമാക്കാനാണ് വേലായുധന്റെ തീരുമാനം.
