കോഴിക്കോട്: ദുരിതമനുഭവിക്കുന്ന ചലച്ചിത്ര നടന്‍ രാജന്‍ പാടൂരിന് സഹായവുമായി ചലച്ചിത്ര കൂട്ടായ്മ രംഗത്ത്. വയനാട്, കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ വിബ്ജിയോറിന്റെ ആഭിമുഖ്യത്തിലാണ് സഹായം നല്‍കിയത്. വിബ്ജിയോറിന്റെ 'സ്വപ്‌നഭൂമി' എന്ന ചിത്രത്തിന്റെ പൂജയോടനുബന്ധിച്ച് തളി പത്മശ്രീ ഹാളില്‍ നടന്ന ചടങ്ങിലാണ് ധനസഹായം കൈമാറിയത്.
കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സംവിധായകന്‍ സജി വയനാട്, സംവിധായകന്‍ സുനില്‍ വിശ്വചതൈന്യ, സുനില്‍രാജ്, കോഴിക്കോട് ശാരദ, രാജന്‍ പാടൂര്‍, സുധീഷ് തുടങ്ങി നിരവധി കാലാകാരന്‍മാര്‍ പങ്കെടുത്തു.
സജി വയനാട് സംവിധാനം ചെയ്യുന്ന സ്വപ്‌നഭൂമിയില്‍ പുതുമുഖങ്ങളായ വാസുദേവ്, ദീപ്തി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിബി ജോസഫാണ് ക്യാമറ. സിനിമാ നിര്‍മ്മാണം, കലാരംഗത്ത് ഉയര്‍ന്നുവരുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക, അവശകലാകാരന്മാരെ സഹായിക്കുക, ചലച്ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുക എന്നിവയാണ് വിബ്ജിയോര്‍ കൂട്ടായ്മയുടെ ലക്ഷ്യങ്ങള്‍.
