കൊടും വരള്‍ച്ച; മൃഗങ്ങള്‍ കാടിറങ്ങുന്നു, പുലിപ്പേടിയില്‍ മലയോരം

First Published 14, Mar 2018, 6:23 PM IST
WILD ANIMALS MOVE TO RESIDENTIAL AREA
Highlights
  • കാരികുളം മേഖലയില്‍ രണ്ടാമത്തെ പുലിക്കെണിയും വച്ചിട്ടുണ്ട്

തൃശൂര്‍: വരള്‍ച്ചയും ചൂടും കൂടിയതോടെ കാട്ടില്‍ നിന്ന് പുലികളടക്കമുള്ള കാട്ടുമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങി. തൃശൂരിലെ പാലപ്പിള്ളി കാരിക്കുളത്തും തിരുവില്വാമല എരവത്തൊടി പാലക്കാപ്പറമ്പ് മേഖലകളിലുമാണ് ആളുകള്‍ പുലിയെ കണ്ടത്. പാലപ്പിള്ളി തോട്ടം മേഖലയിലെ കാരികുളം ഒന്നാംകാട് ഭാഗത്ത് രണ്ട് പുലികളെയാണ് കണ്ടത്. പുഴയ്ക്കക്കരെയായിരുന്നു പുലികള്‍. 

കാരിക്കുളത്ത് പത്തുമുറി റബര്‍ എസ്റ്റേറ്റില്‍ കഴിഞ്ഞ ശനിയാഴ്ച പുലി പശുവിനെ കൊന്നിരുന്നു. ഇവിടങ്ങളില്‍ പുതിയ കൂടും സ്ഥാപിച്ചിട്ടുണ്ട്. ഒന്നിലേറെ പുലികള്‍ ഉണ്ടെന്നാണ് വനപാലകരും നല്‍കുന്ന സൂചന.  കാരിക്കുളം പത്തുമുറി റബര്‍ എസ്റ്റേറ്റില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ടാപ്പിംഗിനായി ഇറങ്ങിയ തൊഴിലാളികളാണ് അന്ന് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. 

കഴിഞ്ഞ മാസം ഇവിടെ പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഫോട്ടോകള്‍ എടുക്കാന്‍ കൂടിനുള്ളില്‍ കയറുകയും ഒരാള്‍ കൂടിനുള്ളില്‍ കുടുങ്ങുകയും ചെയ്തതോടെ വനപാലകര്‍ കൂട് മാറ്റി. മുമ്പ് കൂട് സ്ഥാപിച്ചതിന് 50 മീറ്റര്‍ ദൂരത്ത് നിന്നാണ് പുലി പശുവിനെ പിടിച്ചത്. അര കിലോമീറ്ററോളം ദൂരം മാറിയാണ് കൂട് മാറ്റി സ്ഥാപിച്ചിരുന്നത്. 

അതിനിടെ കഴിഞ്ഞ ദിവസം കാരികുളം മേഖലയില്‍ രണ്ടാമത്തെ പുലിക്കെണിയും വച്ചിട്ടുണ്ട്. പുലി ശല്യം രൂക്ഷമായ പാലപ്പിള്ളിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലിയിറങ്ങി ഭീതി പരത്തിയതോടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് വനംവകുപ്പ് വീണ്ടും മറ്റൊരു കൂടും സ്ഥാപിച്ചത്. രണ്ടാഴ്ച മുമ്പ് പത്തുമുറി പാഡിക്ക് സമീപം തെങ്ങിന്‍തോപ്പില്‍ പുലി ഇറങ്ങി പശുവിനെ പിടിച്ച സ്ഥലത്ത് പുലിക്കെണി സ്ഥാപിച്ചിരുന്നു. 

കഴിഞ്ഞ തിങ്കളാഴ്ച കാരികുളം ഒന്നാംകാട് ഭാഗത്ത് രണ്ട് പുലികളെയാണ് നാട്ടുകാര്‍ കണ്ടത്. ഒരു മാസത്തിനുള്ളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നാല് പശുക്കളെയും മാനുകളെയും പുലി പിടിച്ചിട്ടുണ്ട്. തിരുവില്വാമല എരവത്തൊടിയില്‍ കണ്ടത് പുലിയെയാണോ എന്ന കാര്യത്തില്‍ ഫോറസ്റ്റ് അധികൃതരുടെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ നാട്ടുകാരൊന്നടങ്കം ഇവിടെ പുലിയെ ഭയന്ന് കഴിയുകയാണ്. 

എരവത്തൊടി പാലക്കാപ്പറമ്പ് പ്രദേശത്തെ റബ്ബര്‍ തോട്ടത്തില്‍ പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് കായംപൂവം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെത്തി. രണ്ടു ദിവസം മുമ്പ് ഇവിടെ പുള്ളിയും വരകളുമുള്ള ജീവിയെ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപ പ്രദേശത്ത് പതിഞ്ഞ കാല്‍പാദം പൂച്ചയുടെ വര്‍ഗത്തില്‍പ്പെട്ട ജീവിയാകാമെന്നാണ് വനപാലകരുടെ നിഗമനം. 

കാല്‍പാദം പതിഞ്ഞ സ്ഥലത്തു പ്ലാസ്റ്റര്‍ ഓഫ് പാരീസ് കലക്കി ഒഴിച്ച് അത് ഉറച്ചശേഷം പരിശോധനയ്ക്കായി ഉയര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുമെന്നും വനപാലകര്‍ അറിയിച്ചു. വേനല്‍ ശക്തമാവുകയും കാട്ടില്‍ വരള്‍ച്ചയാരംഭിക്കുകയും ചെയ്യുന്നതോടെയാണ് കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത്. ഏതാനും ദിവസം മുമ്പ് മലക്കപ്പാറയില്‍ കരടികള്‍ ഇറങ്ങി ഭീതി പരത്തിയിരുന്നു. വടക്കാഞ്ചേരിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെയാണ് മലയിറങ്ങി കൃഷിയിടങ്ങളിലും വാസസ്ഥലങ്ങളിലും നാശം വിതയ്ക്കുന്നത്.

loader