വീടിനുള്ളിലെ ലൈറ്റ്, ഫാൻ തുടങ്ങിയവ ഇടാതിരിക്കാൻ ശ്രദ്ധിക്കാം. ഇത് സ്പാർക് ഉണ്ടാവാൻ കാരണമാകുന്നു. ചെറിയൊരു സ്പാർക് പോലും തീപിടുത്തത്തിന് കാരണമാകുന്നു

ഇന്ന് ഒട്ടുമിക്ക വീടുകളിലും എൽപിജി ഗ്യാസാണ് ഉപയോഗിക്കുന്നത്. പെട്ടെന്ന് പാചകം ചെയ്യാനും, വൃത്തിയാക്കാനുമൊക്കെ സാധിക്കുന്നതുകൊണ്ട് തന്നെ ഗ്യാസ് ഉപയോഗിക്കാനും എളുപ്പമാണ്. എന്നാൽ ഉപയോഗം കൂടിയതിനനുസരിച്ച് അപകടങ്ങളും വർധിക്കുകയാണ്. അപകടങ്ങൾ സംഭവിക്കുന്നതിന്റെ പ്രധാന കാരണം ഗ്യാസ് ഉപയോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. എങ്ങനെ ഉപയോഗിക്കണം, അടിയന്തിര ഘട്ടങ്ങളിൽ എന്തൊക്കെ ചെയ്യണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അവബോധം നമുക്ക് ഉണ്ടാകേണ്ടതുണ്ട്. ഗ്യാസ് ചോർച്ചയുണ്ടാകുമ്പോൾ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  1. ചോർച്ചയുണ്ടെന്ന് മനസ്സിലായാൽ അടുക്കളയിലെ ജനാലകളും വാതിലുകളും ഉടൻ തുറന്നിടണം. ലോഹത്തിൽ നിന്നും സ്പാർക് ഉണ്ടായി തീപിടിക്കാൻ സാധ്യത ഉള്ളതുകൊണ്ട് നനവുള്ള തുണി ഉപയോഗിച്ച് തുറക്കാൻ ശ്രദ്ധിക്കാം.

2. സാധ്യമെങ്കിൽ ഗ്യാസ് സിലിണ്ടർ വീടിന് പുറത്ത് വെയ്ക്കുക. ഇത് അപകട സാധ്യത കുറയ്ക്കുന്നു. അല്ലെങ്കിൽ ഗ്യാസിന്റെ അടുത്ത് നിന്നും അകലം പാലിച്ച് നിൽക്കാൻ ശ്രദ്ധിക്കണം.

3. വീടിനുള്ളിലെ ലൈറ്റ്, ഫാൻ തുടങ്ങിയവ ഇടാതിരിക്കാൻ ശ്രദ്ധിക്കാം. ഇത് സ്പാർക് ഉണ്ടാവാൻ കാരണമാകുന്നു. ചെറിയൊരു സ്പാർക് പോലും തീപിടുത്തത്തിന് കാരണമാകുന്നു.

4. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഗ്യാസിന്റെ അടുത്ത് നിന്നും ഉടൻ മാറ്റിവയ്ക്കാൻ ശ്രദ്ധിക്കണം.

5. ഗ്യാസ് സിലിണ്ടർ കത്തിയാൽ അതിലേക്ക് വെള്ളമൊഴിച്ച് കൊടുക്കുക. ഇത് തീ അണയ്ക്കാൻ സഹായിക്കുന്നു.

6. സിലിണ്ടറിന്റെ വാൽവിലാണ് ലീക്ക് ഉള്ളതെങ്കിൽ സിലിണ്ടറിൽ വെള്ള നിറത്തിലുള്ള ക്യാപ്പ് ഉപയോഗിച്ച് അത് അടയ്ക്കുക. ഇനി ലീക്ക് ഉണ്ടാകുന്നത് ഗ്യാസ് സ്റ്റൗവിൽ നിന്നോ കണക്റ്റിംഗ് ട്യൂബിൽ നിന്നോ ആണെങ്കിൽ റെഗുലേറ്റർ ഓഫ് ചെയ്യണം.

7. ഇത്തരം സാഹചര്യങ്ങളിൽ കാര്യങ്ങൾ സ്വയം നിയന്ത്രിക്കുന്നത് ഒഴിവാക്കാം. വിദഗ്ധരുടെ സഹായം തേടുന്നതാണ് നല്ലത്. ഗ്യാസ് ചോർച്ചയുണ്ടെന്ന് മനസ്സിലായാൽ ഉടൻ ഗ്യാസ് ഏജൻസിയെ വിവരം അറിയിക്കുക.

8. ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടെന്ന് മനസ്സിലായാൽ നിയന്ത്രണവിധേയമല്ലാത്ത സാഹചര്യങ്ങളിൽ ഉടൻ ഫയർഫോഴ്‌സിനെ വിളിക്കണം. 101 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കുക.

9. ഗ്യാസ് ലീക്ക് ചെയ്യുന്ന സമയത്ത് പെട്ടെന്ന് നമ്മൾ പരിഭ്രാന്തരാകാറുണ്ട്. എന്നാൽ നമ്മുടെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടത്തെ തടയാൻ സാധിക്കും.

ഗ്യാസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. അപകടങ്ങൾ സംഭവിച്ചതിന് ശേഷം പരിഹാരം കാണുന്നതിനേക്കാളും അപകടങ്ങൾ ഉണ്ടാവാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഗ്യാസ് സിലിണ്ടർ വാങ്ങുമ്പോൾ അതിന്റെ വാൽവുകളും വാഷറുകളും പരിശോധിച്ച് ലീക്ക് ഇല്ലെന്ന് ഉറപ്പ് വരുത്തണം.

2. ഉപയോഗം കഴിഞ്ഞാൽ ഗ്യാസിന്റെ റെഗുലേറ്റർ ഓഫ് ചെയ്യാൻ മറക്കരുത്. ശരിയായ രീതിയിൽ ഗ്യാസ് വെയ്ക്കാനും ശ്രദ്ധിക്കണം. ചരിച്ചോ കമഴ്ത്തിയോ ഗ്യാസ് വെയ്ക്കരുത്.

3. കൃത്യമായ ഇടവേളകളിൽ ഗ്യാസ് സ്റ്റൗ സർവീസ് ചെയ്യാൻ ശ്രദ്ധിക്കണം. ISI മാർക്കുള്ള ഉപകരണങ്ങളും ട്യൂബുകളും വാങ്ങിക്കാൻ ശ്രദ്ധിക്കാം. സിലിണ്ടറിന്റെ എക്സ്പെയറി ഡേറ്റും പരിശോധിക്കാൻ മറക്കരുത്.