മറ്റ് പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ പ്രമേഹത്തിനും ആയുര്‍വേദം പരീക്ഷിക്കുന്നവരുടെ എണ്ണം താരതമ്യേന വര്‍ധിച്ചിട്ടുണ്ട്. 'ദ കംപ്ലീറ്റ് ബുക്ക് ഓഫ് ആയുര്‍വേദിക് ഹോം റെമഡീസ്' എന്ന ആയുര്‍വേദ വിധികളുള്‍ക്കൊണ്ടിരിക്കുന്ന പുസ്തകത്തില്‍ പ്രമേഹം നിയന്ത്രിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഒരു മാര്‍ഗം വിശദീകരിക്കാം
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് പ്രമേഹം. ജീവിതശൈലിയുടെ ഭാഗമായാണ് പ്രധാനമായും പ്രമേഹം പിടിപെടുന്നത്. ഭക്ഷണക്രമം തെറ്റുന്നതും, അതുവഴി പൊണ്ണത്തടി പോലുള്ള ശാരീരിക വ്യതിയാനങ്ങള്‍ വരുന്നതുമെല്ലാം എളുപ്പത്തില്‍ പ്രമേഹം പിടിപെടാന്‍ കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പാന്‍ക്രിയാസിന് ശരീരത്തിനാവശ്യമായത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതാകുന്ന അവസ്ഥയാണ് പ്രമേഹത്തിലുണ്ടാകുന്നത്. ഇത് പിന്നീട് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. പ്രമേഹത്തെ നിയന്ത്രിക്കുകയല്ലാതെ പരിപൂര്‍ണ്ണമായി സുഖപ്പെടുത്തല്‍ അസാധ്യമെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇന്‍സുലിന്‍ തന്നെയാണ് ഇതിന്റെ പ്രധാന മരുന്ന്.
അതേസമയം മറ്റ് പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ പ്രമേഹത്തിനും ആയുര്‍വേദം പരീക്ഷിക്കുന്നവരുടെ എണ്ണം താരതമ്യേന വര്‍ധിച്ചിട്ടുണ്ട്. 'ദ കംപ്ലീറ്റ് ബുക്ക് ഓഫ് ആയുര്‍വേദിക് ഹോം റെമഡീസ്' എന്ന ആയുര്‍വേദ വിധികളുള്‍ക്കൊണ്ടിരിക്കുന്ന പുസ്തകത്തില്‍ പ്രമേഹം നിയന്ത്രിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഒരു മാര്‍ഗമാണ് ഇനി വിശദീകരിക്കുന്നത്.
മൂന്ന് പ്രകൃദിത്തമായ മരുന്നുകളുപയോഗിച്ച് പ്രമേഹത്തെ വരുതിയിലാക്കാമെന്നാണ് നിര്‍ദേശിക്കുന്നത്.
ഒന്ന്...

കറുവയിലയാണ് ഇതില്‍ ഒരു ചേരുവ. ഇന്‍സുലിന്‍ ഉത്പാദനം തന്നെയാണ് ഇതിന്റെ ധര്‍മ്മം. ടൈപ്പ്-2 ഡയബെറ്റിസ് അനുഭവിക്കുന്നവര്‍ക്കാണ് കറുവയിലയുടെ ഗുണം ലഭിക്കുക. ഏതാണ്ട് 30 ദിവസം ഉപയോഗിച്ചാല്‍ മാത്രമേ ഫലം കാണിക്കൂവെന്നും നിര്‍ദേശിക്കുന്നു.
രണ്ട്...

മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരുന്നായി കണക്കാക്കാറുള്ള മഞ്ഞളാണ് മറ്റൊരു ചേരുവ. മഞ്ഞളിലെ ആന്റി ഓക്‌സിഡന്റുകളാണ് പൊതുവേയുള്ള ശാരീരിക വിഷമതകള്‍ക്ക് പരിഹാരമാകാറ്. ഇവ അണുബാധയും, എരിച്ചിലുമെല്ലാം ചെറുക്കുന്നു. എന്നാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത് മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിനാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കാനാണ് ഇത് സഹായകമാവുക.
മൂന്ന്...

കറ്റാര്‍വാഴയാണ് ഇതിലെ മൂന്നാമത്തെ ചേരുവ. കറ്റാര്‍വാഴയുടെ ജെല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ പ്രമേഹത്തെ വരുതിയിലാക്കാനും കഴിയുന്നു.
എങ്ങനെ ഉപയോഗിക്കാം?
അര സ്പൂണ്‍ കറുവയിലപ്പൊടി, അര സ്പൂണ്‍ മഞ്ഞള്‍, ഒരു സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ നന്നായി ചേര്‍ത്ത് യോജിപ്പിക്കുക. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് ഇത് കഴിക്കുക. മറ്റ് മരുന്നുകളേതെങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ ഡോക്ടറുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഇത് പരീക്ഷിക്കാവുയെന്ന കാര്യം പ്രത്യേകം കരുതുക.
