തൊണ്ണൂറുകളിലാണ് വിമാനത്തിനുള്ളിൽ പുകവലി നിരോധിച്ചത്. എന്നാൽ ഇപ്പോഴും വിമാനത്തിനുള്ളിൽ ആഷ് ട്രേ ഉണ്ട്. വിമാനത്തിലെ ടോയ്ലറ്റിലാണ് ആഷ് ട്രേ സ്ഥാപിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ നോ സ്മോക്കിങ് എന്ന മുന്നറിയിപ്പ് ബോർഡും ഉണ്ടാകും. പഴയ വിമാനങ്ങളിൽ മാത്രമല്ല, ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന എ380 വിമാനങ്ങളിലും ആഷ് ട്രേ ഉണ്ട്. ഇതുകൊണ്ടുതന്നെ പലർക്കും ഉണ്ടാകുന്ന സംശയമാണ്- വിമാനത്തിനുള്ളിൽ ആഷ് ട്രേയുടെ ആവശ്യം എന്താണ്? ഇക്കാര്യത്തെക്കുറിച്ച് പലരും വിമാന സർവ്വീസ് കന്പനികളോട് ട്വിറ്ററിലൂടെയും മറ്റും ആരാഞ്ഞിട്ടുണ്ട്. എന്നാൽ കൃത്യമായ മറുപടി നൽകാൻ ആരും തയ്യാറായിട്ടില്ല. ഇപ്പോഴിതാ, ടെലഗ്രാഫിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഇതിനുള്ള മറുപടിയുണ്ട്. വിമാനം, വിമാന യാത്ര എന്നിവ സംബന്ധിച്ച രഹസ്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനെ ഉദ്ദരിച്ചാണ് ആഷ് ട്രേ സംബന്ധിച്ച രഹസ്യം ടെലഗ്രാഫ് ലേഖനത്തിലൂടെ പുറത്തുവരുന്നത്. നിയമപരമായി വിമാനത്തിൽ ഉണ്ടാകേണ്ട സാധനങ്ങളിൽ ഒന്നാണ് ആഷ് ട്രേ. ഏതെങ്കിലും സാഹചര്യത്തിൽ ആരെങ്കിലും വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിച്ചാൽ, അത് കെടുത്താനായി ആഷ് ട്രേ ഉപയോഗിക്കാം. ഈ കാരണം കൊണ്ടുതന്നെയാണ് വിമാനത്തിനുള്ളിൽ ആഷ് ട്രേ സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോൾ മനസിലായല്ലോ, വിമാനത്തിലെ ആഷ് ട്രേയുടെ ഉപയോഗം എന്താണെന്ന്...!