രക്തദാനം മഹാദാനം
പതിനായിരക്കണക്കിന് ആളുകള്‍ക്ക് രക്തം പകര്‍ന്ന് ജീവിതം തിരികെ നല്‍കിയ മാതൃകാ സ്ഥാപനമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം അഥവാ ബ്ലഡ് ബാങ്ക്. അടുത്തയാളിന് രക്തം അടയ്‌ക്കേണ്ട സാഹചര്യത്തിലാണ് ഓരോരുത്തരും രക്തത്തിന്റെ വില ശരിക്കും തിരിച്ചറിയുന്നത്. ഡെങ്കിപ്പനി വര്‍ധിച്ച സാഹചര്യത്തില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞാല്‍ ഓടിയെത്തുന്നത് ബ്ലഡ് ബാങ്കിലേക്കാണ്. പ്രത്യേക ഊഷ്മാവില്‍ പ്രത്യേക സംവിധാനത്തില്‍ സൂക്ഷിച്ചാലും മൂന്നു മുതല്‍ അഞ്ച് ദിവസം വരെ മാത്രമേ പ്ലേറ്റ്‌ലെറ്റ് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഒരാളെപ്പോലും പ്ലേറ്റ്‌ലെറ്റില്ലെന്ന് പറഞ്ഞ് ഇവിടെ നിന്നും തിരിച്ചയച്ചിട്ടില്ല. 25000ത്തോളം പാക്കറ്റ് രക്തമാണ് ഈ പകര്‍ച്ചപ്പനി പിടിപെട്ട സമയത്ത് ഇവിടെ നിന്ന് വിതരണം ചെയ്തത്. അതായത് സാധാരണ ദിവസങ്ങളില്‍ 200-250 പായ്ക്കറ്റ് രക്ത ഘടകങ്ങള്‍ നല്‍കുന്ന സ്ഥാനത്ത് പകര്‍ച്ചപ്പനി കാലയളവില്‍ 300 പാക്കറ്റിലധികം രക്തമാണ് ഇവിടെ നിന്നും നല്‍കി വരുന്നത്.
ഡോക്ടര്‍മാര്‍, പി.ജി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍മാര്‍, മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ 24 മണിക്കൂറും വിശ്രമമില്ലാതെ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. പകര്‍ച്ചപ്പനി സമയത്ത് അധിക ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്. ലഭ്യതയനുസരിച്ച് ഏത് സമയത്തും ഇവിടെ നിന്നും രക്തം കൈപ്പറ്റാവുന്നതാണ്.
സാധാരണ ഗതിയില്‍ 100 മുതല്‍ 120 വരെ ദാതാക്കളാണ് രക്തം ദാനം ചെയ്യാനായി ഇവിടെയെത്തുന്നത്. ഈ പനി കാലയളവില്‍ 150 മുതല്‍ 180 വരെ ആള്‍ക്കാര്‍ ദിനംപ്രതി രക്ത ദാനത്തിനായി എത്തുന്നുണ്ട്.
രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് 3 മണിവരെയാണ് രക്തം സ്വീകരിക്കുന്ന സമയം. എന്നാല്‍ വര്‍ധിച്ച പകര്‍ച്ചപ്പനിയുടെ സാഹചര്യത്തില്‍ സ്റ്റോക്കില്ലാത്ത രക്ത ഗ്രൂപ്പാണെങ്കില്‍ ഏത് സമയത്തും രക്തം നല്‍കാന്‍ തയ്യാറായവരില്‍ നിന്നും രക്തം സ്വീകരിക്കുന്നുണ്ട്. ഒരു രോഗിക്കും പ്ലേറ്റ്‌ലെറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടില്ല. പുറത്തുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും ആവശ്യക്കാര്‍ ധാരാളമെത്തുന്നുണ്ട്. സ്വന്തമായി ബ്ലഡ് ബാങ്കുള്ള സ്വകാര്യ ആശുപത്രികള്‍ പോലും രക്തത്തിനായി ഇവിടെ ആശ്രയിക്കാറുണ്ട്.
120 മുതല്‍ 150 വരെ ആള്‍ക്കാരാണ് രക്തദാനത്തിനായി എത്തുന്നത്. ഒരാളില്‍ നിന്ന് 350-450 എം.എല്‍. രക്തമാണ് എടുക്കുന്നത്. ആ രക്തത്തെ റെഡ് സെല്‍സ്, പ്ലേറ്റ്‌ലെറ്റ്, പ്ലാസ്മ എന്നിങ്ങനെ മൂന്ന് രക്ത ഘടകങ്ങളാക്കിയാണ് വിതരണം ചെയ്യുന്നത്.
രക്തം നല്‍കുന്ന ആള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ രക്തം നല്‍കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി കൗണ്‍സിലിംഗ് നല്‍കും. അത് കഴിഞ്ഞ് രക്തം നല്‍കാന്‍ യോഗ്യനാണോയെന്നും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും ഡോക്ടര്‍ പരിശോധിക്കും.
അണുവിമുക്തമായ കവറില്‍ രക്തം ശേഖരിച്ച് കഴിഞ്ഞാല്‍ രക്തത്തില്‍ കൂടി പകരുന്ന രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കുന്ന സീറോളജി ടെസ്റ്റ് നടത്തും. എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് ബി-സി, മലേറിയ, സിഫിലീസ് എന്നീ രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ ആ രക്തം നശിപ്പിച്ച് കളയും. ഒപ്പം ആ രക്ത ദാതാവിനെ വിളിച്ച് വരുത്തി ഒരിക്കല്‍കൂടി ടെസ്റ്റ് ചെയ്ത് ആ രോഗം സ്ഥിരീകരിക്കുകയും കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്യും.
വേര്‍തിരിച്ച രക്ത ഘടകങ്ങള്‍ ശീതികരണ സംവിധാനമുള്ള പ്രത്യേകം സംഭരണികളില്‍ സൂക്ഷിക്കുന്നു. 4 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസില്‍ ബ്ലഡ് ബാങ്ക് റെഫ്രിജറേറ്ററിലാണ് റെഡ് സെല്‍സ് സൂക്ഷിക്കുന്നത്. ഇത് ഒരു മാസത്തോളം കേടാകാതെ സൂക്ഷിക്കാം. 20 മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസില്‍ പ്ലേറ്റ്‌ലെറ്റ് അജിറ്റേറ്ററിലാണ് പ്ലേറ്റ്‌ലെറ്റ് സൂക്ഷിക്കുന്നത്. ഇതിന്റെ ആയുസ് മൂന്ന് മുതല്‍ അഞ്ച് ദിവസം മാത്രമാണ്. മൈനസ് 20, മെനസ് 40, മെനസ് 80 ഡിഗ്രി സെല്‍ഷ്യസില്‍ ഡീപ്പ് ഫ്രീസറിലാണ് പ്ലാസ്മ സൂക്ഷിക്കുന്നത്.
ഡോക്ടറുടെ കുറിപ്പും സാമ്പിളുമായെത്തുമ്പോള്‍ ആദ്യം രക്തഗ്രൂപ്പ് നിര്‍ണയിക്കുന്നു. രോഗിയുടെ രക്തവും ശേഖരിച്ച് വച്ചിരിക്കുന്ന സുരക്ഷിതമായ രക്തവുമായി ഇത് ക്രോസ് മാച്ച് ചെയ്യുന്നു. മറ്റ് രോഗികള്‍ക്ക് തെറ്റി നല്‍കാതിരിക്കാന്‍ രക്ത ബാഗില്‍ രോഗിയുടെ പേര്, ഐ.പി. നമ്പര്‍, വയസ്, യൂണിറ്റ് എന്നിവ വ്യക്തമായി ലേബല്‍ ചെയ്താണ് നല്‍കുന്നത്. അകലെയുള്ള രോഗികള്‍ക്ക് ഐസ് ബാഗില്‍ രക്തം കൊണ്ടു പോകാവുന്നതാണ്.
പ്ലേറ്റ്‌ലെറ്റ് ഉടന്‍ തന്നെ രോഗിക്ക് നല്‍കണം. പ്ലാസ്മ 30 മിനിറ്റിനകവും റെഡ്‌സെല്‍സ് 2-3 മണിക്കൂറിനുള്ളിലും മുഴുവന്‍ നല്‍കിത്തീര്‍ക്കണം.
സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളില്‍ നിന്നും യാതൊരു വിധ ഫീസും ഈടാക്കാതെയാണ് രക്തം നല്‍കുന്നത്.
രക്തം നല്‍കാന്‍ സന്നദ്ധരായിട്ടുള്ളവരാണ് ബ്ലഡ് ബാങ്കിന്റെ അടിസ്ഥാനം. വിവിധ സന്നദ്ധ സംഘടനകളും യുവജന സംഘടനകളും രക്തം നല്‍കി വരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി രക്തദാനത്തിന്റെ മാഹാത്മ്യത്തെപ്പറ്റി അവബോധ ക്ലാസുകള്‍ എടുക്കുകയും ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.
ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിനില്‍ എം.ഡി. പിജി കോഴ്‌സ് നടന്നുവരുന്നു
രക്തത്തിന് ഒരിക്കലും വിലമതിക്കാനാകില്ല. അതത്രയും വലുതാണ്-ജീവനോളം തുല്യം. ഒരാള്‍ ദാനം ചെയ്യുന്ന രക്തത്തിലൂടെ ജീവന്‍ പകരുന്നത് 4 പേര്‍ക്കാണ്. അതിനാല്‍ ഒത്തൊരുമിക്കാം, രക്തദാനം മഹാദാനം.
