ക്യാന്‍സര്‍ ചികില്‍സയില്‍ വൈദ്യാശാസ്ത്രലോകം ഇന്ന് ഏറെ പുരോഗതി കൈവരിച്ചിരിക്കുന്നു. ഇതേക്കുറിച്ച് നൂറുകണക്കിന് ഗവേഷണങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇപ്പോഴിതാ, ഏറ്റവും പുതിയ ഒരു പഠനം അനുസരിച്ച് രക്താര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ക്രുപ്പല്‍-ലൈക് ഫാക്ടര്‍ 2 എന്ന പ്രോട്ടീന് സാധിക്കുമെന്നും, ഇത് രക്താര്‍ബുദ കോശങ്ങളെ നശിപ്പിക്കുമെന്നുമാണ് ജേര്‍ണല്‍ പ്രൊസീഡിങ്സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രുപ്പല്‍-ലൈക് ഫാക്ടര്‍ 2 എന്ന പ്രോട്ടീന്‍ ഒരു ശ്വേതരക്താണു കോശമായാണ് കാണപ്പെടുന്നത്. രക്തത്തിലെ മോശം കോശങ്ങളുടെ വളര്‍ച്ച ഇല്ലാതാക്കി, രക്തം ശുദ്ധീകരിക്കാനും ക്രുപ്പല്‍-ലൈക് ഫാക്ടര്‍ 2 എന്ന പ്രോട്ടീന് സാധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രത്യേകതരം തെറാപ്പി ചികില്‍സയിലൂടെ രക്താര്‍ബുദം ഭേദമാക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പഠനസംഘം അമേരിക്കയിലെ വാന്‍ഡര്‍ബില്‍റ്റ് സര്‍വ്വകലാശാലയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രക്താര്‍ബുദ ഭേദമാക്കുന്നതിനായി പുതിയ തെറാപ്പി ചികില്‍സ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഗവേഷകസംഘം.