നമ്മള്‍ കഴിക്കുന്ന ഭക്ഷണം കൃത്യമായി ദഹിച്ചെങ്കില്‍ മാത്രമേ അത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളായി മാറൂ. ദഹനപ്രവര്‍ത്തനം ശരിയായില്ലെങ്കില്‍ നമുക്കാവശ്യമായ ഘടകങ്ങള്‍ ലഭിക്കുകയില്ലെന്ന് മാത്രമല്ല, ഇത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.

സാധാരണഗതിയില്‍ കഴിച്ച ഭക്ഷണം പരിപൂര്‍ണ്ണമായി ദഹിക്കുന്നതിന് 24 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ എടുക്കാറുണ്ട്. ആ സമയം കഴിച്ച ഭക്ഷണത്തെ കൂടി ആശ്രയിച്ചിരിക്കും. ഭക്ഷണത്തിന്റെ സ്വഭാവം, അളവ് ഇങ്ങനെയെല്ലാം...

എങ്കില്‍ കൂടിയും ചിലയിനം ഭക്ഷണസാധനങ്ങള്‍ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. അത്തരത്തിലുള്ള ഭക്ഷണങ്ങളേതെല്ലാമെന്ന് ഒന്ന് നോക്കാം...

ഒന്ന്...

പാക്കേജ്ഡ് ഫുഡ് അല്ലെങ്കില്‍ പ്രോസസ്ഡ് ഫുഡ് എന്നീ ഗണത്തില്‍ പെടുന്ന ഭക്ഷണസാധനങ്ങള്‍ എളുപ്പത്തില്‍ ദഹിക്കാനുള്ള സാധ്യതകള്‍ കുറവാണ്.

സാച്വറേറ്റഡ് ഫാറ്റ്, സോഡിയം, നൈട്രേറ്റുകള്‍, കെമിക്കലുകള്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഫ്രഞ്ച് ഫ്രൈസ്, ഫാറ്റി ഫുഡ്, കാന്‍ഡീസ്, പ്രോസസ്ഡ് മീറ്റ് തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണ്.

രണ്ട്...

ചില സമയങ്ങളില്‍ പാലുത്പന്നങ്ങള്‍ കഴിക്കുമ്പോഴും ദഹനപ്രശ്‌നങ്ങളുണ്ടാകാറുണ്ട്. പാലിലെ ഷുഗര്‍, അല്ലെങ്കില്‍ പ്രോട്ടീനുകള്‍- ഇവയിലേതെങ്കിലും ഒന്ന് ദഹിക്കാതെയാകുന്നതാണ് പ്രശ്‌നത്തിനിടയാക്കുന്നത്. എന്നാല്‍ ഇത് എല്ലാവരിലും ഒരുപോലെയായിരിക്കില്ല. വയറ് കെട്ടിവീര്‍ക്കുക, ഗ്യാസ് വന്ന് നിറയുക, വയറിളക്കം, ചര്‍മ്മത്തില്‍ ചെറിയ പാടുകള്‍ വീഴുക, മുഖക്കുരു - ഇങ്ങനെ പല തരം ശാരീരിക പ്രശ്‌നങ്ങളും ഇതുമൂലമുണ്ടാകുന്നു.

മൂന്ന്...

ഫൈബറുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയാറുള്ളത്. എന്നാല്‍ ചില സമങ്ങളില്‍ ഇത്തരം ഭക്ഷണവും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഫൈബറുകള്‍ യഥേഷ്ടം അടങ്ങിയ ഭക്ഷണം ഒറ്റയടിക്ക് ഒരുപാട് കഴിക്കുന്നവരിലാണ് പ്രധാനമായും ഈ പ്രശ്‌നം കാണുന്നത്.

നാല്...

ഫ്രൈഡ് ഫുഡും വലിയ തോതില്‍ ദഹനപ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഒരുപാട് എണ്ണമയമുള്ളതിനാല്‍ ഇവ ആമാശയത്തിനും കുടലിനുമെല്ലാം തകരാറുകള്‍ ഉണ്ടാക്കാനും ഇടയാക്കും. ഫ്രൈഡ് ഫുഡിന് പകരം ആവിയില്‍ വേവിച്ചതോ ബേക്ക് ചെയ്തതോ ആയ ഭക്ഷണം ഉപയോഗിക്കാവുന്നതേയുള്ളൂ. രുചിയല്‍പം കുറഞ്ഞാലും ഇത് ശരീരത്തിന് ദോഷകരമായ ഒന്നും വരുത്തില്ല.