ബിയജിംഗ്: സ്ത്രീധനം എന്ന ദുരാചാരം മൂലം വിവാഹം നടക്കാത്ത പെണ്‍കുട്ടികളുടെ കഥകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ സ്ത്രീധനം മൂലം ഒരു വിവാഹ ജീവിതം ലഭിക്കാത്ത പ്രതിസന്ധിയിലാണ് ചൈനയിലെ യുവാക്കള്‍.ചൈനയുടെ വിവാഹമാര്‍ക്കറ്റില്‍ വന്‍ പ്രതിസന്ധിയാണ് സ്ത്രീധനം സൃഷ്ടിക്കുന്നത്. ചൈനയില്‍ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെങ്കില്‍ വന്‍ സമ്മാനങ്ങളാണ് വരന്മാര്‍ വധുവിന്‍റെ വീട്ടുകാര്‍ക്ക് നല്‍കേണ്ടത്.
നൂറ്റിപ്പതിനെട്ടു പുരുഷന്മാര്‍ക്കു നൂറു സ്ത്രീകള്‍ എന്ന കണക്കിലാണു ചൈനയിലെ സ്ത്രീപുരുഷാനുപാതം. ഇതിന് പുറമേ ഒറ്റകുട്ടി നയത്താല്‍ ചൈനയിലെ ജനസംഖ്യ വളര്‍ച്ച നെഗറ്റീവിന് അടുത്താണ്. ഈ സാഹചര്യം കണക്കിലെടുത്താണ് വിവാഹപ്രായമായ യുവതിമാരുടെ കുടുംബ അംഗങ്ങള്‍ ചൂഷണം നടത്തുന്നത്.
കാലാകാലങ്ങളായി ചൈനയില്‍ ഈ സ്ത്രീധന സമ്പ്രദായം നിലവിലുണ്ട്. പണ്ടൊക്കെ വരന്‍ വധുവിന്റെ കുടുംബത്തിനു ചെറിയ സമ്മാനങ്ങള്‍ മാത്രം നല്‍കുകയായിരുന്നു പതിവ്.പിന്നീട് ടിവി,ഫ്രിഡ്ജ് തുടങ്ങിയ വിലപിടിച്ച വീട്ടുപകരണങ്ങള്‍ ആയി മാറി.കാലം കടന്നതോടെ പെണ്‍കുട്ടികള്‍ക്ക് ദൌര്‍ലഭ്യം വന്നതോടെ പെണ്‍വീട്ടുകാരുടെ അവശ്യം വര്‍ദ്ധിച്ചു. ആഡംബരഫ്ലാറ്റും വിലകൂടിയ കാറും വന്‍ തുകയുമൊക്കെയാണ് ഇപ്പോഴത്തെ ആവശ്യങ്ങള്‍.
പെണ്ണിനെ കിട്ടുന്നത് തന്നെ വല്യ കാര്യം എന്ന് കരുതി ചെറുപ്പക്കാര്‍ ലോണ്‍ എടുത്തെങ്കിലും ഏത് വിധേനയും ഈ സ്ത്രീധനം നല്‍കാനും തയ്യാറാകുന്നു.ഈ സ്ത്രീധനം കൊണ്ട് ഏറ്റവും പ്രശ്നത്തിലായിരിയ്ക്കുന്നത് ചൈനീസ് ഗ്രാമങ്ങളിലെ പാവം യുവാക്കളാണ്.വലിയ വിദ്യാഭ്യാസമോ ജോലിയോ സാമ്പത്തിക സ്ഥിതിയോ ഒന്നുമില്ലാത്ത ഇവരെ തഴഞ്ഞ് ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ നഗരങ്ങളിലേയ്ക്ക് കുടിയേറുകയാണ്.
കൂടുതല്‍ സ്ത്രീധനവും വാങ്ങി ഇവര്‍ നഗരത്തിലെ പരിഷ്ക്കാരികളും സമ്പന്നരുമായ വരന്മാരെ സ്വീകരിക്കുമ്പോള്‍ ഇടത്തരം ചൈനീസ് ചെറുപ്പക്കാര്‍ക്ക് വിവാഹ ജീവിതം എന്നത് സ്വപ്നം മാത്രമാകുന്നു. അമേരിക്കന്‍ പത്രമായ വാഷിംങ്ടണ്‍ പോസ്റ്റാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
