നല്ല ഭക്ഷണശീലം, ആരോഗ്യകരമായ ജീവിതത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. കഴിക്കേണ്ട ഭക്ഷണംപോലെതന്നെ പ്രധാനമാണ് ഭക്ഷണം കഴിക്കുന്ന സമയവും. സാധാരണഗതിയില്‍ മൂന്നു നേരമായാണ് ഭക്ഷണം കഴിക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതിന്റെയും മറ്റും ഭാഗമായി ചിലര്‍ ഒരുനേരത്തെ ഭക്ഷണം ഒഴിവാക്കുന്നത് കാണാം. അതുപോലെ രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നവരുമുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം, രാത്രിയിലെ ഭക്ഷണം ഉറപ്പായും കിടക്കുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും കഴിക്കണമെന്നതാണ്. രാത്രി ഏഴു മണിക്ക് മുമ്പ് ഭക്ഷണം കഴിച്ചാല്‍ ആരോഗ്യകരമായി ഒട്ടനവധി ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

1, ശരീരഭാരം കുറയ്ക്കാം...

രാവിലെ ആറു മണിക്കും വൈകിട്ട് ഏഴുമണിക്കും ഇടയിലായി മൂന്നു നേരത്തെ ഭക്ഷണവും കഴിക്കാനായാല്‍ അത് ആരോഗ്യത്തിലുണ്ടാക്കുന്ന ഗുണപരമായ മാറ്റം വളരെ വലുതായിരിക്കും. ദഹനപ്രക്രിയയും ഊര്‍ജോല്‍പാദനവും കൃത്യമായി നടക്കാന്‍ ഇത് സഹായിക്കും. വൈകിട്ട് ഏഴു മണി മുതല്‍ രാവിലെ ഏഴു മണിവരെ ഭക്ഷണം കഴിക്കാതെ ഇരുന്നാല്‍, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ക്രമാതീതമായി കുറയുകയും, ശരീരഭാരവും വണ്ണവും കുറയാന്‍ സഹായകരമാകും. ശരീരം കഴിക്കാതെയിരുന്നും, വ്യായാമം ചെയ്തും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ഫലപ്രദമാണ് രാത്രിയിലെ ഭക്ഷണം നേരത്തെ കഴിച്ചു ശീലിക്കുന്നത്.

2, നല്ല ഉറക്കം...

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കും. ദഹനപ്രക്രിയയും ഊര്‍ജോല്‍പാദനവും ഉറക്കത്തെ ബുദ്ധിമുട്ടിലാക്കും. എന്നാല്‍ ഏഴു മണിക്ക് മുമ്പ് ഭക്ഷണം കഴിക്കുകയും പത്തുമണിക്ക് ശേഷം ഉറങ്ങുകയും ചെയ്താല്‍ നന്നായി ഉറങ്ങാന്‍ സാധിക്കും. ആരോഗ്യകരമായി ശരീരത്തിനും മനസിന് കൂടുതല്‍ ഉന്മേഷം ലഭിക്കുന്നതിനും ഇത് സഹായകരമാണ്.

3, ഹൃദയാരോഗ്യം മെച്ചപ്പെടും

പ്രമേഹം, തൈറോയ്ഡ്, രക്തസമ്മര്‍ദ്ദം, പിസിഒഡി, കാര്‍ഡിയോവാസ്‌കുലാര്‍ പ്രശ്നങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് രാത്രിയിലെ ഭക്ഷണം നേരത്തെ കഴിക്കുന്നത്. സാധാരണഗതിയില്‍ സോഡിയം അമിതമായുള്ള ഭക്ഷണക്രമമാണ് ഇന്ത്യക്കാരുടേത്. പപ്പടം, അച്ചാറ്, പരിപ്പുകറി, പച്ചക്കറികള്‍, ഇറച്ചി എന്നിയൊക്കെ സോഡിയം അമിതമായ അളവിലുള്ളതാണ്. ഇത് ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതിനും, രക്തസമ്മര്‍ദ്ദം ഉയരുന്നതിനും കാരണമാകും. ഉറങ്ങുന്നതിന് മുമ്പ് ഇത്തരം ഭക്ഷണം കഴിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കും. കാര്‍ഡിയോ വാസ്‌കുലാര്‍ ഡീസിസ് പോലെയുള്ള ഗുരുതരമായ ഹൃദ്രോഗത്തിനും ഇത് കാരണമാകും. അതുകൊണ്ടുതന്നെ ലളിതമായ ഭക്ഷണം രാത്രി ഏഴു മണിക്ക് മുമ്പ് കഴിക്കുന്നത് ഏറ്റവും അനുയോജ്യം.