തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. തക്കാളി കഴിക്കുന്നത് കൊണ്ട്  പല ഗുണങ്ങളുമുണ്ട്. പ്രത്യേകിച്ചും പുരുഷൻമാര്‍ കഴിച്ചാല്‍. പുരുഷൻമാർ ദിവസവും രണ്ട് തക്കാളി വീതം കഴിക്കുന്നത് പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ തടയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. തക്കാളികൾക്ക് അതിന്റെ നിറം നൽകുന്നതിന് സഹായിക്കുന്ന ലൈക്കോപ്പീൻ എന്ന ചുവന്ന വർണ വസ്തു പ്രോസ്റ്റേറ്റ് സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാണ്.

പുരുഷന്‍മാര്‍ പൊതുവേ രോഗനിര്‍ണയം നടത്തുന്നതില്‍ പുറകോട്ടാണ്. പുരുഷന്‍റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രാശയത്തിന് തൊട്ട് താഴെയുള്ള മൂത്രനാളത്തിന് ചുറ്റുമായാണ് പ്രോസ്റ്റേറ്റിന്റെ സ്ഥാനം. ചില സമയങ്ങളിൽ ഈ ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് തക്കാളി. 

ലക്ഷണങ്ങൾ:

1. മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടുകൾ കണ്ടു തുടങ്ങും

2. മൂത്രാശയ പ്രശ്നങ്ങൾ വർധിക്കുന്നു

3. ദോഷകരമായ രീതിയിൽ പ്രോസ്റ്റേറ്റിനുണ്ടാകുന്ന വീക്കം, അണുബാധ 

4. കൂടുതല്‍ തവണ മൂത്രമൊഴിക്കണമെന്ന് തോന്നുക

5. മൂത്രം വരാന്‍ താമസം

6. മൂത്രം പിടിച്ച് നിര്‍ത്താന്‍ കഴിയാതെ വരിക

7. മൂത്രം ഇറ്റ് വീഴുക

8. മൂത്രമൊഴിക്കുമ്പോള്‍ ശക്തികുറഞ്ഞ് പോവുക

9. മൂത്രമൊഴിക്കുമ്പോള്‍ അസഹ്യ വേദന

10. മൂത്രം പൂര്‍ണമായും ഒഴിയാത്തപോലെ തോന്നുക തുടങ്ങിയവ കാണാറുണ്ട്


സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം. പുരുഷന്മാരില്‍ കാന്‍സര്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരവയവവുമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. 

എന്താണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ ?

ഭൂരിഭാഗം പ്രോസ്റ്റേറ്റ് കാന്‍സറും 65 വയസ്സ് പിന്നിട്ടവരിലാണ്  കാണുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യതയും കൂടുന്നു. 
കൊഴുപ്പ് കൂടിയ ഭക്ഷണശീലങ്ങളും, ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഈ അര്‍ബുദത്തിന് വഴിയൊരുക്കുന്ന മറ്റ് ഘടകങ്ങളാണ്. ക്യാന്‍സര്‍ പ്രോസ്റ്റേറ്റിനുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മറ്റവയവങ്ങളിലേക്ക് പടര്‍ന്ന് പെരുകുമ്പോള്‍ കൂടുതല്‍ അപകടകാരി ആയി മാറുന്നു.

പ്രധാന ലക്ഷണങ്ങള്‍

മിക്കവരിലും പ്രോസ്​റ്റേറ്റ്​ കാന്‍സറി​ന്‍റെ ആരംഭദശയില്‍ ലക്ഷണങ്ങളൊന്നും പുറത്തുകാണാറില്ല. ഇടക്കിടെയുള്ള മൂത്രമൊഴിക്കൽ പ്രവണത, അമിതമായി മൂത്രമൊഴിക്കാന്‍ തോന്നൽ, രക്തംകലര്‍ന്ന മൂത്രവിസര്‍ജനം, മൂത്രതടസം, രക്തംകലര്‍ന്ന ബീജവിസര്‍ജനം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം. ഗ്രന്ഥിവീക്കത്തി​ന്‍റെയും പ്രോസ്​റ്റേറ്റ് കാന്‍സറിന്‍റെയും ലക്ഷണങ്ങള്‍ പലതും ഒന്നുതന്നെയായതിനാല്‍ രോഗനിര്‍ണയം പലപ്പോഴും വൈകാറുണ്ട്.

ഗ്രന്ഥിക്കകത്ത് ഒതുങ്ങിനില്‍ക്കുന്നവ, ഗ്രന്ഥിക്കുചുറ്റുമായി ഒതുങ്ങിനില്‍ക്കുന്നവ, പുറത്തേക്ക്​ വ്യാപിച്ചവ എന്നിങ്ങനെ പ്രോസ്​റ്റേറ്റ്​ കാന്‍സറിനെ മൂന്നായി തിരിച്ചിട്ടുണ്ട്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മറ്റ് അര്‍ബുദങ്ങള്‍പോലെതന്നെ ലിംഫ്നോഡുകള്‍, കരള്‍, തലച്ചോറ്, എല്ലുകള്‍, ശ്വാസകോശം, വന്‍കുടല്‍ എന്നീ അവയവങ്ങളെയെല്ലാം ബാധിക്കാറുണ്ട്. പ്രാരംഭദശയില്‍തന്നെ കണ്ടെത്തി മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിലൂടെ പ്രോസ്​റ്റേറ്റ് കാന്‍സര്‍മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറയ്ക്കാനായിട്ടുണ്ട്. 

ചിലയിനം പ്രോസ്റ്റേറ്റ് കാന്‍സര്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ നിലനില്‍ക്കാം. ഭൂരിഭാഗം പ്രോസ്റ്റേറ്റ് കാന്‍സറും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത്  വരുന്നതിനാല്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. 


രോഗനിർണയം എങ്ങനെ? 

വളരെ സാവധാനത്തില്‍ വളരുന്ന സ്വഭാവമുള്ള ഈ കാന്‍സര്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ വളരെ പെട്ടെന്നു വളരുകയും ശരീരത്തി​ന്‍റെ മറ്റ് ഭാഗങ്ങളിലേക്കു വ്യാപിച്ച് മാരകമായി തീരുകയും ചെയ്യുന്നു. എന്നാല്‍, രോഗിയെ ഉടന്‍ ചികിത്സയ്‌ക്കു വിധേയനാക്കാന്‍ സാധിച്ചാല്‍ രോഗി സുഖം പ്രാപിക്കും. പ്രോസ്റ്റേറ്റ് കാന്‍സര്‍ ഗുരുതരമായ രോഗമാണെങ്കിലും മികച്ച സംവിധാനങ്ങളുടെ സഹായത്താല്‍ ഒരു വിദഗ്ദ്ധ ഡോക്ടർക്ക്​ ചികിത്സിച്ചു നിയന്ത്രണ വിധേയമാക്കാവുന്നതാണ്. എന്നാല്‍, എല്ലാ രോഗികള്‍ക്കും ഒരു പോലെയല്ല ചികിത്സ എന്നതു മറ്റൊരു വസ്തുതയാണ്.
പ്രോസ്​റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളില്‍ നിന്നാണ് പ്രോസ്​റ്റേറ്റ്​ കാന്‍സര്‍ വളരുന്നത്.

പ്രോസ്​റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളിലുണ്ടാകുന്ന മുഴയുടെ രുപത്തിലുള്ള കാന്‍സര്‍ വളര്‍ച്ചയാണ് പ്രോസ്​റ്റേറ്റ് കാന്‍സര്‍. മറ്റു കാന്‍സറുകളെ അപേക്ഷിച്ച്, ഇവയുടെ വളര്‍ച്ച വളരെ പതുക്കെയാണ്. പ്രോസ്റ്റേറ്റ്​ ഗ്രന്ഥിക്ക് പുറത്തേക്ക് കാന്‍സര്‍ വളര്‍ച്ച വ്യാപിച്ചിട്ടില്ലെങ്കില്‍ രോഗി അഞ്ചു വര്‍ഷത്തിനുമേല്‍ ജീവിച്ചിരിക്കും. എന്നാല്‍, പുറത്തേക്കു വ്യാപിക്കുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്താല്‍ രോഗി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മരണപ്പെട്ടിരിക്കും. സാധാരണ രക്​തമെടുത്ത്​ നടത്തുന്ന പ്രോസ്​റ്റേറ്റ്​ സ്​പെസിഫിക്​ ആൻറിജൻ (പി.എസ്​.എ) പരിശോധനയാണ്​  രോഗനിർണയത്തിനായി നടത്തുന്നത്​. ഇത്​ 50 വയസ്​ മുതൽ നടത്തുന്നത്​ നല്ലതാണ്​. പി.എസ്​.എയുടെ അളവ്​ നിശ്​ചിത അളവിലും കൂടുതലാണെങ്കിൽ മറ്റ്​ രോഗനിർണയ ഉപാധികൾ സ്വീകരിക്കണം.  

ചികിത്സാരീതികൾ: 

പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള വിവിധതരം ചികിത്സാ രീതികള്‍ നിലവിലുണ്ട്​. രോഗിയുടെ ആരോഗ്യവും രോഗാവസ്​ഥയും വിലയിരുത്തി വിദഗ്​ദ ഡോക്​ടർ ആണ്​ ചികിത്സ നിർദേശിക്കുക. സാധാരണ സ്വീകരിക്കുന്ന ചികിത്സാരീതികൾ: 

* റേഡിയേഷന്‍ തെറാപ്പി
* ഹോര്‍മോണ്‍ തെറാപ്പി
* പ്രോസ്റ്റേറ്റക്ടമി സര്‍ജറി
* കീമോതെറാപ്പി

ആധുനിക കാലഘട്ടത്തില്‍ മേല്‍പ്പറഞ്ഞ ചികിത്സാരീതികള്‍ കാന്‍സര്‍ രോഗ നിവാരണത്തിനു നല്‍കുന്നതാണ്. പ്രോസ്​റ്റേറ്റ് കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കില്ലെന്ന തെറ്റായ ധാരണയാണ് പല രോഗികളിലും നിലനില്‍ക്കുന്നത്. രോഗത്തിന്‍റെ കൃത്യമായ ലക്ഷണങ്ങള്‍ കാന്‍സര്‍ ചികിത്സകരുമായി ചര്‍ച്ച ചെയ്ത് ഏറ്റവും ഉചിതമായ തീരുമാനങ്ങളെടുത്താല്‍ മെച്ചപ്പെട്ട ചികിത്സയും മികച്ച ജീവിത നിലവാരവും രോഗികള്‍ക്ക് ലഭിക്കും.