Asianet News MalayalamAsianet News Malayalam

പകല്‍ അമിതമായി ഉറങ്ങുന്നവര്‍ സൂക്ഷിക്കുക! പതിയിരിക്കുന്ന അപകടം അറിയുക

രാത്രി കൃത്യമായി ഉറക്കം ലഭിക്കാത്തതാണത്രേ, ക്രമേണ അമിതമായ പകലുറക്കത്തിലേക്ക് നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബീറ്റ അമിലോയ്ഡ് ഉത്പാദിപ്പിക്കപ്പെടുന്നത്

excessive sleep at day time may cause alzheimer's says study
Author
Trivandrum, First Published Sep 8, 2018, 5:38 PM IST

പകലുറക്കം പതിവാക്കിയ ധാരാളം ആളുകളുണ്ട്. ശീലത്തിന്റെ ഭാഗമായി പകല്‍ നേരങ്ങളില്‍ ഒന്ന് മയങ്ങുന്നതിലധികം പകലുറക്കത്തോട് ആസക്തിയുണ്ടെങ്കില്‍ കരുതുക, പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമൊപ്പം വലിയൊരു അപകടത്തിനുള്ള സാധ്യത കൂടി നിങ്ങളില്‍ ഉറക്കിക്കിടപ്പുണ്ട്. 

യുഎസില്‍ അസിസ്റ്റന്റ് പ്രൊഫസറായി പ്രവര്‍ത്തിക്കുന്ന ആദം.പി. സ്‌പൈറ തന്റെ ദീര്‍ഘനാള്‍ നീണ്ട പഠനത്തിനൊടുവിലാണ് അമിതമായ പകലുറക്കത്തിന്റെ പ്രത്യാഘാതം എന്തെന്ന് കണ്ടെത്തിയത്. പകല്‍ നേരങ്ങളില്‍ അമിതമായി ഉറങ്ങുന്നത് ബീറ്റ അമിലോയിഡ് എന്ന ബ്രെയ്ന്‍ പ്രോട്ടീന്‍ ശരീരത്തിനകത്ത് ഉത്പാദിപ്പിക്കപ്പെടാന്‍ സാധ്യതയൊരുക്കുന്നു. ഈ പ്രോട്ടീന്‍ പിന്നീട് മറവിരോഗത്തിന് കാരണമാകുന്നു. അല്ലെങ്കില്‍ മറവിരോഗമുള്ളവരിലാണ് ബീറ്റ അമിലോയ്ഡ് സാധാരണഗതിയില്‍ കാണുന്നത്. 

വെറും മറവിരോഗമല്ല, അല്‍ഷിമേഴ്‌സിനാണ് ഇത് കാരണമാകുകയെന്നാണ് ആദം സ്ഥാപിക്കുന്നത്. അതായത് രാത്രി കൃത്യമായി ഉറക്കം ലഭിക്കാത്തതാണത്രേ, ക്രമേണ അമിതമായ പകലുറക്കത്തിലേക്ക് നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബീറ്റ അമിലോയ്ഡ് ഉത്പാദിപ്പിക്കപ്പെടുന്നത്. 

16 വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിലാണ് ആദം ഈ നിഗമനത്തിലെത്തിയത്. നേരത്തേ ഈ വിഷയത്തില്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണവും ഇതേ സാധ്യതയാണ് ചൂണ്ടിക്കാണിച്ചത്. പകല്‍ അമിതമായി ഉറങ്ങാത്തവരെ അപേക്ഷിച്ച് ഉറങ്ങുന്നവരില്‍ അല്‍ഷിമേഴ്‌സിനുള്ള സാധ്യത മൂന്നിരട്ടിയാണത്രേ. 

രാത്രിയില്‍ ഉറക്കം കൃത്യമാണെന്ന് ഉറപ്പുവരുത്തുകയാണ് ഇതിനുള്ള പ്രധാന പോംവഴിയെന്നും, മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാല്‍ ഉറക്കം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഡോക്ടറുടെ സഹായത്തോടെ ശ്രമിക്കണമെന്നും പഠനത്തില്‍ പങ്കെടുത്ത ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. അല്‍ഷിമേഴ്‌സിന് ചികിത്സയില്ലാത്തതിനാല്‍ തന്നെ അത് വരാതിരിക്കാനുള്ള കരുതലുകള്‍ക്ക് അത്രയും പ്രാധാന്യമുണ്ടെന്ന്  കൂടി ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios