Asianet News MalayalamAsianet News Malayalam

സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ വേണ്ടെങ്കിലോ!

ഡോക്ടറുടെ കണ്ണും കാതും മനസ്സും കൈകളും ഒരുപോലെ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ അമ്മയേയും കുഞ്ഞിനേയും ജീവനോടെ കിട്ടൂ. എന്നാല്‍ ഇതിന് ഡോക്ടര്‍മാര്‍ ആവശ്യമില്ലെങ്കിലോ! അതെ, ഇതിനൊന്നും ഇനി ഡോക്ടര്‍മാരെ കാത്തുനില്‍ക്കേണ്ടെന്നാണ് യു.കെയിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലെ ഒരു കൂട്ടം വിദഗ്ധര്‍ പറയുന്നത്
 

experts says that robots will do caesarian soon
Author
UK, First Published Dec 10, 2018, 4:59 PM IST

സുഖപ്രസവത്തിന് എന്തെങ്കിലും തരത്തിലുള്ള തടസം നേരിടുമ്പോഴാണല്ലോ അത് സിസേറിയനിലേക്ക് തിരിയുന്നത്. സുഖപ്രസവം പോലല്ല സിസേറിയനെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു ഡോക്ടറുടെ കണ്ണും കാതും മനസ്സും കൈകളും ഒരുപോലെ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ അമ്മയേയും കുഞ്ഞിനേയും ജീവനോടെ കിട്ടൂ. എന്നാല്‍ ഇതിന് ഡോക്ടര്‍മാര്‍ ആവശ്യമില്ലെങ്കിലോ!

അതെ, ഇതിനൊന്നും ഇനി ഡോക്ടര്‍മാരെ കാത്തുനില്‍ക്കേണ്ടെന്നാണ് യു.കെയിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലെ ഒരു കൂട്ടം വിദഗ്ധര്‍ പറയുന്നത്. വൈകാതെ ഇതെല്ലാം റോബോട്ടുകള്‍ ചെയ്‌തോളുമെന്നാണ് ഇവരുടെ വാദം. അഞ്ച് വര്‍ഷം മാത്രമാണ് ഈ മാറ്റത്തിനായി ഇവര്‍ കണക്കാക്കുന്നത്. 

സിസേറിയന്‍ മാത്രമല്ല ക്യാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍- തുടങ്ങിയവയ്ക്കുള്ള ശസ്ത്രക്രിയകളും റോബോട്ടുകള്‍ നടത്തുന്ന കാലം വിദൂരമല്ലത്രേ. വിദഗ്ധരായ ടെക്‌നീഷ്യന്‍സായിരിക്കും റോബോട്ടുകളെ നിയന്ത്രിക്കുക. ഇവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും റോബോട്ടുകളുടെ പ്രവര്‍ത്തനം. 

അങ്ങനെയാകുമ്പോള്‍ ഓപ്പറേഷന്‍ തീയറ്ററിനകത്ത് ഡോക്ടര്‍മാരുടെ സാന്നിധ്യം വേണമെന്നേ നിര്‍ബന്ധമില്ലാതാകും. റോബോട്ടുകളുടെ 'ഓപ്പറേഷന്‍ സിസ്റ്റം' എവിടെയാണോ അവിടെയായിരിക്കും ഡോക്ടര്‍മാരുടെയും സ്ഥാനം. പ്രത്യേകം പരിശീലനം നേടിയ ടെക്‌നീഷ്യന്മാരും ഡോക്ടര്‍മാരും അവിടെയിരുന്ന് റോബോട്ടുകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. 

മനുഷ്യന്‍ നേരിട്ട് ചെയ്യുന്നതിനെക്കാള്‍ കൃത്യമായിരിക്കും റോബോട്ടുകളുടെ പ്രവര്‍ത്തനമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നത് മനസ്സിലാക്കുന്നുവെന്നും ഇവര്‍ പറയുന്നു. 2015ല്‍ ന്യൂകാസ്റ്റിലില്‍ റോബോട്ട് നടത്തിയ ഹൃദയ ശസ്ത്രക്രിയക്കിടെ 69കാരന്‍ മരിച്ചത് അന്ന് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. എങ്കിലും റോബോ സര്‍ജന്‍മാരുടെ കാലം വരണമെന്ന് തന്നെയാണ് ഇവരുടെ ആഗ്രഹം. 

Follow Us:
Download App:
  • android
  • ios