Asianet News MalayalamAsianet News Malayalam

ആദ്യത്തെ ആർത്തവത്തെ ഭയപ്പെടരുത്; ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക

  • ആർത്തവത്തെപ്പറ്റി ആദ്യം മനസ്സിലാക്കേണ്ട കാര്യം അത് വളർച്ചയുടെ ഒരു ഘട്ടമാണ് എന്നുള്ളതാണ്. അതിൽ ആശങ്കപെടേണ്ട ആവശ്യമില്ല. അത് ഒരിക്കലും സാധാരണ ജീവിതത്തിനു ഒരു തടസ്സമല്ല. ഗർഭപാത്രത്തിൽ നിന്നും രക്തം പുറത്തേക്ക് ഒഴുകുന്നതിനെയാണ് ആർത്തവം എന്നു പറയുന്നത്.
first period; what you need to know
Author
Trivandrum, First Published Aug 28, 2018, 8:43 AM IST

ആദ്യത്തെ ആർത്തവം എല്ലാ പെൺകുട്ടികളെയും ഭയപ്പെടുത്തുന്ന ഒന്നു തന്നെയാണ്. അമ്മമാർ തന്നെയാണ് ആ പേടി മാറ്റിയെടുക്കേണ്ടതും. അമ്മമാർ പെൺകുട്ടികളോട് ആർത്തവത്തെപ്പറ്റി തുറന്ന് സംസാരിക്കാൻ തയ്യാറാവുകയാണ് വേണ്ടത്. ആർത്തവത്തെപ്പറ്റി ആദ്യം മനസ്സിലാക്കേണ്ട കാര്യം അത് വളർച്ചയുടെ ഒരു ഘട്ടമാണ് എന്നുള്ളതാണ്. അതിൽ ആശങ്കപെടേണ്ട ആവശ്യമില്ല. അത് ഒരിക്കലും സാധാരണ ജീവിതത്തിനു ഒരു തടസ്സമല്ല. ഗർഭപാത്രത്തിൽ നിന്നും രക്തം പുറത്തേക്ക് ഒഴുകുന്നതിനെയാണ് ആർത്തവം എന്നു പറയുന്നത്. ഇതിൽ ഭയപ്പെടാനായി ഒന്നുമില്ലെന്നു ആദ്യമെ തിരിച്ചറിയുക. അത് വളർച്ചയുടെ ഒരു ഭാഗം മാത്രം. 

ഒരു കുഞ്ഞിനെ ഗർഭം ധരിച്ചു പ്രസവിക്കാൻ പെൺകുഞ്ഞിനെ പ്രാപ്തയാക്കുകയാണ് ആർത്തവത്തിലൂടെ പ്രകൃതി ചെയ്യുന്നത്. അതുകൊണ്ട് തീർച്ചയായും ഇതിൽ സന്തോഷിക്കുകയാണ് വേണ്ടത്. മാസത്തിലൊരിക്കൽ ഉണ്ടാവുന്ന ഒന്നാണ് ആർത്തവമെന്ന് മിക്ക സ്ത്രീകൾക്കും അറിയാം. ആദ്യത്തെ കുറച്ച് നാൾ ആർത്തവം ക്രമം തെറ്റിയായിരിക്കും വരുന്നത്. ചിലപ്പോൾ നേരത്തെയാകാം. ചിലപ്പോൾ വൈകി വരാം. ആദ്യ നാളുകളിൽ രക്തസ്രാവം ചിലപ്പോൾ തീരെ കുറവായിരിക്കും. 

ആർത്തവം ക്രമവും കൃത്യവുമാകാൻ കുറച്ച് മാസങ്ങളോ ചിലപ്പോൾ ഒന്നോ രണ്ടോ വർഷം തന്നെയോ എടുത്തേക്കാം. അതിൽ ഭയപ്പെടാൻ ഒന്നുമില്ല. ആർത്തവം വരുന്ന തീയതി കൃത്യമായി ഡയറിയിൽ കുറിച്ചിടാൻ ശ്രദ്ധിക്കുക . ആദ്യത്തെ ആർത്തവം വരുന്നതിനു മുൻപ് ശരീരത്തിൽ പ്രകടമായ വ്യത്യാസം ഉണ്ടാകുന്നു. അരക്കെട്ടിനു വലിപ്പം വെക്കുന്നു. സ്തനങ്ങൾ വലുതാകാൻ തുടങ്ങുന്നു. കക്ഷത്തിലും യോനിയിലും രോമങ്ങൾ വളരും. ശരീരത്തിൽ മൊത്തമായി മാറ്റങ്ങൾ ഉണ്ടാകുന്നു. ആദ്യമായി ആർത്തവം ഉണ്ടായാൽ ഒട്ടും പരിഭ്രമിക്കാതെ അമ്മയോടൊ മുതിർന്ന സഹോദരിയോടൊ കാര്യം പറയുക.

 സ്കൂളിൽ വെച്ചാണെങ്കിൽ ക്ലാസ്സ് ടീച്ചറോടോ മറ്റ് സുഹൃത്തുക്കളോടോ പറയാം. ഉടനെ ഉപയോഗിക്കേണ്ട സാനിറ്ററി പാഡുകൾ അവർ എത്തിച്ചു തരും. സാധാരണ ആർത്തവം ഏകദേശം ഏഴു ദിവസത്തോളം നീണ്ടു നിൽക്കാം. അതിൽ കൂടുതൽ ദിവസം അത് നീണ്ടു നിന്നാൽ തീർച്ചയായും അമ്മയോടോ വീട്ടിലെ മുതിർന്നവർ ആരോടെങ്കിലുമോ വിവരം പറയണം. ആർത്തവത്തോടടുപ്പിച്ച് പലർക്കും മുഖത്ത് മുഖക്കുരുക്കൾ പ്രത്യക്ഷപ്പെടാറുണ്ട്. എങ്കിലും വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമെ ഇതൊക്കെ അറിയാൻ സാധിക്കൂ.ആർത്തവം നാണിക്കേണ്ട ഒന്നല്ലെന്ന് പെൺകുട്ടികൾ മനസിലാക്കുകയാണ് വേണ്ടത്.  
 

Follow Us:
Download App:
  • android
  • ios