നോമ്പ് കാലമാണ് വരുന്നത്. ഭക്ഷണവൈവിധ്യമാണ് നോമ്പുതുറകളെ സമ്പന്നമാക്കുന്നത്. ഇവിടെയിതാ, രുചിയൂറും മീന്‍ അച്ചാര്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ചാള/മത്തി അല്ലെങ്കില്‍ അയല മീന്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാറിനെക്കുറിച്ചാണ് പറയുന്നത്.
ചേരുവകള്‍
അയല അല്ലെങ്കില്‍ ചാള(മലബാറില്‍ മത്തി) - അയല ആണെങ്കില്‍ ഇടത്തരം വലുപ്പമുള്ള മൂന്ന് എണ്ണം. മത്തി ആണെങ്കില്‍ 5 എണ്ണം.(ചാള മീന്‍ ചെറുതാണെങ്കില്‍ കഷ്ണമായി മുറിക്കേണ്ടതില്ല)
പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ അവരവരുടെ ഇഷ്‌ടത്തിനെടുത്ത് ചെറുതായി മുറിച്ചെടുക്കുക.
തയ്യാറാക്കുന്നവിധം
മീന്‍ വൃത്തിയാക്കി റൗണ്ട് ആകൃതിയില്‍ കട്ട് ചെയ്യുക(മുള്ള് ഒഴിവാക്കരുത്)
അതിലേക്ക് മുളക് പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഉപ്പ്, വിനാഗിരി എന്നിവ ചേര്‍ത്ത് 20 മിനിട്ട് അടച്ചുവെക്കുക.
അതിനുശേഷം അത് ഡീപ് ഫ്രൈ ചെയ്തു മാറ്റിവെക്കുക.
ഫിഷ് ഫ്രൈ ചെയ്ത എണ്ണ കുറച്ചെടുത്ത് കടുക്, ഉലുവ എന്നിവ പൊട്ടിച്ചിട്ട്, അരിഞ്ഞ് വച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്കൊപ്പം കറിവേപ്പില എന്നിവ ചേര്‍ത്ത് ചൂടാക്കണം. അതിനുശേഷം എരിവിന് അനുസരിച്ച് മുളക് പൊടിയും അല്‍പ്പം ഉലുവപ്പൊടി, അല്‍പ്പം കായപ്പൊടി (മറ്റ് അച്ചാറുകള്‍ക്ക് ഇടുന്ന അളവില്‍ ഇടരുത്) എന്നിവ ഇടണം. പച്ചമണം മാറിയാല്‍ ഫ്രൈ ചെയ്ത മീന്‍, അല്‍പ്പം വിനാഗിരി കൂടി ഒഴിച്ച് ഇളക്കണം.
തിളച്ച് വന്നാല്‍ ഫ്രൈ ചെയ്ത എണ്ണ ബാക്കി ഉണ്ടെങ്കില്‍ അതും കൂടി ഒഴിച്ച്, തണുത്തിട്ട് വായു കടക്കാത്തവിധം ബോട്ടിലില്‍ ആക്കി അടച്ചുവെക്കാം.
ഒട്ടും വെള്ളം ചേര്‍ക്കാന്‍ പാടില്ല. പിന്നീട് ഉപയോഗിക്കാനായി എടുക്കുമ്പോള്‍ നനവ് ഒട്ടുമില്ലാത്ത സ്പൂണ്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
കഴിവതും ഫ്രിഡ്ജില്‍ വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
തയ്യാറാക്കിയത്- ദീപ പാര്‍വ്വതി
കടപ്പാട്- ഫുഡ് ഓണ്‍ സ്‌ട്രീറ്റ്സ് ഫേസ്ബുക്ക് ഗ്രൂപ്പ്
