ലോകത്ത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരില്‍ 60 ശതമാനവും ഇന്ത്യയിലാണെന്ന് ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി.

തിരുവനന്തപുരം: ലോകത്ത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരില്‍ 60 ശതമാനവും ഇന്ത്യയിലാണെന്ന് ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ദേശീയ പ്രസിഡന്‍റ് ഡോ എന്‍. എന്‍ ഖന്ന ആണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്ററിന്‍റെ വാര്‍ഷിക സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്ത് 40 ശതമാനം പേര്‍ക്ക് രക്താതിസമ്മര്‍ദം ഉണ്ട്. മൂന്നില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ അമിത കൊളസ്ട്രോള്‍ വ്യാപിച്ചിരിക്കുന്നു. ജീവിതശൈലി കൊണ്ടാണ് ഇത്തരം അസുഖങ്ങള്‍ വരുന്നത്. ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്ന ശാരീരികാവസ്ഥകളും ജീവിതശൈലിയും തുടരുന്ന സാഹചര്യമാണ് രാജ്യത്തുളളത്. ഈ കാരണങ്ങളെ കൃത്യതയോടെ നേരിടണമെന്നും ഖന്ന പറഞ്ഞു. 

സാധാരണയായി അധികമാര്‍ക്കും അറിയാത്ത ഹൃദ്രോഗ ലക്ഷണങ്ങള്‍ നോക്കാം..

തോള്‍ വേദന..

തോളില്‍ നിന്ന് കൈകളിലേക്ക് വ്യാപിക്കുന്ന വേദന ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. സാധാരണയായി ഇടംകൈയിലായിരിക്കും ഈ വേദന അനുഭവപ്പെടുക.

തലകറക്കം..

മസ്‌തിഷ്‌ക്കത്തിലേക്കുള്ള രക്തയോട്ടം കുറയുമ്പോള്‍ തലകറക്കമുണ്ടാകാം. ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടാകുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്.

ക്ഷീണവും തളര്‍ച്ചയും..

പടി കയറുമ്പോഴും നടക്കുമ്പോഴും കിതപ്പും ക്ഷീണവും അനുഭവപ്പെടുന്നുവെങ്കില്‍ അത് നിസാരമായി കാണരുത്. ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങളില്‍ പ്രധാനമാണിത്.

കൂര്‍ക്കംവലി..

ഉറങ്ങുമ്പോള്‍ കാര്യക്ഷമമായി ശ്വാസോച്ഛാസം നടത്താനാകാതെ വരുന്നത് ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദമേറുന്നതുകൊണ്ടാണ്.

സ്ഥിരമായുള്ള ചുമ..

ചുമ പലപ്പോഴും അധികമാരും കാര്യമാക്കാറില്ല. എന്നാല്‍ നിര്‍ത്താതെയുള്ള ചുമ ഹൃദ്രോഗത്തിന്‍റെ ലക്ഷണമായിരിക്കാം. ചുമയ്‌ക്കൊപ്പം, മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള കഫം വരുകയാണെങ്കില്‍ ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികതയുള്ളതായി സംശയിക്കേണ്ടിവരും. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടാകുന്നതുകൊണ്ടാകാം പിങ്ക് നിറത്തിലുള്ള കഫം വരുന്നത്.

കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട്..

ഹൃദയം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍, കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ട് വരാം. ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാതെ വരുമ്പോഴാണ് കാല്‍പ്പാദത്തില്‍ നീര് വരുന്നത്.

ഹൃദ്രോ​ഗികൾ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

1. ഉപ്പ്- ഹൃദ്രോഗമുള്ളവർ ഉപ്പ് പൂർണമായും ഒഴിവാക്കുക. ഉപ്പ് കൂടുതൽ കഴിച്ചാൽ ബിപി കൂടാൻ സാധ്യത കൂടുതലാണ്. അത് ഹൃദയത്തെ കൂടുതൽ ബാധിക്കും. 

2. പിസ,സാൻവിച്ച്,ബർ​ഗർ - പിസ,സാൻവിച്ച്,ബർ​ഗർ, ചീസ് പോലുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. ‌ഇവ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. 

3. സോഫ്റ്റ് ഡ്രിങ്ക്സ് - എല്ലാതരം സോഫ്റ്റ് ഡ്രിങ്ക്സുകളും ഒഴിവാക്കുക. സോഫ്റ്റ് ഡ്രിങ്ക്സ് കുടിച്ചാൽ തടി വയ്ക്കാനും, ബിപി കൂട്ടാനും, ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനും സാധ്യതയേറെയാണ്. 

4. റെഡ് മീറ്റ് -ഹൃദ്രോ​ഗമുള്ളവർ റെഡ് മീറ്റ് കഴിക്കാതിരിക്കുക. റെഡ് മീറ്റ് കഴിച്ചാൽ ചീത്ത കൊളസ്ട്രോളിന് കാരണമാവുകയും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുകയും ചെയ്യും. 

5. വെണ്ണ - വെണ്ണ അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. വെണ്ണ കഴിക്കുന്നതിലൂടെ കൊഴുപ്പ് കൂടാൻ സാധ്യത കൂടുതലാണ്. 

6. വറുത്ത ഭക്ഷണങ്ങൾ- എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. വയറ്റില്‍ പെപ്റ്റിക് അള്‍സര്‍ ഉണ്ടാകാനും വറുത്ത ഭക്ഷണങ്ങള്‍ കാരണമാകാം. പൈലോറി എന്ന ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നത്. വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അസിഡിറ്റി ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

7. മദ്യപാനം- ഹൃദ്രോ​ഗമുള്ളവർ മദ്യപാനം പൂർണമായും ഒഴിവാക്കുക. മദ്യപിക്കുന്നതിലൂടെ രക്തസമ്മർദ്ദം കൂടാൻ സാധ്യത കൂടുതലാണ്. 

8. പ്രോസസ്ഡ് മീറ്റ് - ഹൃദ്രോ​ഗമുള്ളവർ പ്രോസസ്ഡ് മീറ്റ് പൂർണമായും ഒഴിവാക്കുക. ഹോട്ട് ഡോഗ് ഉൾപ്പെടെയുള്ള പ്രോസസ് ചെയ്ത ഇറച്ചി വിഭവങ്ങൾ കഴിക്കുന്നവരിൽ ഇവയിലെ നൈട്രേറ്റുകൾ അവരുടെ വയറിലെ ബാക്ടീരിയകളിൽ മാറ്റം വരുത്തുക മൂലം മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ബേക്കൺ, ഹാം, ഹോട്ട് ഡോഗ് , സോസേജ്, സലാമി, ബീഫ് ജെർക്കി, കാൻഡ് മീറ്റ്, ഇറച്ചി ഉപയോഗിച്ച് ഉണ്ടാക്കുന്ന ചില സോസുകൾ ഇവയെല്ലാം പ്രോസസ് ചെയ്ത ഇറച്ചി വിഭവങ്ങളാണ്.