അമിതമായ മധുര ചേരുവകളുള്ള ബേബി ഫുഡ് ശീലിക്കുന്നത് കുട്ടികൾക്ക് ചോറിനോടും പച്ചക്കറികളോടും താൽപര്യക്കുറവ് തോന്നനിടയുണ്ടെന്ന് പഠനം. ഗ്ലാസ്‌ഗോ സർവകലാശാലയിൽ നടന്ന പഠനത്തിന്റെ ഈ കണ്ടെത്തൽ. മുന്നൂറോളം ബ്രാൻഡഡ് ബേബി ഫുഡിലെ ചേരുവകളാണ് വിശകലനം ചെയ്തത്. ഇവയിൽ ഭൂരിപക്ഷവും കൃത്രിമമായി സംസ്കരിച്ച മധുരച്ചേരുവകളാണ് ആവശ്യത്തിലധികം ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം കൃത്രിമ രുചി ആദ്യം മുതലേ നാവിൽ ശീലിക്കുന്ന കുഞ്ഞുങ്ങൾക്ക് പിന്നീട് എരിവും ചവർപ്പും കലർന്ന പച്ചക്കറികളോടും കിഴങ്ങുകളോടും താൽപര്യം നഷ്ടപ്പെടുന്നു. ബേബി ഫുഡ് കഴിക്കുന്ന കുഞ്ഞുങ്ങൾ പിൽക്കാലത്ത് പൊണ്ണത്തടിയന്മാരായി വളരാനും സാധ്യതയുണ്ട്. കഴിവതും നേരത്തെ തന്നെ കുഞ്ഞുങ്ങളെ പ്രകൃതിദത്തവും സ്വാഭാവികവുമായ ഭക്ഷണരീതികളോടു പൊരുത്തപ്പെടുത്തുകയാണ് വേണ്ടതെന്നാണ് ഗവേഷകർ പറയുന്നു.

കുട്ടികൾക്ക് പച്ചക്കറികളും പഴങ്ങളും ശീലമാക്കൂ...

കുട്ടികളെ പച്ചക്കറി കഴിക്കാൻ ശീലിപ്പിക്കുകയാണ് പ്രധാനമായും വേണ്ടത്. പച്ചക്കറികളും പഴവർ​ഗങ്ങളും കുട്ടികൾക്ക് കൊടുക്കാതിരിക്കുമ്പോൾ നിരവധി രോ​ഗങ്ങളാകും പിടിപെടുക. കുട്ടികളെ പഴയകാല ഭക്ഷണശീലങ്ങളിലേക്ക് മാറ്റികൊണ്ടുവരേണ്ടത് അത്യാവശ്യമായിരിക്കുന്നു. പൊണ്ണത്തടി ഇല്ലാതാക്കാനും, പഠനനിലവാരം വര്‍ധിപ്പിക്കാനും പഴയ ഭക്ഷണശീലത്തിലേക്ക് മാറുന്നത് സഹായിക്കുന്നു. കുട്ടികള്‍ക്ക് പച്ചക്കറികളുടെ പ്രാധാന്യവും ഗുണവും മനസ്സിലാകും വിധം മാതാപിതാക്കള്‍ ഭക്ഷണത്തില്‍ പച്ചക്കറി വിഭവങ്ങള്‍ ഉള്‍പ്പെടുത്തണം. 

പച്ചക്കറി വാങ്ങാന്‍ പോവുമ്പോഴും ഭക്ഷണം തയ്യാറാക്കുമ്പോഴും കുട്ടികളേയും ഒപ്പം കൂട്ടാം. ഓരോ പച്ചക്കറികളുടേയും ഗുണവും എങ്ങനെ രസകരമായി പാകപ്പെടുത്താമെന്നും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം. ഓരോന്നിന്റേയും രുചിയും ഗന്ധവും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം. കുട്ടികളും പതിയെ പച്ചക്കറികളെ ഇഷ്ടപ്പെടാന്‍ തുടങ്ങിക്കോളും. 

ബീറ്റ്റൂട്ട്, കാരറ്റ്, കാബേജ്, ബീൻസ്,  ചീര പോലുള്ള പച്ചക്കറികൾ കുട്ടികൾക്ക് ധാരാളം നൽകി ശീലിപ്പിക്കുക. മധുരക്കിഴങ്ങ് വേവിച്ച് അൽപം കുരുമുളക് ചേർത്ത് കുട്ടികൾക്ക് നൽകുന്നത് വളരെ നല്ലതാണ്. അത് പോലെ തന്നെ കുട്ടികൾക്ക് ദിവസവും വെജിറ്റബിൾ സൂപ്പ് നൽകുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറെ സഹായകമാകും.