അമിതമായി വിയർക്കുന്ന നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. നന്നായി മഴ പെയ്യുമ്പോഴും ചിലര്‍ വിയര്‍ക്കാറുണ്ട്. അത് ഓരോ വ്യക്തിയുടേയും ശരീരത്തിന്റെ സ്വഭാവമനുസരിച്ചിരിക്കും. വീട്ടിൽ വെറുതെ ഇരുന്നാൽ പോലും ചിലർ വിയർക്കാറുണ്ട്. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച്  അവിടെയുള്ള അഴുക്കും അണുക്കളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ദുര്‍ഗന്ധമുണ്ടാകുന്നത്.

 വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്. അമിതമായി വിയർക്കുന്നത് തടയാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ എന്തൊക്കെയാണെന്ന് നോക്കാം...

വെള്ളം ധാരാളം കുടിക്കുക...

 വെള്ളം ധാരാളം കുടിച്ചാൽ അമിത വിയർപ്പ് ഒരു പരിധി വരെ തടയാനാകും. ദിവസവും കുറഞ്ഞത് 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. വെള്ളം കുടിക്കുന്നത് ശരീരം തണുക്കാനും സഹായിക്കും. വെള്ളരിക്ക ജ്യൂസ്, തക്കാളി ജ്യൂസ് എന്നിവ അമിത വിയർപ്പ് തടയാൻ വളരെ നല്ലതാണ്. നാരങ്ങ വെള്ളം, കരിക്കിൻ വെള്ളം എന്നിവയും അമിത വിയർപ്പ് തടയും.

 ഉരുളക്കിഴങ്ങ്  വിയർപ്പ് നാറ്റം അകറ്റും...

 ഉരുളക്കിഴങ്ങിൽ അൽക്കലിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പിഎച്ച് ലെവൽ നിയന്ത്രിക്കാൻ വളരെ നല്ലതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിൽ ആസിഡിന്റെ അളവ് വളരെ കുറവുള്ളതിനാൽ വിയർപ്പ് നാറ്റം വരാതെയിരിക്കാൻ സഹായിക്കും. വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ഉരുളക്കിഴങ്ങിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  പോഷകാരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉരുളക്കിഴങ്ങ് വളരെ നല്ലതാണ്.  

നാരങ്ങ ജ്യൂസ് കുടിക്കൂ...

സിട്രിക് ആസിഡ് ധാരാളം അടങ്ങിയ ഒന്നാണ് നാരങ്ങ. അമിതമായി വിയർക്കുന്നത് തടയാൻ നാരങ്ങ വളരെ നല്ലതാണ്. ദിവസവും ഒരു കപ്പ് നാരങ്ങ ജ്യൂസ് കുടിക്കുന്നത് അമിത വിയർപ്പ് തടയാം.  നാരങ്ങ നീരിൽ അൽപം ബേക്കിം​ഗ് സോഡ ചേർത്ത് കക്ഷത്തിൽ പുരട്ടുന്നത് വിയർപ്പുനാറ്റാം മാറാൻ സഹായിക്കും. ആഴ്ച്ചയിൽ മൂന്ന് തവണ ഇത് പുരട്ടാം.