പ്ലൈവുഡ് അല്ലെങ്കിൽ എം.ഡി.എഫ് പോലുള്ള ക്യാബിനറ്റുകൾക്ക് ഈർപ്പത്തെ പ്രതിരോധിക്കാൻ സാധിക്കില്ല.

മഴക്കാലമായാൽ പിന്നെ പലതരം പ്രതിസന്ധികളാണ് വീട്ടിൽ ഉണ്ടാകുന്നത്, പ്രത്യേകിച്ചും അടുക്കളയിൽ. ഈർപ്പം ഉണ്ടാകുന്നതാണ് മഴക്കാലത്തെ പ്രധാന പ്രശ്നം. അതിനാൽ തന്നെ നല്ല വായു സഞ്ചാരവും, ഭക്ഷണ സാധനങ്ങളുടെ സുരക്ഷയും ഉറപ്പ് വരുത്തേണ്ടതുണ്ട്. മഴ സമയത്ത് പ്രതിസന്ധികൾ മനസിലാക്കി അടുക്കളയെ സജ്ജീകരിക്കേണ്ടത് എങ്ങനെയെന്ന് അറിയാം.

വാട്ടർ റെസിസ്റ്റന്റ് ലാമിനേറ്റ്

പ്ലൈവുഡ് അല്ലെങ്കിൽ എം.ഡി.എഫ് പോലുള്ള ക്യാബിനറ്റുകൾക്ക് ഈർപ്പത്തെ പ്രതിരോധിക്കാൻ സാധിക്കില്ല. പകരം വാട്ടർ റെസിസ്റ്റന്റ് ലാമിനേറ്റുകൾ ഉപയോഗിക്കാം. ഇത് ഈർപ്പത്തെ പ്രതിരോധിക്കുകയും പൂപ്പൽ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

ഓപ്പൺ ഷെൽഫ്

സ്റ്റോറേജ് സ്‌പേസ് ഉയർത്തുകയും ഓപ്പൺ ഷെൽഫുകൾ സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ ഈർപ്പം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരുപരിധിവരെ പരിഹരിക്കാൻ സാധിക്കും. ഈർപ്പം ഉണ്ടാകുന്നത് തടയാൻ ആദ്യം വേണ്ടത് നല്ല വായു സഞ്ചാരമാണ്. മഴക്കാലത്ത് വായു പുറത്തേക്ക് പോകാതെ വരുമ്പോൾ ദുർഗന്ധവും പൂപ്പലും ഉണ്ടാകുന്നു.

വെറ്റ്, ഡ്രൈ കിച്ചൻ

സിങ്കുള്ള ഭാഗം എപ്പോഴും വെറ്റ് ആയും അല്ലാത്ത ഭാഗങ്ങൾ ഡ്രൈ ആയും കിടക്കുന്നു. ഇത് കൂട്ടിക്കലർത്താത്ത വിധത്തിൽ പാചകം ചെയ്യാൻ ശ്രദ്ധിക്കണം. മഴസമയങ്ങളിൽ പൊതുവെ വായുവിൽ ഈർപ്പം കൂടുതൽ ആയതുകൊണ്ട് തന്നെ അടുക്കള ജോലി ചെയ്യുമ്പോൾ എല്ലാ ഭാഗത്തും നനവ് ഉണ്ടാകുന്നത് ഒഴിവാക്കാം.

ചെടികൾ വളർത്താം

മഴക്കാലത്ത് അടുക്കളയിൽ ഇൻഡോർ പ്ലാന്റുകൾ വളർത്തുന്നത് നല്ലതായിരിക്കും. ഇത് ഉള്ളിലെ വായുവിനെ ശുദ്ധീകരിക്കുകയും അടുക്കളയ്ക്ക് ഭംഗി നൽകുകയും ചെയ്യുന്നു. കൂടാതെ ഈ സമയങ്ങളിൽ ചെടി നന്നായി വളരുകയും ചെയ്യും.

ധാന്യങ്ങൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം

ഈർപ്പം മൂലം ധാന്യങ്ങൾ കേടുവരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇത്തരം സാധനങ്ങൾ സൂക്ഷിക്കുന്ന രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. സാധാരണ പാത്രങ്ങൾക്ക് പകരം ഈർപ്പത്തെ ആഗിരണം ചെയ്യാത്ത വായു കടക്കാത്ത പാത്രത്തിലാക്കി ധാന്യങ്ങൾ അടച്ച് സൂക്ഷിക്കാം.