അമിതമായി ഈർപ്പം ഉണ്ടാകുമ്പോൾ അടുക്കളയിലുള്ള ഡ്രോയർ, ക്യാബിനറ്റ് തുടങ്ങിയ തടികൊണ്ടുള്ള വസ്തുക്കളിൽ പൂപ്പൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

മഴ പെയ്യുന്നത് കാണാനും ആസ്വദിക്കാനുമൊക്കെ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഗുണങ്ങൾ മാത്രമല്ല ഇതിന് ചില ദോഷങ്ങളുമുണ്ട്. അമിതമായ നനവും ഈർപ്പവും കാരണം പലതരം ബുദ്ധിമുട്ടുകളാണ് വീടിനുള്ളിൽ ഉണ്ടാവുന്നത്. മഴക്കാലത്ത് അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. 

തടികൊണ്ടുള്ള വസ്തുക്കൾ 

അമിതമായി ഈർപ്പം ഉണ്ടാകുമ്പോൾ അടുക്കളയിലുള്ള ഡ്രോയർ, ക്യാബിനറ്റ് തുടങ്ങിയ തടികൊണ്ടുള്ള വസ്തുക്കളിൽ പൂപ്പൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഈർപ്പത്തെ പ്രതിരോധിക്കുന്ന മെറ്റീരിയലുകൾ ഉപയോഗിച്ച് ഇത് നന്നായി കവർ ചെയ്ത് സൂക്ഷിക്കാം. നല്ല സുഗന്ധം ലഭിക്കുന്ന സാധനങ്ങൾ ഡ്രോയറിനുള്ളിൽ സൂക്ഷിച്ചാൽ ദുർഗന്ധം ഇല്ലാതാകുന്നു. 

വായുകടക്കാത്ത പാത്രങ്ങൾ

ബിസ്കറ്റ്, ചിപ്സ്, മസാലപ്പൊടികൾ തുടങ്ങിയ സാധനങ്ങൾ മഴക്കാലത്ത് എളുപ്പത്തിൽ കേടാവുന്നു. ഇത് തടയുന്നതിന് വായു കടക്കാത്ത പാത്രങ്ങളിലാക്കി സാധനങ്ങൾ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. പ്രാണി ശല്യം ഒഴിവാക്കാൻ അടുക്കളയിൽ വയണയില സൂക്ഷിക്കാവുന്നതാണ്.

ഹുക്കുകളും റാക്കുകളും

മഴക്കാലത്ത് ഈർപ്പം കൂടുതലായതിനാൽ തന്നെ അടുക്കള പാത്രങ്ങളിൽ ഈർപ്പം തങ്ങി നിൽക്കാൻ സാധ്യതയുണ്ട്. സ്പൂൺ, കപ്പ് തുടങ്ങിയ വസ്തുക്കൾ ഹുക്കുകളിൽ തൂക്കിയിടുന്നത് നല്ലതായിരിക്കും. അടുക്കള കൂടുതൽ മനോഹരമാക്കാൻ പാകത്തിനുള്ള ഹുക്കുകൾ വാങ്ങിക്കാൻ ശ്രദ്ധിക്കാം. 

നിലം ശ്രദ്ധിക്കാം

നിലത്ത് വെള്ളം കിടന്നാൽ തെന്നി വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ തെന്നി വീഴാത്ത മാറ്റുകൾ അടുക്കളയിൽ ഉപയോഗിക്കാം. പ്രത്യേകിച്ചും സിങ്കിന്റെ ഭാഗത്ത് മാറ്റ് ഇടേണ്ടത് അത്യാവശ്യമാണ്.

ഇൻഡോർ പ്ലാന്റുകൾ 

ഇൻഡോർ പ്ലാന്റുകൾ വളർത്തിയാൽ അടുക്കളയിൽ പ്രകൃതിദത്ത ഭംഗി കൊണ്ട് വരാൻ സാധിക്കും. പുതിന, മല്ലിയില, ബേസിൽ എന്നിവ വീടിനുള്ളിൽ നന്നായി വളരുന്ന ചെടികളാണ്. ഇവ മനോഹരമായ ചെടിച്ചട്ടികളിൽ നട്ടുവളർത്താം.