വ്യത്യസ്തമായ നിറത്തിലും ആകൃതിയിലുമൊക്കെ റോസ ചെടികൾ ലഭ്യമാണ്. എന്നാൽ ശരിയായ രീതിയിൽ പരിചരണം നൽകിയാൽ മാത്രമേ റോസാച്ചെടി നന്നായി വളരുകയുള്ളൂ.
റോസാപ്പൂക്കളെ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. ഏറെ ആസ്വദിക്കപ്പെടുന്നതാണ് റോസാപ്പൂക്കളുടെ ഭംഗിയും സുഗന്ധവും. വ്യത്യസ്തമായ നിറത്തിലും ആകൃതിയിലുമൊക്കെ റോസ ചെടികൾ ലഭ്യമാണ്. എന്നാൽ ശരിയായ രീതിയിൽ പരിചരണം നൽകിയാൽ മാത്രമേ റോസാച്ചെടി നന്നായി വളരുകയുള്ളൂ. വീട്ടിൽ റോസ വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
സ്ഥലം
സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണ് റോസ. അതിനാൽ തന്നെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഇത് വളർത്തേണ്ടത്. കൂടാതെ നല്ല വായുസഞ്ചാരം ഉണ്ടാവേണ്ടതുണ്ട്. ഇല്ലെങ്കിൽ ചെടിയിൽ ഫങ്കൽ രോഗങ്ങൾ വരാൻ കാരണമാകും.
മണ്ണ്
ചെടി ആരോഗ്യത്തോടെ വളരണമെങ്കിൽ നല്ല മണ്ണ് ആവശ്യമാണ്. നല്ല നീർവാർച്ചയുള്ള, വളമുള്ള മണ്ണാകണം റോസ വളർത്താൻ തെരഞ്ഞെടുക്കേണ്ടത്. ഇത് വേരുകൾ ശക്തമായി വളരാനും നിറയെ പൂക്കളുണ്ടാവാനും സഹായിക്കുന്നു.
വെള്ളമൊഴിക്കാം
നന്നായി വളരണമെങ്കിൽ വെളിച്ചം ആവശ്യമുള്ളതുപോലെ തന്നെ ചെടികൾക്ക് വെള്ളവും ആവശ്യമാണ്. റോസ ചെടികൾക്ക് എപ്പോഴും ഈർപ്പം ആവശ്യമാണ്. എന്നാൽ അമിതമായി ചെടിയിൽ വെള്ളമൊഴിക്കാൻ പാടില്ല. ആഴ്ച്ചയിൽ രണ്ടുതവണ മാത്രം ചെടിക്ക് നന്നായി വെള്ളമൊഴിക്കാം. വേനൽക്കാലത്തും ചെടിക്ക് നന്നായി വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. അതിരാവിലെയും വൈകുന്നേരങ്ങളിലും വെള്ളമൊഴിക്കുന്നതാണ് ഉചിതം.
പരിചരണം
ശരിയായ പരിചരണം നൽകിയാൽ മാത്രമേ ചെടികൾ നന്നായി വളരുകയുള്ളൂ. കേടുവന്നതും പഴുത്തതുമായ ഇലകൾ വെട്ടിമാറ്റുകയും, കൃത്യമായ സമയങ്ങളിൽ വളമിടാനും വെള്ളമൊഴിക്കാനും ശ്രദ്ധിക്കണം. ഇത് ചെടി എപ്പോഴും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു.
കാലാവസ്ഥ മാറുമ്പോൾ
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചെടികൾക്ക് നൽകേണ്ട പരിചരണത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. വേനലിൽ ചൂട് കൂടുതൽ ആയതിനാൽ തന്നെ മണ്ണിൽ ഈർപ്പം ഉണ്ടെന്ന് എപ്പോഴും ഉറപ്പ് വരുത്താൻ ശ്രദ്ധിക്കണം. ശൈത്യകാലത്തും ചെടിയിൽ തണുപ്പ് അധികമേൽക്കാതെ നോക്കണം.


