തണുപ്പ് ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ ശ്രദ്ധയോടെ ആവണം ഉപയോഗിക്കേണ്ടത്. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

അടുക്കളയിൽ എപ്പോഴും പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. അതിനാൽ തന്നെ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഫ്രിഡ്ജ് പെട്ടെന്ന് കേടായിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. തണുപ്പ് ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ ശ്രദ്ധയോടെ ആവണം ഉപയോഗിക്കേണ്ടത്. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  1. അടുക്കളയിൽ ഫ്രിഡ്ജ് വയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ സ്ഥലം ലഭിക്കുന്നതിന് വേണ്ടി പലരും ചുമരിനോട് ചേർത്ത് ഫ്രിഡ്ജ് വയ്ക്കാറുണ്ട്. എന്നാൽ ഇങ്ങനെ വയ്ക്കുമ്പോൾ ശരിയായ രീതിയിൽ ഫ്രിഡ്ജിനിടയിൽ വായു സഞ്ചാരം ലഭിക്കുകയില്ല. ഇത് തീപിടുത്ത സാധ്യത വർധിപ്പിക്കുന്നു.

2. ഇടയ്ക്കിടെ ഫ്രിഡ്ജ് കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അഴുക്കും പൊടിപടലങ്ങളും അടിഞ്ഞുകൂടുമ്പോൾ ഫ്രിഡ്ജ് ശരിയായ രീതിയിൽ പ്രവർത്തിക്കാതെ ആവുകയും വൈദ്യുതി ഉപയോഗം വർധിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ രണ്ടാഴ്ച കൂടുമ്പോൾ ഫ്രിഡ്ജ് നന്നായി കഴുകി വൃത്തിയാക്കാം.

3. ഫ്രിഡ്ജ് പ്ലഗ് ചെയ്യുന്നതിന് എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇത് ഫ്രിഡ്ജിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചൂടാവാനും തീപിടുത്തം ഉണ്ടാവാനുമൊക്കെ സാധ്യത കൂട്ടുന്നു. ഇത്തരം ഉപകരണങ്ങൾ വാൾ പ്ലഗ് ചെയ്യുന്നതാണ് നല്ലത്.

4. ഫ്രിഡ്ജിൽ നിന്നും അസാധാരണമായി എന്തെങ്കിലും ശബ്ദങ്ങൾ കേട്ടാൽ അവഗണിക്കരുത്. എന്തെങ്കിലും തകരാറുകൾ ഉണ്ടാകുമ്പോഴാണ് ഫ്രിഡ്ജിൽ നിന്നും ഇത്തരത്തിലുള്ള ശബ്ദങ്ങൾ ഉണ്ടാകുന്നത്. അതിനാൽ തന്നെ പരിശോധിച്ച് പ്രശ്നം ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം.

5. ചെറിയ മുറിയിൽ വലിയ റെഫ്രിജറേറ്റർ വയ്ക്കുന്നത് ഒഴിവാക്കാം. ഇത് വായു സഞ്ചാരത്തെ തടസപ്പെടുത്തുകയും തീപിടുത്ത സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.