വസ്ത്രങ്ങൾ കഴുകുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ഇത് വസ്ത്രത്തിന് കേടുപാടുകൾ ഉണ്ടാക്കുന്നു. ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്.

വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി തേച്ചുമിനുക്കി ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ ചില സമയങ്ങളിൽ എത്ര കഴുകിയാലും വസ്ത്രങ്ങളിലെ ദുർഗന്ധം മാറുകയില്ല. തുണികൾ കഴുകുമ്പോൾ ഇങ്ങനെ ചെയ്യാറുണ്ടോ? എങ്കിൽ ശ്രദ്ധിച്ചോളൂ.

ചൂട് വെള്ളം

വസ്ത്രങ്ങൾ അണുവിമുക്തമാക്കാൻ ചൂട് വെള്ളത്തിൽ കഴുകുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ അമിതമായി ചൂടുള്ള വെള്ളത്തിൽ കഴുകുന്നത് തുണിക്ക് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു. ഓരോ മെറ്റീരിയലും വ്യത്യസ്തമാണ്. അത് അനുസരിച്ച് മാത്രമേ വസ്ത്രങ്ങൾ കഴുകാൻ പാടുള്ളൂ.

സോപ്പ് പൊടി

കൂടുതൽ സോപ്പ് പൊടി ഉപയോഗിച്ച് കഴുകിയാൽ വസ്ത്രങ്ങളിലെ അഴുക്ക് പെട്ടെന്ന് നീക്കം ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നവരുണ്ട്. എന്നാലിത് വസ്ത്രത്തിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാക്കുന്നു. കഴുകുമ്പോൾ ചെറിയ അളവിൽ സോപ്പ് പൊടി ഉപയോഗിക്കാൻ ശ്രദ്ധിക്കാം.

കഴുകുമ്പോൾ

വസ്ത്രങ്ങൾ ഒരുമിച്ചിട്ടു കഴുകുന്ന ശീലമാണ് നമുക്കുള്ളത്. എന്നാൽ വസ്ത്രങ്ങൾ അധികമായി കഴുകുമ്പോൾ വൃത്തിയില്ലാതാവുകയും ദുർഗന്ധത്തെ അകറ്റാൻ സാധിക്കാതെയും വരുന്നു.

ഉണക്കണം

വസ്ത്രങ്ങൾ കഴുകിയതിന് ശേഷം നന്നായി ഉണക്കാൻ ശ്രദ്ധിക്കണം. കഴുകുന്നതുപോലെ തന്നെ പ്രധാനമാണ് തുണികൾ ഉണക്കുന്നതും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ തുണികൾ ഉണക്കാൻ ശ്രദ്ധിക്കണം. ഇത് ദുർഗന്ധത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

എപ്പോഴും കഴുകരുത്

ജീൻസ്, ജാക്കറ്റ്, കട്ടിയുള്ള വസ്ത്രങ്ങൾ തുടങ്ങിയവ ഓരോ ഉപയോഗം കഴിയുമ്പോഴും കഴുകേണ്ടതില്ല. ഇത് വസ്ത്രങ്ങൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. ഉപയോഗിച്ച് കഴിഞ്ഞാൽ സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ ഉണക്കിയെടുക്കുന്നതാണ് നല്ലത്.

വെയിൽ കൊള്ളിക്കാം

ഉപയോഗിച്ചതിന് ശേഷം വസ്ത്രങ്ങൾ അതുപോലെ മടക്കി അലമാരയിൽ സൂക്ഷിക്കാൻ പാടില്ല. പുറത്തിട്ട് ഉണക്കാൻ ശ്രദ്ധിക്കണം. ചെറിയ വെയിൽ കൊള്ളിക്കുന്നത് വസ്ത്രത്തിലെ ദുർഗന്ധം അകറ്റാൻ സഹായിക്കുന്നു.