മഴക്കാലത്ത് സുഗന്ധവ്യഞ്ജനങ്ങൾ പെട്ടെന്ന് കേടുവരുന്നു. അമിതമായ ഈർപ്പം മൂലം പൂപ്പൽ ഉണ്ടാവുകയും രുചി നഷ്ടപ്പെടുകയും ചെയ്യുന്നു.

മഴക്കാലം ചൂടിന് ശമനം നൽകുമെങ്കിലും അതിനൊപ്പം ചില വെല്ലുവിളികളും നമ്മൾ നേരിടേണ്ടതായി വരുന്നു. അടുക്കളയിൽ സൂക്ഷിക്കുന്ന ഭക്ഷണ സാധനങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. മഴക്കാലത്ത് സുഗന്ധവ്യഞ്ജനങ്ങൾ പെട്ടെന്ന് കേടുവരുന്നു. അമിതമായ ഈർപ്പം മൂലം പൂപ്പൽ ഉണ്ടാവുകയും രുചി നഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത് സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം.

ഗ്ലാസ് പാത്രങ്ങൾ

പുനരുപയോഗിക്കാവുന്ന ഗ്ലാസ് പാത്രങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കാം. ഈർപ്പത്തെ ആഗിരണം ചെയ്യാൻ കഴിയാത്തതുകൊണ്ട് തന്നെ സുഗന്ധവ്യഞ്ജനങ്ങൾ കേടുവരാതിരിക്കാൻ ഇത് സഹായിക്കുന്നു. ഉള്ളിലേക്ക് വായുകടക്കാത്ത രീതിയിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്.

ഈർപ്പമില്ലാത്ത സ്ഥലങ്ങൾ

ഈർപ്പം ഇല്ലാത്ത, തണുപ്പുള്ള അധികം വെളിച്ചമടിക്കാത്ത സ്ഥലങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കാം. സ്റ്റൗ, സിങ്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മാറ്റി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. നല്ല വായു സഞ്ചാരമുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

ഫ്രീസ് ചെയ്യാം

കൂടുതൽ അളവിൽ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി സൂക്ഷിക്കുമ്പോൾ അവ എളുപ്പത്തിൽ കേടുവരാൻ സാധ്യതയുണ്ട്. ആവശ്യമുള്ളത് ഉപയോഗിച്ചതിന് ശേഷം ബാക്കിവന്നവ ഫ്രീസറിലാക്കി സൂക്ഷിക്കാവുന്നതാണ്. എത്രദിവസം വരെയും ഇത് കേടുവരാതിരിക്കും.

പൊടിച്ച് സൂക്ഷിക്കാം

സുഗന്ധവ്യഞ്ജനങ്ങൾ കടയിൽ നിന്നും വാങ്ങുന്നതിനേക്കാളും വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്നതാണ് നല്ലത്. ഇത് കടയിൽ നിന്നും വാങ്ങുന്നവയെക്കാളും കൂടുതൽ ദിവസം കേടുവരാതിരിക്കാൻ സഹായിക്കുന്നു.

പരിശോധിക്കാം

ഇടയ്ക്കിടെ സാധനങ്ങൾ പരിശോധിച്ച് കേടു വന്നിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിറം, മണം എന്നിവയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ ഉപയോഗിക്കാൻ പാടില്ല. ആദ്യം വാങ്ങിവെച്ചത് ആദ്യം തന്നെ ഉപയോഗിച്ച് തീർക്കാൻ ശ്രദ്ധിക്കണം. ഇത് സാധനങ്ങൾ കേടാകുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.

അമിതമായി വാങ്ങരുത്

സുഗന്ധവ്യഞ്ജനങ്ങൾ അമിതമായി വാങ്ങി സൂക്ഷിക്കാൻ പാടില്ല. ഇത് ഉപയോഗിച്ച് തീരുന്നതിന് മുമ്പ് തന്നെ കേടുവരാൻ സാധ്യതയുണ്ട്.