ഒന്ന് രണ്ട് ദിവസം വൃത്തിയാക്കാതെയിരുന്നാൽ അപ്പോഴേക്കും എത്തും ചിലന്തിവല. കണ്ണുനട്ട് നോക്കിയാൽ പോലും വലയുണ്ടാകുന്നത് തടയാൻ സാധിക്കില്ല. ആൾ താമസം ഇല്ലാത്ത വീടാണെങ്കിൽ പിന്നെ പറയേണ്ടതുമില്ല
ഒന്ന് രണ്ട് ദിവസം വൃത്തിയാക്കാതെയിരുന്നാൽ അപ്പോഴേക്കും എത്തും ചിലന്തിവല. കണ്ണുനട്ട് നോക്കിയാൽ പോലും വലയുണ്ടാകുന്നത് തടയാൻ സാധിക്കില്ല. ആൾ താമസം ഇല്ലാത്ത വീടാണെങ്കിൽ പിന്നെ പറയേണ്ടതുമില്ല. നിറയെ വലകെട്ടി മുട്ടയിട്ട് ഇവ പെരുകും. ചില സമയങ്ങളിൽ രാത്രിയിൽ ഉറങ്ങി കിടക്കുമ്പോഴൊക്കെ മുറിയിൽ ചിലന്തി ഓടിനടക്കാറുണ്ട്. പലർക്കും ചിലന്തിയെ പേടിയാണ് അതുകൊണ്ട് തന്നെ ഇവയെ വീട്ടിൽ നിന്നും തുരത്തേണ്ടതും അത്യാവശ്യമാണ്. വീട്ടിലെ ചിലന്തി ശല്യം മാറ്റാൻ ഈ കാര്യങ്ങൾ ചെയ്യാം.
വീടിനുള്ളിൽ കയറുന്നത് തടയാം
വാതിലും ജനാലയും വെന്റിലേഷനുമൊക്കെ വഴിയാണ് പലപ്പോഴും ചിലന്തികൾ വീടിനുള്ളിൽ കേറിപ്പറ്റുന്നത്. ഇത് തടയുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനാൽ തന്നെ വാതിലിലും ജനലിലുമുള്ള വിടവുകൾ അടക്കണം. നെറ്റ് അടിച്ചാൽ വെന്റിലേഷൻ വഴിയും ഇവ കേറുന്നത് തടയാൻ സാധിക്കും. ഇത്തരം ഇടകളിലൂടെ ചിലന്തികൾ മാത്രമല്ല മറ്റു ജീവികളും കേറിവരാൻ സാധ്യത കൂടുതലാണ്.
പുറത്തിരിക്കുന്ന സാധനങ്ങൾ
വീടിന്റെ കാർ പോർച്ചിലും പിൻവശത്തുമൊക്കെ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളിൽ ചിലന്തി മുതൽ പാമ്പ് വരെ കേറിയിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ പുറത്ത് നിന്നും സാധനങ്ങൾ അകത്തേക്ക് എടുത്ത് വയ്ക്കുമ്പോൾ അവയിൽ ഒരു ജീവിയുമില്ലെന്ന് ഉറപ്പ് വരുത്തണം. ഇത്തരം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ പോയാൽ ഇവ വീടിനുള്ളിൽ ഒളിച്ചിരിക്കുകയും അപകടങ്ങൾ ഉണ്ടാവുകയും ചെയുന്നു.
വൃത്തിയാക്കുക
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. സാധനങ്ങൾ കുമിഞ്ഞുകൂടിയാൽ അതിൽ ജീവികൾ വന്നിരിക്കും. ഇടക്ക് സാധനങ്ങൾ മാറ്റി വൃത്തിയാക്കിയില്ലെങ്കിൽ എന്തൊക്കെ വന്നിരിക്കുമെന്ന് നമ്മൾ അറിയില്ല. ഇത് പല അപകടങ്ങൾക്കും കാരണമാകും.
വെളുത്തുള്ളി പ്രയോഗം
വെളുത്തുള്ളി ചതച്ചതിന് ശേഷം വെള്ളത്തിൽ കലർത്തി സ്പ്രേ ബോട്ടിലാക്കണം. ശേഷം ചിലന്തി വരാൻ സാധ്യതയുള്ള ഇടങ്ങളിൽ സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധംകൊണ്ട് ചിലന്തി ആ പരിസരത്തേക്ക് വരില്ല.
വെട്ടം ഒഴിവാക്കാം
വെട്ടം ഇഷ്ടമില്ലാത്ത കൂട്ടരാണ് ചിലന്തികൾ. എങ്കിലും മറ്റ് ചെറുപ്രാണികളെ പിടികൂടാൻ ഇവ വെളിച്ചത്തേക്ക് വരാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്നത് തടയാൻ ആവശ്യമില്ലാത്തപ്പോൾ മുറികളിലും പുറത്തുമുള്ള ലൈറ്റുകൾ ഓഫ് ചെയ്യാവുന്നതാണ്.
ചെടികൾ വളർത്താം
റോസ്മേരി, ലാവണ്ടർ, പുതിന തുടങ്ങിയ സസ്യങ്ങളുടെ ഗന്ധം ചിലന്തികൾക്ക് പറ്റാത്തവയാണ്. ഇവ വീടിനുള്ളിൽ വളർത്തിയാൽ ചിലന്തികൾ കയറികൂടുന്നത് ഒഴിവാക്കാൻ സാധിക്കും.
