ഭക്ഷണ അവശിഷ്ടങ്ങളും, കറപിടിച്ച ടവലും, അഴുക്ക് നിറഞ്ഞ ചുമരും, കരിഞ്ഞ ഭക്ഷണങ്ങളും എല്ലാം അടുക്കളയിൽ  പൊട്ടിത്തെറിക്കാൻ കാത്തിരിക്കുന്നവയാണെന്ന് പറഞ്ഞാൽ തെറ്റില്ല. നിങ്ങൾ നിരന്തരമായി അടുക്കളയിൽ ജോലി ചെയ്യുന്നവരാണെങ്കിലും അല്ലെങ്കിലും പലപ്പോഴും ഒരേ തരത്തിലുള്ള അബദ്ധങ്ങൾ ഉണ്ടാവാറുണ്ട്

ഭക്ഷണ അവശിഷ്ടങ്ങളും, കറപിടിച്ച ടവലും, അഴുക്ക് നിറഞ്ഞ ചുമരും, കരിഞ്ഞ ഭക്ഷണങ്ങളും എല്ലാം അടുക്കളയിൽ പൊട്ടിത്തെറിക്കാൻ കാത്തിരിക്കുന്നവയാണെന്ന് പറഞ്ഞാൽ തെറ്റില്ല. നിങ്ങൾ നിരന്തരമായി അടുക്കളയിൽ ജോലി ചെയ്യുന്നവരാണെങ്കിലും അല്ലെങ്കിലും പലപ്പോഴും ഒരേ തരത്തിലുള്ള അബദ്ധങ്ങൾ ഉണ്ടാവാറുണ്ട്. പുതിയ അടുക്കള ഉപകരണങ്ങൾ, വേറിട്ട പാചകരീതികൾ തുടങ്ങി അടുക്കളയിൽ മൊത്തത്തിൽ തിരക്കാണ്. ഇതിനിടയിൽ അബദ്ധങ്ങളും അപകടങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.

അമിതമായി ഭക്ഷണം വേവിക്കുന്നത് 

പലപ്പോഴും ഭക്ഷണം പാകം ചെയ്യാൻ വെച്ചതിനുശേഷം അടുക്കളയിൽ മറ്റ് തിരക്കുകളിൽപ്പെട്ടു പോകുന്നവരാണ് നമ്മളിൽ അധികവും. കൃത്യസമയത്ത് ഭക്ഷണം ഇളക്കികൊടുക്കാനോ, തീ കുറച്ച് വെക്കാനോ നമുക്ക് സാധിക്കാറില്ല. ഈ സാഹചര്യം ഒഴിവാക്കാൻ ഭക്ഷണം പാകം ചെയ്യാൻ തയ്യാറാകുമ്പോൾ തന്നെ ആവശ്യമായ സാധനങ്ങൾ എടുത്ത് വെക്കണം. പച്ചക്കറികൾ ആണെങ്കിൽ നേരത്തെ മുറിച്ചുവെക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

ഉപകരണങ്ങൾ 

വീട്ടിൽ ഉപയോഗിക്കുന്ന ഓരോ ഉപകരണങ്ങൾക്കും വ്യത്യസ്ത രീതികളാണുള്ളത്. ഉദാഹരണത്തിന് നിങ്ങളുടെ വീട്ടിൽ മൈക്രോവേവും ഓവനും ഉണ്ടെങ്കിൽ ഏതൊക്കെ പാത്രങ്ങളാണ് ഈ ഉപകരണങ്ങൾക്ക് ചേരുന്നതെന്ന് അറിഞ്ഞിരിക്കണം. ഫോയിൽ ഓവനിൽ വെക്കാൻ സാധിക്കും. എന്നാൽ മൈക്രോവേവിൽ ഫോയിൽ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാൻ സാധിക്കില്ല. അതേസമയം പ്ലാസ്റ്റിക് മൈക്രോവേവിൽ ഉപയോഗിക്കാൻ സാധിക്കും എന്നാൽ ഓവനിൽ ഉപയോഗിക്കാൻ കഴിയില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അടുക്കളയിൽ അബദ്ധങ്ങൾ ഒഴിവാക്കാം.

കരിഞ്ഞ ഭക്ഷണങ്ങൾ 

ഭക്ഷണം പാകം ചെയ്യുമ്പോൾ എളുപ്പത്തിൽ വേവാൻ വേണ്ടി പലപ്പോഴും തീ കൂട്ടിവെച്ചിട്ട് നമ്മൾ പോകാറുണ്ട്. എന്നാൽ പോയി തിരിച്ച് വരുമ്പോഴേക്കും ഭക്ഷണം അടിയിൽപിടിച്ച് കരിഞ്ഞിട്ടുണ്ടാകും. പിന്നെ കരിഞ്ഞ ഭക്ഷണത്തെ എടുത്ത് കളയുകയല്ലാതെ മറ്റ് വഴികളൊന്നും ഉണ്ടാവില്ല. ഭക്ഷണം ഉണ്ടാക്കാൻ നമ്മൾ കഷ്ടപ്പെട്ടതൊക്കെ വെറുതെയാവുകയും ചെയ്യും.

അടഞ്ഞ സിങ്ക് 

ഭക്ഷണസാധനങ്ങൾ കഴുകുകയും വൃത്തിയാക്കുകയുമൊക്കെ ചെയ്യുന്നത് കൊണ്ട് തന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന സിങ്ക് അടഞ്ഞുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭക്ഷണ അവശിഷ്ടങ്ങൾ പൈപ്പിനുള്ളിൽ അടഞ്ഞിരുന്നാൽ പിന്നെ വെള്ളം ശരിയായ രീതിയിൽ പോകില്ല. ഇങ്ങനെ ഉണ്ടാവാതിരിക്കാൻ ആഴ്ചയിൽ ഒരിക്കലെങ്കിലും സിങ്കിലേക്ക് ചൂട് വെള്ളം ഒഴിച്ച് കൊടുക്കേണ്ടതാണ്. ഇത് അടഞ്ഞിരിക്കുന്ന വസ്തുക്കളെ എളുപ്പത്തിൽ നീങ്ങാൻ സഹായിക്കുന്നു.

ഭക്ഷണത്തിന്റെ രുചി 

കൃത്യമായ രീതിയിൽ ചേരുവകൾ ചേർത്തില്ലെങ്കിൽ നമ്മൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ രുചിയില്ലാതായി തീരും. എന്തെങ്കിലും സാധനങ്ങൾ കുറഞ്ഞ് പോയാലും കുഴപ്പമില്ല പിന്നീട് നമുക്ക് ചേർത്ത് കൊടുക്കാം എന്നാൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപ്പോ, പഞ്ചസാരയോ ഒക്കെ കൂടിപ്പോയാൽ പിന്നെ അത് കഴിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഭക്ഷണം പാകം ചെയ്യുമ്പോൾ കൃത്യമായ അളവിൽ ചേരുവകൾ ചേർക്കാൻ ശ്രദ്ധിക്കണം. 

അടുപ്പിലെ തീ 

ഭക്ഷണം ഉണ്ടാക്കുമ്പോൾ ഇളക്കി കൊടുക്കാനും അടുപ്പിൽ നിന്നും ഇറക്കിവെക്കാനുമൊക്കെ പലരും ധരിച്ചിരിക്കുന്ന ഷാൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും തുണികളായിരിക്കും ഉപയോഗിക്കുന്നത്. എന്നാൽ തുണി ഉപയോഗിച്ച് അടുപ്പിൽ നിന്നും പാത്രങ്ങൾ എടുക്കുമ്പോഴോ അല്ലെങ്കിൽ ഭക്ഷണം ഇളക്കികൊടുക്കുമ്പോഴോ ഒക്കെ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട് ഇല്ലെങ്കിൽ തീ പടർന്നു കേറാനും കൈ പൊള്ളാനുമൊക്കെ ഉള്ള സാധ്യതകൾ ഏറെയാണ്. ഇത് ഒഴിവാക്കാൻ പിടിയുള്ള പാത്രങ്ങൾ ഉപയോഗിക്കാവുന്നതാണ്. 

നാരങ്ങ നീര് ഉപയോഗിച്ച് അടുക്കള വൃത്തിയാക്കാം; ഇങ്ങനെ ചെയ്താൽ മതി