നല്ല ഭംഗിയുള്ളതും കടും നിറങ്ങളിലുള്ളതുമായ പൂക്കൾ വളർത്തിയാൽ ചിത്രശലഭങ്ങൾ താനേ വരും.

വീട്ടിൽ സന്തോഷവും പോസിറ്റീവ് എനർജിയും നിറയണമെങ്കിൽ പൂന്തോട്ടം ഭംഗിയായി സൂക്ഷിച്ചാൽ മതി. പൂന്തോട്ടത്തിലേക്ക് ചിത്രശലഭങ്ങൾ വരുന്നത് വീടിനെ കൂടുതൽ മനോഹരമാക്കുന്നു. നല്ല ഭംഗിയുള്ളതും കടും നിറങ്ങളിലുള്ളതുമായ പൂക്കൾ വളർത്തിയാൽ ചിത്രശലഭങ്ങൾ താനേ വരും. പൂമ്പാറ്റകളെ വേഗത്തിൽ ആകർഷിക്കുന്ന അത്തരം ചില പൂച്ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.

ജമന്തി

ജമന്തിപ്പൂവിൻ്റെ കടും നിറവും നല്ല മണവുമാണ് ചിത്രശലഭങ്ങളെ പ്രധാനമായും ആകർഷിക്കുന്നത്. ഓറഞ്ച് മാത്രമല്ല മഞ്ഞ, ചുവപ്പ് തുടങ്ങിയ നിറങ്ങളിലുള്ള ജമന്തിയും ബാൽക്കണിയിലോ പൂന്തോട്ടത്തിലോ നട്ടുപിടിപ്പിക്കാം. ഇത് നട്ടാൽ നിങ്ങളുടെ പൂന്തോട്ടം എപ്പോഴും ചിത്രശലഭങ്ങളെക്കൊണ്ട് നിറയും. ഇതിൻ്റെ വിത്തുകൾ അധികം കട്ടിയില്ലാത്ത മണ്ണിൽ പാകിയ ശേഷം ദിവസവും കുറച്ച് വെള്ളം ഒഴിച്ചുകൊടുത്താൽ മതി.

സീനിയ

സീനിയ പൂക്കൾ ഏറെക്കാലം വാടാതെ നിൽക്കുന്നവയാണ്. പല നിറങ്ങളിൽ കാണപ്പെടുന്ന ഈ പൂക്കൾ ചിത്രശലഭങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇത് നടുമ്പോൾ തണലുള്ള സ്ഥലത്തിന് പകരം നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താൽ പൂന്തോട്ടത്തിൽ എപ്പോഴും പല നിറത്തിലുള്ള പൂക്കൾ വിരിഞ്ഞുനിൽക്കും. ബാൽക്കണിയിൽ ചെടിച്ചട്ടിയിലും സീനിയ എളുപ്പത്തിൽ വളർത്താം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

സൂര്യകാന്തി

വലിയ ഇതളുകളും ധാരാളം തേനുമുള്ള സൂര്യകാന്തിപ്പൂക്കളും ചിത്രശലഭങ്ങൾക്ക് ഏറെ ഇഷ്ടമാണ്. ഇത് ബാൽക്കണിയിലോ പൂന്തോട്ടത്തിലോ എളുപ്പത്തിൽ നട്ടുപിടിപ്പിക്കാം. വർഷം മുഴുവൻ പൂന്തോട്ടം സജീവമായി നിലനിർത്താൻ ഇത് സഹായിക്കും. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്ത് വിത്തുകൾ നട്ടാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ മനോഹരമായ പൂക്കൾ വിരിയും.

ചെമ്പരത്തി

ചെമ്പരത്തിയുടെ കടും നിറമുള്ള പൂക്കളിൽ ചിത്രശലഭങ്ങൾ ധാരാളമായി വന്ന് തേൻ കുടിക്കാറുണ്ട്. നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് ഇവ എളുപ്പത്തിൽ വളർത്താം. ചെമ്പരത്തിപ്പൂവിന് നിരവധി ആയുർവേദ ഗുണങ്ങളുമുണ്ട്.

ലാവണ്ടർ

ലാവണ്ടറിന്റെ സുഗന്ധം ചിത്രശലഭങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്. മണൽ കലർന്ന മണ്ണിലും കുറഞ്ഞ വെള്ളത്തിലും ഇത് വളർത്താം. നിങ്ങളുടെ പൂന്തോട്ടത്തിൽ അത്തരം മണ്ണാണെങ്കിൽ നല്ല നിറമുള്ള ലാവണ്ടർ ചെടികൾ നട്ട് വീടിന് കൂടുതൽ ഭംഗി നൽകാം.