പുളി കേടുവരാനുള്ള പ്രധാന കാരണം ഈർപ്പമാണ്. തണുപ്പുള്ള ഈർപ്പമില്ലാത്ത സ്ഥലങ്ങളിൽ പുളി സൂക്ഷിക്കാം. അതേസമയം നനവുള്ള സ്പൂൺ ഉപയോഗിച്ച് പുളി എടുക്കരുത്.
മഴയെത്തിയാൽ പിന്നെ അടുക്കളയിലെ പല സാധനങ്ങളും കേടാവാൻ തുടങ്ങും. വായുവിൽ തങ്ങി നിൽക്കുന്ന ഈർപ്പം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അടുക്കളയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് പുളി. ഒട്ടുമിക്ക കറികളിലും പുളി ഉപയോഗിക്കാറുമുണ്ട്. എന്നാൽ മഴക്കാലത്ത് ശരിയായ രീതിയിൽ ഇത് സൂക്ഷിച്ചില്ലെങ്കിൽ കേടുവരാനുള്ള സാധ്യതയും കൂടുതലാണ്. പുളി കേടുവരാതിരിക്കാൻ ഇത്രയും ചെയ്താൽ മതി.
വായു കടക്കാത്ത പാത്രം
വായുവിൽ ഈർപ്പം തങ്ങി നിൽക്കുന്നതുകൊണ്ടാണ് മഴക്കാലത്ത് ഭക്ഷണ സാധനങ്ങൾ കേടുവരുന്നത്. വായു കടക്കാത്ത പാത്രത്തിലാക്കി പുളി സൂക്ഷിക്കാം. ഇത് ഈർപ്പത്തെ തടയുകയും പുളി കേടുവരാതിരിക്കാനും സഹായിക്കുന്നു.
ഗ്ലാസ് പാത്രങ്ങൾ തെരഞ്ഞെടുക്കാം
പുളി ദീർഘകാലം കേടുവരാതിരിക്കാൻ ഗ്ലാസ് പാത്രങ്ങളിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക്, സ്റ്റീൽ പാത്രങ്ങളെ പോലെ ഗ്ലാസ് പാത്രങ്ങളിൽ പ്രതിപ്രവർത്തനം ഉണ്ടാകാറില്ല. കൂടാതെ ഈർപ്പം ഉണ്ടാകുന്നതും ഒഴിവാക്കാൻ സാധിക്കുന്നു. അതിനാൽ തന്നെ വൃത്തിയുള്ള ഗ്ലാസ് പാത്രത്തിൽ പുളി സൂക്ഷിക്കുന്നതാണ് ഉചിതം.
ഫ്രിഡ്ജിൽ സൂക്ഷിക്കാം
ദീർഘകാലം പുളി കേടുവരാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒരു സിപ് ലോക്ക് ബാഗിലാക്കി നന്നായി അടച്ച് പച്ചക്കറികൾ വയ്ക്കുന്ന ഭാഗത്ത് സൂക്ഷിച്ചാൽ മതി. പുളിയുടെ രുചി മാറാതെ തന്നെ എത്ര ദിവസംവരെയും കേടുവരാതിരിക്കും.
ഈർപ്പമില്ലെന്ന് ഉറപ്പ് വരുത്താം
പുളി കേടുവരാനുള്ള പ്രധാന കാരണം ഈർപ്പമാണ്. തണുപ്പുള്ള ഈർപ്പമില്ലാത്ത സ്ഥലങ്ങളിൽ പുളി സൂക്ഷിക്കാം. അതേസമയം നനവുള്ള സ്പൂൺ ഉപയോഗിച്ച് പുളി എടുക്കരുത്. ഇത് പൂപ്പലും ഫങ്കസും ഉണ്ടാവാൻ കാരണമാകുന്നു.
പുളി അരച്ച് സൂക്ഷിക്കാം
കുഴമ്പു രൂപത്തിലാക്കി അരച്ച് സൂക്ഷിക്കുന്നത് ദിവസങ്ങളോളം പുളി കേടുവരാതിരിക്കാൻ സഹായിക്കുന്നു. ചെറുചൂട് വെള്ളത്തിൽ പുളി കുതിർക്കാൻ വയ്ക്കാം. ശേഷം വിത്ത് കളഞ്ഞ് പൾപ് മാത്രമായി വേർതിരിച്ചെടുക്കണം. ഇത് ഗ്ലാസ് പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ദിവസങ്ങളോളം പുളി കേടുവരാതിരിക്കും.


