വീട് എപ്പോഴും വൃത്തിയായി സുഗന്ധപൂരിതമായി കിടക്കുന്നത് കാണാനാണ് നമുക്ക് ഇഷ്ടം. എന്നാൽ തിരക്കുകൾക്കിടയിൽ എപ്പോഴും വീട് വൃത്തിയാക്കി സൂക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ജോലി തിരക്കുകളൊക്കെ കഴിഞ്ഞ് വിശ്രമിക്കാൻ വേണ്ടിയാണ് നമ്മൾ വീടുകളിലേക്ക് ഓടിയെത്തുന്നത്. വീട് എപ്പോഴും വൃത്തിയായി സുഗന്ധപൂരിതമായി കിടക്കുന്നത് കാണാനാണ് നമുക്ക് ഇഷ്ടം. എന്നാൽ തിരക്കുകൾക്കിടയിൽ എപ്പോഴും വീട് വൃത്തിയാക്കി സൂക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വീടിനുള്ളിൽ പ്രകൃതിദത്തമായ രീതിയിൽ സുഗന്ധം നിലനിർത്താൻ ഇങ്ങനെ ചെയ്യൂ.
1. ഫർണിച്ചറുകൾ
തുണികൊണ്ടുള്ള മൃദുലമായ കുഷ്യൻ ഫർണിച്ചറുകൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കാം. ഇതിൽ നിന്നും ദുർഗന്ധം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ പാചകം ചെയ്യുന്നതിന്റെ ദുർഗന്ധം, വളർത്തുമൃഗങ്ങൾ, വീട്ടിൽ ഉപയോഗിക്കുന്ന കർട്ടൻ തുടങ്ങിയവയെല്ലാം ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. ഇവ ഇടയ്ക്കിടെ വൃത്തിയാക്കുന്നത് ഒരു ശീലമാക്കാം. അതേസമയം വളർത്തുമൃഗങ്ങൾ ഉപയോഗിക്കുന്ന കിടക്ക, പാത്രങ്ങൾ എന്നിവയും വൃത്തിയാക്കാൻ മറക്കരുത്.
2. ഉണങ്ങിയ പൂക്കളും ഗ്രാമ്പുവും
വീടിനുള്ളിൽ നല്ല ഗന്ധം ലഭിക്കാൻ ഇങ്ങനെ ചെയ്യൂ. ഒരു പാത്രത്തിൽ ഉണങ്ങിയ പൂക്കളും, ഗ്രാമ്പുവും നിറയ്ക്കണം. ലിവിങ് റൂം, ബെഡ്‌റൂം, ബാത്റൂം തുടങ്ങിയ സ്ഥലങ്ങളിൽ ഇത് സൂക്ഷിക്കാം. ഇതിൽ നിന്നും പുറത്ത് വരുന്ന ഗന്ധം വീടിനുള്ളിൽ തങ്ങി നിൽക്കുകയും നല്ല സുഗന്ധം ലഭിക്കുകയും ചെയ്യുന്നു.
3. ഔഷധ സസ്യങ്ങൾ സൂക്ഷിക്കാം
പാചകത്തിന് മാത്രമല്ല നല്ല ഗന്ധം ലഭിക്കാനും ഔഷധ സസ്യങ്ങൾ ഉപയോഗിക്കാറുണ്ട്. ഒരു പാത്രത്തിൽ റോസ്മേരി, പുതിന, ബേസിൽ എന്നിവ നിറച്ച് അടുക്കളയിലെ ജനാലയുടെ വശങ്ങളിലോ, കൗണ്ടർടോപ്പിലോ സൂക്ഷിക്കാം. ഇത് ദുർഗന്ധത്തെ വലിച്ചെടുത്ത് അടുക്കളയിൽ സുഗന്ധം പരത്തുന്നു. ഇത്തരം ഔഷധ സസ്യങ്ങൾ അടുക്കളയ്ക്കുള്ളിലും എളുപ്പത്തിൽ വളർത്താൻ സാധിക്കും. കൂടാതെ ഇവ കീടങ്ങളെ അകറ്റാനും വായുവിനെ ശുദ്ധീകരിക്കാനും സഹായിക്കുന്നു.
4. ബേക്കിംഗ് സോഡ
ദുർഗന്ധത്തെ ഇല്ലാതാക്കാൻ ബേക്കിംഗ് സോഡയ്ക്ക് സാധിക്കും. ഒരു കുപ്പിയിൽ ബേക്കിംഗ് സോഡയും അതിലേക്ക് സുഗന്ധമുള്ള എണ്ണയും ചേർക്കണം. ശേഷം ഇത് നേരിയ തുണി ഉപയോഗിച്ച് പൊതിയാം. ദുർഗന്ധം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷിച്ചാൽ മതി. നല്ല ഗന്ധം ലഭിക്കും.
5. സുഗന്ധതൈലങ്ങൾ ഉപയോഗിക്കാം
ലാവണ്ടർ, യൂക്കാലിപ്റ്റസ്, സിട്രസ് തുടങ്ങിയ സുഗന്ധതൈലങ്ങൾ ഉപയോഗിച്ചും വീടിനുള്ളിൽ സുഗന്ധം പരത്താൻ സാധിക്കും. കൂടാതെ സമ്മർദ്ദം കുറയ്ക്കാനും വീടിനുള്ളിൽ സമാധാന അന്തരീക്ഷം ലഭിക്കാനും ഇത് സഹായിക്കുന്നു.


