എപ്പോഴും ഉപയോഗിക്കുന്ന ചില സാധനങ്ങൾ ബാത്റൂമിനുള്ളിൽ തന്നെ സൂക്ഷിക്കുന്ന രീതി നമുക്കുണ്ട്. ഇത് ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും ഇത്തരം വസ്തുക്കൾ ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. അവ എന്തൊക്കെയാണെന്ന് അറിയാം.

ബാത്റൂമിനുള്ളിൽ എപ്പോഴും ചൂടും ഈർപ്പവും തങ്ങി നിൽക്കുന്നു. ഇതുമൂലം പൂപ്പലും അണുക്കളും ബാത്റൂമിനുള്ളിൽ എളുപ്പത്തിൽ ഉണ്ടാകും. ഉപയോഗിക്കാൻ എളുപ്പത്തിന് വേണ്ടി പല സാധനങ്ങളും ബാത്‌റൂമിൽ സൂക്ഷിക്കുന്ന രീതിയും ചിലർക്കുണ്ട്. എന്നാൽ ബാത്റൂമിനുള്ളിൽ ഇത്തരം സാധനങ്ങൾ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. ഈ വസ്തുക്കൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ ഉടൻ മാറ്റിക്കോളൂ.

1.മരുന്നുകൾ

ബാത്റൂമിനുള്ളിൽ മരുന്ന് സൂക്ഷിക്കുന്നത് നല്ലതല്ല. മിക്ക മരുന്നുകളിലും തണുപ്പുള്ള, ഈർപ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ബാത്റൂം അങ്ങനെയുള്ള സ്ഥലമല്ല. ഇവിടെ ഈർപ്പവും ചൂടും ഉള്ളതുകൊണ്ട് തന്നെ മരുന്ന് പെട്ടെന്ന് കേടാകുന്നു.

2. ടവലുകൾ

കുളിക്കാൻ ഉപയോഗിക്കുന്ന ടവലുകൾ ഒരിക്കലും ബാത്റൂമിനുള്ളിൽ സൂക്ഷിക്കരുത്. പ്രത്യേകിച്ചും നനവുള്ള ടവലുകൾ. ഒറ്റനോട്ടത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് തോന്നുമെങ്കിലും ബാത്റൂമിനുള്ളിൽ ഈർപ്പം ഉണ്ടാകുന്നതുകൊണ്ട് തന്നെ ടവലിൽ പൂപ്പലും അണുക്കളും ഉണ്ടാകുന്നു.

3. ആഭരണങ്ങൾ

ലോഹങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ ആഭരണങ്ങൾ ഒരിക്കലും ബാത്റൂമിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല. ഈർപ്പവും ചൂടും ഉണ്ടാകുമ്പോൾ ആഭരണങ്ങളുടെ തിളക്കം മങ്ങാൻ സാധ്യത കൂടുതലാണ്.

4. പെർഫ്യൂം, നെയിൽ പോളിഷ്

ചൂടും ഈർപ്പവും ഏൽക്കാത്ത സ്ഥലങ്ങളിലാണ് ഇത്തരം വസ്തുക്കൾ സൂക്ഷിക്കേണ്ടത്. ബാത്റൂമിനുള്ളിൽ ഈർപ്പം ഉള്ളതുകൊണ്ട് തന്നെ ഇവയുടെ ഗുണമേന്മ നഷ്ടപ്പെടുകയും പിന്നീട് ഉപയോഗിക്കാൻ കഴിയാതാവുകയും ചെയ്യുന്നു.

5. ക്ലീനറുകൾ

വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലീനറുകൾ ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്ന രീതി ഒട്ടുമിക്ക വീടുകളിലുമുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ഉത്പന്നങ്ങൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. ക്ലീനറുകൾ എപ്പോഴും ഈർപ്പമില്ലാത്ത, തണുപ്പുള്ള സ്ഥലങ്ങളിലാണ് സൂക്ഷിക്കേണ്ടത്.