സാമൂഹിക വിഭാഗം, വരുമാനം, ഭാവന നില എന്നിവ അടിസ്ഥാനമാക്കിയാണ് പദ്ധതിയുടെ ആനുകൂല്യം ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാർക്ക് സ്വന്തമായി വീട് വയ്ക്കാൻ സാമ്പത്തിക സഹായം നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പ്രധാന മന്ത്രി ആവാസ് യോജനയിലേക്ക് (PMAY) അപേക്ഷകൾ സമർപ്പിക്കാനുള്ള തിയതി നീട്ടി. 2025 ഡിസംബർ വരെയാണ് പ്രധാന മന്ത്രി ആവാസ് യോജനയിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നത്. PMAY - 2.0 യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. സാമൂഹിക വിഭാഗം, വരുമാനം, ഭാവന നില എന്നിവ അടിസ്ഥാനമാക്കിയാണ് പദ്ധതിയുടെ ആനുകൂല്യം ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ളവർക്ക് ഒരു പോലെ ഈ അവസരം പ്രയോജനപ്പെടുത്താൻ സാധിക്കും.
നഗര മേഖലയിൽ ആനുകൂല്യം ലഭിക്കുന്നതിന്റെ മാനദണ്ഡങ്ങൾ ഇതാണ്
1. 3 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളതും ഇന്ത്യയിൽ സ്വന്തമായി വീടില്ലാത്തതുമായ കുടുംബങ്ങൾ.
2. 3 മുതൽ 6 ലക്ഷം രൂപയ്ക്കിടയിൽ വാർഷിക വരുമാനം ഉള്ളവരും, സ്ഥിരമായ വീടുകൾ ഇല്ലാത്ത കുടുംബങ്ങൾ.
3. 6 മുതൽ 9 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവരും എന്നാൽ സ്വന്തമായി വീടില്ലാത്ത കുടുംബങ്ങൾ.
4. ചേരി പ്രദേശങ്ങളിലും അനധികൃതമായ വാസസ്ഥലങ്ങളിലും താമസിക്കുന്ന ആളുകൾ, തുടങ്ങിയവർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.
ഗ്രാമീണ മേഖലയിൽ ആനുകൂല്യം ലഭിക്കുന്നതിന്റെ മാനദണ്ഡങ്ങൾ അറിയാം
1. സ്വന്തമായി വീടില്ലാത്ത കുടുംബങ്ങൾ.
2. ഉറപ്പില്ലാത്ത ഒന്നോ രണ്ടോ മുറിയുള്ള വീടുകളിൽ താമസിക്കുന്നവർ.
3. സാമൂഹിക- സാമ്പത്തിക, ജാതി സെൻസസ് ഡാറ്റയിൽ പട്ടികപ്പെടുത്തിയിട്ടുള്ള കുടുംബങ്ങൾ.
ഈ വിഭാഗക്കാർക്ക് ആനുകൂല്യം ലഭിക്കില്ല
1. സ്വന്തമായ ഉറപ്പുള്ള വീട്ടിൽ താമസിക്കുന്ന കുടുംബങ്ങൾ.
2. സ്വന്തമായി ഇരുചക്രം, മുച്ചക്രം, നാല് ചക്ര വാഹനങ്ങൾ ഉള്ളവർ.
3. കുടുംബത്തിൽ ആർക്കെങ്കിലും സർക്കാർ ജോലി ഉണ്ടെങ്കിൽ.
4.റെഫ്രിജറേറ്റർ, ലാൻഡ് ഫോൺ ഉള്ള വീടുകൾ.
5. ആദായ, തൊഴിൽ നികുതികൾ അടയ്ക്കുന്നവർ.
6. ജലസേചന സൗകര്യമുള്ള രണ്ടര ഏക്കറോ അതിൽ കൂടുതലോ ഭൂമിയുള്ളവർ.
7. ഒരു ജലസേചന ഉപകരണവും, 7.5 ഏക്കറോ അതിൽ കൂടുതലോ ഭൂമിയുള്ളവർ.
8. രണ്ട് അല്ലെങ്കിൽ അതിൽ കൂടുതൽ വിള സീസണുകൾക്ക് ഉപയോഗിക്കുന്ന ജലസേചന ( അഞ്ച് അല്ലെങ്കിൽ അതിൽ കൂടുതൽ ഏക്കർ) ഭൂമിയുള്ളവർ.


