നല്ല പരിചരണവും വെള്ളവും നൽകിയാൽ മാത്രമേ ചെടികൾ നന്നായി വളരുകയുള്ളു. സീനിയ വളർത്തുമ്പോൾ പരിചരണം ഇങ്ങനെ നൽകാം.
നല്ല പ്രകാശമുള്ളതും മനോഹരവുമാണ് സീനിയ പൂക്കൾ. ഇത് വീടിന് പുറത്തോ ബാൽക്കണിയിലോ വളർത്താൻ സാധിക്കും. ചെറിയ ഇതളുകളും മനോഹരമായ നിറവുമാണ് ഈ ചെടിക്കുള്ളത്. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണിത്. സീനിയ തഴച്ചു വളരാൻ ഇങ്ങനെ ചെയ്താൽ മതി.
- നല്ലയിനം വിത്തുകൾ വാങ്ങിക്കണം. വാങ്ങുമ്പോൾ കേടില്ലാത്തവ നോക്കി വാങ്ങാൻ ശ്രദ്ധിക്കാം. വിത്ത് നല്ലതല്ലെങ്കിൽ ചെടി നന്നായി വളരുകയില്ല.
2. ചെറിയ പോട്ടിൽ സീനിയ വളർത്തിയെടുക്കാൻ സാധിക്കും. കുറച്ച് മണ്ണും അതിലേക്ക് കൊക്കോപീറ്റും ചേർത്ത് കൊടുക്കാം. പോട്ടിൽ വെള്ളമിറങ്ങാനുള്ള സാഹചര്യമുണ്ടെന്ന് ഉറപ്പ് വരുത്തണം.
3. മണ്ണിൽ വിത്ത് വിതറിയതിന് ശേഷം വീണ്ടും അതിലേക്ക് നേരിയ അളവിൽ മണ്ണിട്ടുകൊടുക്കാം. ശേഷം ചെറുതായി വെള്ളം തളിച്ചുകൊടുത്താൽ മതി. ഇത് മണ്ണിൽ ഈർപ്പം തങ്ങി നിൽക്കാൻ സഹായിക്കുന്നു.
4. നല്ല സൂര്യപ്രകാശം സീനിയക്ക് ആവശ്യമാണ്. ദിവസവും കുറഞ്ഞത് 4 മണിക്കൂർ വരെയെങ്കിലും ചെടിക്ക് സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്.
5. മണ്ണിൽ എപ്പോഴും ഈർപ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. മണ്ണ് ഉണങ്ങി തുടങ്ങുന്ന സമയങ്ങളിൽ ചെടിക്ക് വെള്ളമൊഴിക്കാം. അതിരാവിലെയും വൈകുന്നേരങ്ങളിലും വെള്ളം ഒഴിക്കുന്നതാണ് ഉചിതം. അതേസമയം അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കാം.
6. ചെടി വളരുന്നതിന് അനുസരിച്ച് വെട്ടിവിടാൻ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ പുതിയ ഇലകൾ വരുകയുള്ളൂ.
7. 40 മുതൽ 70 ദിവസം വരെയാണ് ചെടിയിൽ പൂവ് വരാൻ തുടങ്ങുന്നത്. ഇത് മണ്ണിന്റെയും സൂര്യപ്രകാശത്തിന്റെയും ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു.
8. അധികമായി വളം സീനിയക്ക് ആവശ്യം വരുന്നില്ല. രണ്ട് തവണ പൂക്കൾ വന്നുകഴിഞ്ഞാൽ പിന്നീട് ചെടിയിൽ പൂക്കൾ വരുന്നത് കുറയാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വളം ഉപയോഗിക്കുന്നത് നല്ലതായിരിക്കും.


