പാചകം ചെയ്തുകഴിഞ്ഞാൽ പാത്രങ്ങളും അടുക്കള പ്രതലങ്ങളും വൃത്തിയാകേണ്ടത് അത്യാവശ്യമാണ്. അടുക്കള വൃത്തിയാക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് അടുക്കള. എന്നാൽ ദിവസവും അടുക്കള വൃത്തിയാക്കി സൂക്ഷിക്കുന്നത് തിരക്കുകൾക്കിടയിൽ സാധ്യമുള്ള കാര്യമല്ല. പാചകം ചെയ്തു കഴിഞ്ഞാൽ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വൃത്തിയാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. അടുക്കള വൃത്തിയാക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം.

ബ്ലീച്ച് ഉപയോഗിച്ച് വൃത്തിയാക്കുന്നത്

വീടും പരിസരവും വൃത്തിയാക്കി അണുവിമുക്തമാക്കാൻ ഒട്ടുമിക്ക ആളുകളും ബ്ലീച്ച് ഉപയോഗിക്കാറുണ്ട്. ഇത് വൃത്തിയാക്കൽ ജോലി എളുപ്പമാക്കുമെങ്കിലും, ആരോഗ്യകരമല്ല. മൃഗങ്ങൾക്കും മനുഷ്യർക്കും ഇത് ഒരുപോലെ ദോഷമാണ്. കൂടാതെ വസ്ത്രങ്ങളിൽ വീണാൽ കേടുപാടുകൾ ഉണ്ടാവാനും കാരണമാകുന്നു.

ക്ലീനറുകൾ

ഓരോന്നും വൃത്തിയാക്കാൻ വെവ്വേറെ ക്ലീനറുകൾ ഉപയോഗിക്കേണ്ടതില്ല. ഉപയോഗപ്രദമായ ഒരു ക്ലീനർ മതി എല്ലാം എളുപ്പം വൃത്തിയാക്കാൻ സാധിക്കും. ഇത് സമയവും പണവും ലാഭിക്കാൻ സഹായിക്കുന്നു.

പെട്ടെന്ന് തുടച്ചെടുക്കുന്നത്

അടുക്കള പ്രതലങ്ങളും ചുമരും വൃത്തിയാക്കുമ്പോൾ സ്ഥിരം ആവർത്തിക്കുന്ന തെറ്റാണിത്. ക്ലീനർ സ്പ്രേ ചെയ്തതിന് ശേഷം പെട്ടെന്ന് തന്നെ തുടച്ചെടുക്കുന്ന രീതി. ഉടനെ തുടച്ചെടുക്കുമ്പോൾ അഴുക്കും കറയും പൂർണമായും പോകണമെന്നില്ല. സ്പ്രേ ചെയ്തതിന് ശേഷം കുറച്ച് നേരം അങ്ങനെ തന്നെ തുടരാൻ അനുവദിക്കണം. ശേഷം തുടച്ച് വൃത്തിയാക്കാവുന്നതാണ്.

സ്പോഞ്ച് മാറ്റാതിരിക്കുക

അടുക്കളയിൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പോഞ്ച് രണ്ടാഴ്ച്ച കൂടുമ്പോൾ പഴയത് മാറ്റി പുതിയത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇതിൽ അണുക്കൾ പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിരന്തരം ഒന്ന് തന്നെ ഉപയോഗിക്കുന്നത് അണുക്കൾ പടരാൻ കാരണമാകുന്നു.

മാലിന്യങ്ങൾ

മാലിന്യങ്ങൾ സൂക്ഷിക്കുന്ന ബാസ്കറ്റ് ദിവസവും കഴുകി വൃത്തിയാക്കാൻ മറക്കരുത്. മാലിന്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇതിൽ അണുക്കളും ഉണ്ടാവും. ദിവസങ്ങൾ കഴിയുംതോറും ഇത് ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു.