ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നതിനൊപ്പം നിരവധി ആരോഗ്യ ഗുണങ്ങളും മല്ലിയിലയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ വാങ്ങി രണ്ടു ദിവസം കഴിയുമ്പോഴേക്കും മല്ലിയില കേടായിപ്പോകുന്നു.
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മല്ലിയില. എന്തിനും ഏതിനും ഭക്ഷണത്തിൽ മല്ലിയില ചേർക്കുന്നവരാണ് നമ്മൾ. ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നതിനൊപ്പം നിരവധി ആരോഗ്യ ഗുണങ്ങളും മല്ലിയിലയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ വാങ്ങി രണ്ടു ദിവസം കഴിയുമ്പോഴേക്കും മല്ലിയില കേടായിപ്പോകുന്നു. ഫ്രിഡ്ജിൽ അല്ലാതെ സൂക്ഷിച്ചാൽ കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാലിത് ഫ്രിഡ്ജില്ലാതെയും സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ മതി.
- ഈർപ്പം ഉണ്ടാകുമ്പോഴാണ് മല്ലിയില പെട്ടെന്ന് കേടായിപ്പോകുന്നത്. ഇതിനൊപ്പം ചൂടും കൂടുമ്പോൾ ഇലകൾ പെട്ടെന്ന് മഞ്ഞ നിറത്തിൽ ആവുകയും വാടുകയും ചെയ്യുന്നു. പോളിത്തീൻ ബാഗിലാക്കി സൂക്ഷിക്കുന്നത് ഈർപ്പം ഉണ്ടാവാനും മല്ലിയില പെട്ടെന്ന് കേടായിപ്പോകാനും കാരണമാകാറുണ്ട്.
2. വെള്ളത്തിൽ നന്നായി മല്ലിയില കഴുകിയെടുക്കാം. ശേഷം ഈർപ്പം ഇല്ലാതെ ഉണക്കിയെടുക്കാനും മറക്കരുത്. വൃത്തിയുള്ള തുണി ഉപയോഗിച്ച് മല്ലിയില നന്നായി പൊതിഞ്ഞ്, വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാം. ദിവസങ്ങളോളം മല്ലിയില കേടുവരാതിരിക്കാൻ ഇത് സഹായിക്കുന്നു.
3. പണ്ടുകാലം മുതലേ ഉപയോഗിക്കുന്ന ഒന്നാണ് മൺകലങ്ങൾ. ഇന്ന് വീടുകളിൽ അധികം കാണാൻ സാധിക്കില്ലെങ്കിലും ചില വീടുകളിൽ ഇതുണ്ട്. മല്ലിയിലയിൽ ചെറുതായി വെള്ളം തളിച്ചതിന് ശേഷം മൺകലത്തിൽ സൂക്ഷിക്കാം. ഇതിൽ പ്രകൃതിദത്തമായ തണുപ്പ് ഉള്ളതുകൊണ്ട് തന്നെ എത്രദിവസം വരെയും മല്ലിയില കേടുവരാതിരിക്കും.
4. കഴുകിയതിന് ശേഷം മല്ലിയില നാരങ്ങ തോടിനോപ്പം ഒരു പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം. ഇത് അണുക്കൾ ഉണ്ടാവുന്നതിനെ തടയുകയും മല്ലിയില കേടുവരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
5. വേരുകളോടെയാണ് മല്ലിയില വരുന്നത്. വേരുകൾ, നേരിയ ഈർപ്പം ഉള്ള മണ്ണും തുണിയും ഉപയോഗിച്ച് നന്നായി പൊതിയണം. ഇത് ഇലകൾ കേടുവരാതെ ഫ്രഷായിരിക്കാൻ സഹായിക്കുന്നു.
6. എപ്പോഴും മല്ലിയില കഴുകി വൃത്തിയാക്കിയതിന് ശേഷം ഉണക്കാൻ ശ്രദ്ധിക്കണം. അധികം വെളിച്ചം ഇല്ലാത്ത, തണുപ്പുള്ള ഉണങ്ങിയ സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്.


