ഫ്രിഡ്ജ് വെയ്ക്കുമ്പോൾ ഉപകരണവും ചുമരും തമ്മിൽ നിശ്ചിത അകലമുണ്ടായിരിക്കണം. ശരിയായ വായു സഞ്ചാരമുണ്ടെന്ന് ഉറപ്പാകേണ്ടതുണ്ട്. ഇത് അപകടങ്ങൾ ഒഴിവാക്കുന്നു.

അടുക്കളയിൽ ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒന്നാണ് ഫ്രിഡ്ജ്. ഭക്ഷണ സാധനങ്ങളും ബാക്കിവന്ന ഭക്ഷണങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നത് തുടങ്ങി നിരവധി ഉപയോഗങ്ങളാണ് ഫ്രിഡ്ജിനുള്ളത്. എന്നാൽ ശരിയായ രീതിയിൽ ഫ്രിഡ്ജ് ഉപയോഗിച്ചില്ലെങ്കിൽ അപകട സാധ്യതയും കൂടുതലാണ്. ഇത് ഫ്രിഡ്ജ് പൊട്ടിത്തെറിക്കാൻ വരെ കാരണമാകുന്നു. അതിനാൽ തന്നെ എപ്പോഴും സുരക്ഷിതമായിരിക്കാൻ ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

  1. ഫ്രിഡ്ജ് ഉപയോഗിക്കുന്നതിന് മുമ്പ് ഉപയോക്തൃ മാനുവൽ നന്നായി വായിച്ച് മനസിലാക്കേണ്ടതുണ്ട്. ഫ്രിഡ്ജ് വെയ്ക്കുമ്പോൾ ഉപകരണവും ചുമരും തമ്മിൽ നിശ്ചിത അകലമുണ്ടായിരിക്കണം. ശരിയായ വായു സഞ്ചാരമുണ്ടെന്ന് ഉറപ്പാകേണ്ടതുണ്ട്. ഇത് അപകടങ്ങൾ ഒഴിവാക്കുന്നു.

2. ഫ്രിഡ്ജ് വെച്ചിരിക്കുന്ന സ്ഥലത്ത് വെന്റിലേഷൻ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നത് ഒഴിവാക്കാം. ഉപകരണം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

3. ഫ്രിഡ്ജ് പോലുള്ള വലിയ ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്ലഗ് ഇൻ ചെയ്യുന്നത് ഒഴിവാക്കാം. പകരം ചുമരിൽ തന്നെ പ്ലഗ് ഇൻ ചെയ്യാൻ ശ്രദ്ധിക്കണം.

4. നിങ്ങളുടെ ഫ്രിഡ്ജിൽ നിന്നും വ്യത്യസ്തമായ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാതെ പോകരുത്. ഫ്രിഡ്ജിന് തകരാറുകൾ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ഉടൻ തന്നെ പരിഹരിക്കുകയും വേണം.

5. റഫ്രിജറന്റിന്റെ കാര്യത്തിൽ ശ്രദ്ധാലുവായിരിക്കണം. ഫ്രിഡ്ജിൽ നിന്ന് ചൂട് പുറന്തള്ളാൻ റഫ്രിജറന്റ് ഉപയോഗിക്കുന്നു. ആധുനിക ഉപകരണങ്ങളിൽ ഇത് വളരെ ചെറിയ അളവിൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇത് കത്തിപ്പിടിക്കാൻ സാധ്യതയുള്ളതിനാൽ തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. റഫ്രിജറന്റ് ചോർച്ചയുടെ സാധ്യത കുറയ്ക്കുന്നതിന്, മൂർച്ചയുള്ള ഒന്നും ഉപയോഗിച്ച് ഫ്രീസർ ഡീഫ്രോസ്റ്റ് ചെയ്യരുത്.

6. ചെറിയ മുറിയിൽ വലിയ റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ശരിയായ രീതിയിലുള്ള വായു സഞ്ചാരമുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ചെറിയ മുറിയാകുമ്പോൾ കൃത്യമായ വായു സഞ്ചാരം ഉണ്ടാകണമെന്നില്ല. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു.