പുറത്ത് നിന്നും വാങ്ങിവരുന്ന സാധനങ്ങൾ നേരെ കിച്ചൻ കൗണ്ടർടോപ്പിൽ വയ്ക്കുന്നവരാണ് നമ്മളിൽ അധികവും. ഒറ്റനോട്ടത്തിൽ സാധനങ്ങൾ സൂക്ഷിക്കാൻ പറ്റിയ ഇടമാണെന്ന് തോന്നുമെങ്കിലും ശരിയായ സ്ഥലത്ത് ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ അവ പെട്ടെന്ന് കേടായിപ്പോകും
പുറത്ത് നിന്നും വാങ്ങിവരുന്ന സാധനങ്ങൾ നേരെ കിച്ചൻ കൗണ്ടർടോപ്പിൽ വയ്ക്കുന്നവരാണ് നമ്മളിൽ അധികവും. ഒറ്റനോട്ടത്തിൽ സാധനങ്ങൾ സൂക്ഷിക്കാൻ പറ്റിയ ഇടമാണെന്ന് തോന്നുമെങ്കിലും ശരിയായ സ്ഥലത്ത് ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ അവ പെട്ടെന്ന് കേടായിപ്പോകും. കിച്ചൻ കൗണ്ടർടോപ്പിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 തരം ഭക്ഷണ സാധനങ്ങൾ എന്തൊക്കെയെന്ന് അറിയാം.
മുട്ട
കടകളിൽ മുട്ട തുറന്ന് വച്ചിരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കടയിൽ സൂക്ഷിക്കുന്നത് പോലെ വീട്ടിൽ സൂക്ഷിക്കാൻ കഴിയില്ല. എളുപ്പത്തിൽ കേടുവരുന്ന ഒന്നാണ് മുട്ട. പ്രത്യേകിച്ചും ചൂട് സമയങ്ങളിൽ. പലതരത്തിലുള്ള ഉപകരണങ്ങൾ അടുക്കളയിൽ ഉള്ളതുകൊണ്ട് തന്നെ ചൂടൻ അന്തരീക്ഷമായിരിക്കും എപ്പോഴും ഉണ്ടായിരിക്കുന്നത്. ചൂട് കൂടുതലാകുമ്പോൾ ബാക്റ്റീരിയകളും പെരുകുന്നു. ഇത് മുട്ട എളുപ്പത്തിൽ ചീഞ്ഞു പോകാൻ കാരണമാകും.
ബ്രഡ്
നല്ല മൃദുവായിട്ടുള്ള ഫ്രഷ് ബ്രഡിന്റെ സ്വാദ് വേറെ തന്നെയാണല്ലേ. എന്നാൽ ഈർപ്പം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ കൗണ്ടർടോപ്പിന് മുകളിൽ ഇത്തരം ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചാൽ അവ എളുപ്പത്തിൽ ഉണങ്ങി പോവുകയും ഫ്രഷ്‌നെസ്സ് നഷ്ടപ്പെടുകയും പൂപ്പൽ വരുകയും ചെയ്യുന്നു. ഫ്രിഡ്ജ് അല്ലെങ്കിൽ അടച്ചുറപ്പുള്ള പാത്രത്തിൽ ബ്രഡ് സൂക്ഷിക്കാവുന്നതാണ്.
സവാള
കിച്ചൻ കൗണ്ടർടോപ്പിലും പച്ചക്കറി ബാസ്കറ്റിലുമൊക്കെ സവാള സൂക്ഷിക്കാൻ കഴിയുമെങ്കിലും അധിക ദിവസം അങ്ങനെ വെച്ചിരുന്നാൽ ഇത് പെട്ടെന്ന് മുളക്കാൻ സാധ്യതയുണ്ട്. ഈർപ്പമില്ലാത്ത തണുപ്പുള്ള സ്ഥലങ്ങളിലാണ് സവാള സൂക്ഷിക്കേണ്ടത്. ഉരുളക്കിഴങ്ങിന്റെ കൂടെ സവാള സൂക്ഷിച്ചാൽ രണ്ട് പച്ചക്കറികളും കേടായിപ്പോകും. അതിനാൽ തന്നെ സവാള പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കാവുന്നതാണ്.
തക്കാളി
കിച്ചൻ കൗണ്ടർടോപുകളിൽ തക്കാളി സൂക്ഷിക്കുന്നത് ഉചിതമല്ല. തുറന്ന സ്ഥലത്ത് ദിവസങ്ങളോളം തക്കാളി സൂക്ഷിക്കുമ്പോൾ പെട്ടെന്ന് കേടുവരുകയും പഴുത്ത് പോകാനും സാധ്യതയുണ്ട്. അധികം വെളിച്ചം കടക്കാത്ത സ്ഥലത്തോ അല്ലെങ്കിൽ ഫ്രിഡ്ജിലോ തക്കാളി സൂക്ഷിക്കാവുന്നതാണ്.
ഉരുളകിഴങ്ങ്
തണുപ്പുള്ള അധികം വെളിച്ചം കടക്കാത്ത സ്ഥലങ്ങളിലാണ് ഉരുളകിഴങ്ങ് സൂക്ഷിക്കേണ്ടത്. കിച്ചൻ കൗണ്ടർടോപ്പിൽ ഉരുളകിഴങ്ങ് സൂക്ഷിച്ചാൽ നിരന്തരമായി വെളിച്ചം നേരിട്ട് അടിക്കുകയും പെട്ടെന്ന് മുളയ്ക്കാനും കാരണമാകുന്നു. ഇത് തടയുന്നതിന് വേണ്ടി വായുസഞ്ചാരമുള്ള പേപ്പർ കവറിൽ ഉരുളകിഴങ്ങ് സൂക്ഷിക്കാവുന്നതാണ്.
