ജോലി തിരക്കുകളൊക്കെ കഴിഞ്ഞ് സമാധാനത്തോടെ വിശ്രമിക്കാൻ വേണ്ടിയാണ് നമ്മൾ വീടുകളിലേക്ക് പോകുന്നത്. എന്നാൽ വൃത്തിയില്ലാത്ത സാഹചര്യം നമ്മളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നു.
എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കേണ്ട ഇടമാണ് വീട്. എന്നാൽ ജോലി തിരക്കിനിടയിൽ പലപ്പോഴും ഇതിനുള്ള സാവകാശം കിട്ടാതെ വരുന്നു. ജോലി തിരക്കുകളൊക്കെ കഴിഞ്ഞ് സമാധാനത്തോടെ വിശ്രമിക്കാൻ വേണ്ടിയാണ് നമ്മൾ വീടുകളിലേക്ക് പോകുന്നത്. എന്നാൽ വൃത്തിയില്ലാത്ത സാഹചര്യം നമ്മളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നു. എത്ര വൃത്തിയാക്കിയിട്ടിട്ടും വീടിനുള്ളിൽ നിന്നും ദുർഗന്ധം വരുന്നുണ്ടോ. എങ്കിൽ ഇതാണ് കാരണം, ശ്രദ്ധിക്കാം.
അടുക്കള മാലിന്യങ്ങൾ
മാലിന്യങ്ങൾ ഒരിക്കലും അടുക്കളയിൽ സൂക്ഷിക്കരുത്. ഇത് അണുക്കൾ ഉണ്ടാവാനും വീടിനുള്ളിൽ ആകെ ദുർഗന്ധം പരത്താനും കാരണമാകുന്നു. ഇടയ്ക്കിടെ മാലിന്യങ്ങൾ കളഞ്ഞ് അടുക്കള വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കാം. അടുക്കള പ്രതലങ്ങൾ വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്. ഇത് ദുർഗന്ധത്തെ അകറ്റുകയും അണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
റെഫ്രിജറേറ്റർ
അടുക്കളയിൽ വിശ്രമം ഇല്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപകരണമാണ് റെഫ്രിജറേറ്റർ. അതിനാൽ തന്നെ റെഫ്രിജറേറ്റർ എപ്പോഴും വൃത്തിയായോടെ സൂക്ഷിക്കേണ്ടതുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും പറ്റിയിരുന്നാൽ റെഫ്രിജറേറ്ററിൽ നിന്നും ദുർഗന്ധം ഉണ്ടാവുന്നു. ഇത് വീട് മുഴുവൻ പരക്കുകയും ചെയ്യും.
മുഷിഞ്ഞ വസ്ത്രങ്ങൾ
മുഷിഞ്ഞ വസ്ത്രങ്ങൾ ഒരിക്കലും ബാത്റൂമിനുള്ളിലോ, തുറന്നിട്ട നിലയിൽ കിടപ്പുമുറിയിലോ സൂക്ഷിക്കാൻ പാടില്ല. വീടിനുള്ളിൽ ദുർഗന്ധം ഉണ്ടാവാനുള്ള മറ്റൊരു കാരണം ഇതാണ്. ഈർപ്പമുള്ള സ്ഥലങ്ങളിൽ മുഷിഞ്ഞ വസ്ത്രങ്ങൾ സൂക്ഷിക്കുമ്പോൾ അണുക്കൾ ഉണ്ടാവുകയും ചെയ്യുന്നു.
ഷൂ റാക്ക്
ചെരുപ്പുകൾ സൂക്ഷിക്കുന്ന ഷൂ റാക്കിൽ നിന്നും ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പുറത്തിടുന്ന ചെരുപ്പുകളിൽ അഴുക്കും അണുക്കളും ഉണ്ടാവാം. ഇത് അടച്ചിട്ട രീതിയിൽ സൂക്ഷിക്കുമ്പോൾ ദുർഗന്ധം ഉണ്ടാവുന്നു. അതിനാൽ തന്നെ നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ മാത്രം ഷൂ റാക്ക് വയ്ക്കാൻ ശ്രദ്ധിക്കണം.
കിടക്ക
ചില സമയങ്ങളിൽ കിടക്കയിൽ നിന്നും ദുർഗന്ധം വരാറുണ്ട്. ഉറങ്ങുന്ന സമയത്ത് വിയർക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഇത് കിടക്കയിൽ പറ്റുകയും ദുർഗന്ധമായി മാറുകയും ചെയ്യുന്നു. ആറ് മാസം കൂടുമ്പോൾ കിടക്ക വൃത്തിയാക്കി വാക്വം ചെയ്യാൻ ശ്രദ്ധിക്കണം. ഇത് മുറിക്കുള്ളിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിനെ തടയുന്നു.


