അടുക്കളയിലുള്ള എല്ലാ വസ്തുക്കളും കാലാകാലം ഉപയോഗിക്കാൻ കഴിയുന്നവയല്ല. പഴക്കമുള്ള സാധനങ്ങൾ ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ആരോഗ്യത്തെ നന്നായി ബാധിക്കുന്നു.

ഇഷ്ടമുള്ള സാധനങ്ങൾ എത്രകാലംവരേയും ഉപയോഗിക്കുന്നവരാണ് നമ്മൾ. പഴയത് മാറ്റി പുതിയത് വാങ്ങാൻ പോലും നമ്മൾ തയാറാകാറില്ല. എന്നാൽ എല്ലാത്തരം വസ്തുക്കളും കാലാകാലം ഉപയോഗിക്കാൻ സാധിക്കില്ല. ചില അടുക്കള സാധനങ്ങൾ ഇടയ്ക്കിടെ മാറ്റിയില്ലെങ്കിൽ ആരോഗ്യത്തിന് ദോഷമുണ്ടാകുന്നു. അവ എന്തൊക്കെയാണെന്ന് അറിയാം.

1.സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും

ഒരു വർഷത്തിൽ കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കാൻ പാടില്ല. ഇത് സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണവും രുചിയും നഷ്ടപ്പെടാൻ കാരണമാകുന്നു. അതേസമയം വായുകടക്കാത്ത പാത്രത്തിലാക്കിയാവണം ഇത് സൂക്ഷിക്കേണ്ടത്.

2. അടുക്കള ടവൽ

അടുക്കള ടവലിൽ ധാരാളം അണുക്കൾ ഉണ്ടാവുന്നു. അതിനാൽ തന്നെ ദിവസവും ടവൽ കഴുകി വൃത്തിയാക്കാൻ മറക്കരുത്. മൂന്ന് മാസത്തിൽ കൂടുതൽ ഒരു ടവൽ തന്നെ ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഇത് അണുക്കൾ പെരുകാനും ഇത് അടുക്കളയിൽ പടരാനും കാരണമാകുന്നു.

3. നോൺ സ്റ്റിക് പാൻ

പാചകം എളുപ്പമാക്കുമെങ്കിലും നോൺ സ്റ്റിക് പാനുകൾ അധികകാലം ഉപയോഗിക്കാൻ സാധിക്കുകയില്ല. രണ്ട് വർഷം കൂടുമ്പോൾ ഇത് മാറ്റേണ്ടതുണ്ട്. കാരണം കാലക്രമേണ ഇതിന്റെ കോട്ടിങ് ഇല്ലാതാവുകയും ശരിയായ രീതിയിൽ ഭക്ഷണം പാകമാവാതെയും ആകുന്നു. അതിനാൽ തന്നെ പഴയത് മാറ്റി പുതിയത് വാങ്ങാൻ ശ്രദ്ധിക്കണം.

4. പ്ലാസ്റ്റിക് പാത്രങ്ങൾ

അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് പാത്രങ്ങളാണ്. എന്നാൽ കാലക്രമേണ ഇത് നശിക്കാൻ തുടങ്ങും. ചൂടുള്ള ഭക്ഷണങ്ങൾ വയ്ക്കുമ്പോൾ പ്ലാസ്റ്റിക് അലിഞ്ഞ് ഭക്ഷണത്തിൽ കലരാനും സാധ്യത കൂടുതലാണ്.

5. അടുക്കള സ്പോഞ്ച്

അടുക്കളയിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാവുന്നത് പാത്രം കഴുകുന്ന സ്പോഞ്ചിലാണ്. അതിനാൽ തന്നെ രണ്ടാഴ്ച്ചയിൽ കൂടുതൽ ഇത് ഉപയോഗിക്കാൻ പാടില്ല.