നാരങ്ങ തോടിലുള്ള സിട്രിക് ആസിഡ് മണ്ണിന്റെ അമ്ലത്വം വർധിപ്പിക്കാൻ സഹായിക്കുന്നു. മറ്റ് മാലിന്യങ്ങൾക്കൊപ്പം നാരങ്ങ തോടും കമ്പോസ്റ്റിൽ ഇട്ടുകൊടുക്കാം.

ചൂട് സമയങ്ങളിൽ നാരങ്ങ വെള്ളം ഒരാശ്വാസം തന്നെയാണ്. എന്നാൽ ബാക്കിവന്ന നാരങ്ങ തോട് നിങ്ങൾ എന്ത് ചെയ്യും. ഒട്ടുമിക്ക ആളുകളും ഉപയോഗം കഴിഞ്ഞാൽ തോട് വലിച്ചെറിയുകയാണ് ചെയ്യാറുള്ളത്. എന്നാൽ നാരങ്ങയുടെ തോടിൽ അസിഡിറ്റി ഉണ്ട്. ഇത് കീടങ്ങളെയും പ്രാണികളെയും തുരത്താൻ നല്ലതാണ്. ചെടികളുടെ സംരക്ഷണത്തിനായി നാരങ്ങ തോട് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ.

കീടങ്ങളെ തുരത്താം

പൂന്തോട്ടത്തിലെ കീടങ്ങളുടെ ശല്യം ഒഴിവാക്കാൻ നാരങ്ങ നീര് സ്പ്രേ ചെയ്താൽ മതി. 4 കപ്പ് വെള്ളത്തിൽ 6 കഷ്ണം നാരങ്ങ ഇട്ടു നന്നായി തിളപ്പിക്കണം. രാത്രി മുഴുവൻ അങ്ങനെ തന്നെ വെച്ചതിന് ശേഷം അടുത്ത ദിവസം കുപ്പിയിലാക്കി ചെടിയിൽ സ്പ്രേ ചെയ്താൽ മതി. നാരങ്ങയുടെ തോട് ചെടികൾക്ക് ചുറ്റും ഇടുന്നതും കീടങ്ങളെ അകറ്റി നിർത്തുന്നു.

മണ്ണിന്റെ അമ്ലത്വം

നാരങ്ങ തോടിലുള്ള സിട്രിക് ആസിഡ് മണ്ണിന്റെ അമ്ലത്വം വർധിപ്പിക്കാൻ സഹായിക്കുന്നു. മറ്റ് മാലിന്യങ്ങൾക്കൊപ്പം നാരങ്ങ തോടും കമ്പോസ്റ്റിൽ ഇട്ടുകൊടുക്കാം. 6 മാസം കഴിഞ്ഞ് ഇത് മണ്ണിൽ ഇട്ടുകൊടുത്താൽ ചെടികൾ നന്നായി വളരുന്നു. അതേസമയം നാരങ്ങ തോട് ആയോ പൊടിച്ചോ മണ്ണിൽ ഇടാവുന്നതാണ്.

വളപ്രയോഗം

നാരങ്ങ തോടിലെ വിറ്റാമിനുകളും പോഷകങ്ങളും ഉപയോഗിച്ച് ദ്രാവക വളം ഉണ്ടാക്കാൻ സാധിക്കും. ബാക്കിവന്ന നാരങ്ങ തോട് രണ്ട് ദിവസം വെള്ളത്തിലിട്ട് വയ്ക്കണം. ശേഷം ഇത് ചെടികൾക്ക് ഒഴിച്ച് കൊടുത്താൽ മതി.

ചിത്രശലഭങ്ങളെ ആകർഷിക്കാം

നാരങ്ങ തോടിൽ അസിഡിറ്റി ഉള്ളതുകൊണ്ട് തന്നെ ഇത് ചിത്രശലഭങ്ങളെ ആകർഷിക്കുന്നു. ഇത് എപ്പോഴും ചെടികൾക്ക് ചുറ്റുമിടുന്നത് ഗുണകരമാണ്. അതേസമയം തോട് പഴകുന്നതിന് മുമ്പ് മാറ്റാൻ മറക്കരുത്.