ദിവസങ്ങളോളം ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കാൻ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ സാധനങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം ഉണ്ടാവുന്നു. ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാതിരിക്കരുത്.
അടുക്കളയിൽ വിശ്രമം ഇല്ലാതെ പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. ഭക്ഷണ സാധനങ്ങളും പഴങ്ങളും പച്ചക്കറികളുമെല്ലാം ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ. ശരിയായ രീതിയിൽ പരിചരിച്ചില്ലെങ്കിൽ ഫ്രിഡ്ജ് കേടായിപ്പോവുകയും പ്രവർത്തിക്കാതാവുകയും ചെയ്യുന്നു. ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം വരുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.കേടുവന്ന ഭക്ഷണ സാധനങ്ങൾ
ദിവസങ്ങളോളം ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഫ്രിഡ്ജിനുള്ളിൽ നിന്നും ദുർഗന്ധം ഉണ്ടാവുന്നു. കേടുവന്ന ഭക്ഷണങ്ങൾ കൃത്യസമയത്ത് ഫ്രിഡ്ജിൽ നിന്നും നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. ദുർഗന്ധം വരുന്നതിന്റെ ആദ്യ കാരണം കേടുവന്ന ഭക്ഷണ സാധനങ്ങളാണ്.
2. മാലിന്യങ്ങൾ നീക്കം ചെയ്യാത്തത്
ഫ്രിഡ്ജിനുള്ളിൽ ഭക്ഷണാവശിഷ്ടങ്ങൾ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ശരിയായ രീതിയിൽ വൃത്തിയാക്കാതെ വരുന്നതും ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. അതേസമയം മത്സ്യവും മാംസവും ഫ്രിഡ്ജിനുള്ളിൽ അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. തുറന്ന് വയ്ക്കുന്നത് ദുർഗന്ധത്തിന് വഴിയൊരുക്കുന്നു.
3. വെള്ളം കെട്ടികിടക്കുക
അധികമായ വെള്ളം പുറത്ത് കളയുന്നതിന് ഫ്രിഡ്ജിന് പിൻഭാഗത്തോ അടിഭാഗത്തോ ആയി ഡ്രെയിൻ ഹോൾ ഉണ്ട്. ഇതിൽ അഴുക്കുകൾ അടിഞ്ഞുകൂടിയാൽ വെള്ളം പോകാതെ വരുകയും ഇത് ഡ്രിപ് ട്രേയിൽ കെട്ടിനിൽക്കാനും കാരണമാകുന്നു. ഇതുമൂലം ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം ഉണ്ടാവുകയും ചെയ്യും.
4. പാത്രങ്ങളിലെ ദുർഗന്ധം
അടുക്കളയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്നും ദുർഗന്ധം ഉണ്ടാവാറുണ്ട്. ഭക്ഷണ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുമ്പോൾ ഭക്ഷണത്തിന്റെ ഗന്ധത്തെ ഇത് ആഗിരണം ചെയ്യുകയും ഫ്രിഡ്ജിനുള്ളിൽ ദുർഗന്ധമായി മാറുകയും ചെയ്യുന്നു. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദുർഗന്ധം ഉണ്ടാവുന്നതിനെ തടയാൻ സാധിക്കും.


