പച്ചമുളക് ഇല്ലാത്ത അടുക്കള ഉണ്ടാവില്ല. എന്നാൽ വാങ്ങി കുറച്ച് ദിവസം കഴിയുമ്പോഴേക്കും പച്ചമുളക് കേടായിപ്പോകുന്നു. പച്ചമുളക് സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പച്ചമുളക്. ഒട്ടുമിക്ക കറികളിലും നമ്മൾ പച്ചമുളക് ഇടാറുണ്ട്. രുചിയും എരിവും ലഭിക്കുന്നതിന് വേണ്ടിയാണ് പച്ചമുളക് ഉപയോഗിക്കുന്നത്. എന്നാൽ വാങ്ങി കുറച്ച് ദിവസം കഴിയുമ്പോഴേക്കും പച്ചമുളക് പെട്ടെന്ന് കേടായിപ്പോകുന്നു. പച്ചമുളക് ഫ്രഷായിരിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.
1.സിപ് ലോക്ക് ബാഗ്
പച്ചമുളക് ദിവസങ്ങളോളം കേടുവരാതിരിക്കാൻ സിപ് ലോക്ക് ബാഗിലാക്കി ഇത് സൂക്ഷിക്കാവുന്നതാണ്. മുളകിന്റെ തണ്ട് മുറിച്ചെടുത്തതിന് ശേഷം ഇവ സിപ് ലോക്ക് ബാഗിലാക്കാം. ശേഷം ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി. ആവശ്യം ഉള്ളപ്പോൾ എളുപ്പത്തിൽ ഉപയോഗിക്കാനും സാധിക്കുന്നു. ആഴ്‌ച്ചകളോളം ഇത്തരത്തിൽ പച്ചമുളക് കേടുവരാതിരിക്കും.
2. വായുകടക്കാത്ത പാത്രത്തിലാക്കാം
പച്ചമുളക് കേടുവരാതിരിക്കാൻ വായുക്കടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാവുന്നതാണ്. ഒരു പാത്രത്തിൽ കിച്ചൻ ടവൽ വെച്ചതിന് ശേഷം അതിലേക്ക് തണ്ട് മുറിച്ച പച്ചമുളക് ഇടാം. ശേഷം അതിനെ മറ്റൊരു കിച്ചൻ ടവൽ ഉപയോഗിച്ച് മൂടിവയ്ക്കണം. ശേഷം പാത്രം അടച്ച് ഫ്രിഡ്ജിനുള്ളിൽ വെയ്ക്കാം. ഇത് പച്ചമുളകിൽ ഉണ്ടാകുന്ന ഈർപ്പത്തെ ആഗിരണം ചെയ്യുകയും ഫ്രഷായി ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
3. അലുമിനിയം ഫോയിൽ
അലുമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നതും പച്ചമുളക് ദിവസങ്ങളോളം കേടുവരാതിരിക്കാൻ സഹായിക്കുന്നു. ഇത് നന്നായി പൊതിഞ്ഞതിന് ശേഷം ഫ്രീസറിൽ സൂക്ഷിക്കാം. ഒരു ദിവസം മുഴുവൻ അങ്ങനെ വെച്ചതിന് ശേഷം വായുക്കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ അടച്ച് സൂക്ഷിച്ചാൽ മതി.


