എളുപ്പത്തിൽ ഭക്ഷണം പാകം ചെയ്യുകയും നിമിഷങ്ങൾകൊണ്ട് ചൂടാക്കി കിട്ടുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ ചൂടാക്കാൻ മാത്രമല്ല വേറെയും ഉപയോഗങ്ങളുണ്ട് മൈക്രോവേവിന്.
കുറച്ച് നാളുകൾക്ക് മുമ്പ് വരെ അധികമാരും ഉപയോഗിക്കാത്ത ഒന്നായിരുന്നു മൈക്രോവേവ്. എന്നാൽ ഇപ്പോൾ അടുക്കളയിലെ അവശ്യ വസ്തുക്കളിൽ ഒന്നായി മാറിയിരിക്കുകയാണ് ഈ ഉപകരണം. എളുപ്പത്തിൽ ഭക്ഷണം പാകം ചെയ്യുകയും നിമിഷങ്ങൾകൊണ്ട് ചൂടാക്കി കിട്ടുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ ചൂടാക്കാൻ മാത്രമല്ല വേറെയും ഉപയോഗങ്ങളുണ്ട് മൈക്രോവേവിന്. അവ എന്തൊക്കെയാണെന്ന് അറിയാം.
വെളുത്തുള്ളിയുടെ തൊലി
വെളുത്തുള്ളിയുടെ തൊലി കളയുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന ജോലിയാണ്. എന്നാൽ മൈക്രോവേവ് ഉപയോഗിച്ച് നിമിഷങ്ങൾകൊണ്ട് വെളുത്തുള്ളിയുടെ തൊലി കളയാൻ സാധിക്കും. 15 സെക്കൻഡ് മൈക്രവേവിൽ ചൂടാക്കിയാൽ എളുപ്പത്തിൽ വെളുത്തുള്ളിയുടെ തൊലി കളയാൻ കഴിയും.
നാരങ്ങ പിഴിയാം
നാരങ്ങ പിഴിയാൻ ഇനി കഷ്ടപ്പെടേണ്ട. നാരങ്ങ മൈക്രോവേവിൽ വെച്ച് ചൂടാക്കിയെടുത്താൽ എളുപ്പത്തിൽ പിഴിഞ്ഞെടുക്കാൻ സാധിക്കും.
ഔഷധ സസ്യങ്ങൾ
ഔഷധ സസ്യങ്ങൾ കേടുവരാതിരിക്കാൻ ഇത്രയും ചെയ്താൽ മതി. പുതിന, റോസ്മേരി തുടങ്ങിയ സസ്യങ്ങൾ 30 സെക്കൻഡ് മൈക്രോവേവിൽ വയ്ക്കണം. ശേഷം ഇത് പൊടിച്ചെടുത്ത് വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാവുന്നതാണ്.
സ്പോഞ്ചിലെ ദുർഗന്ധം
അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ചിൽ ദുർഗന്ധം ഉണ്ടെങ്കിൽ, നനച്ചതിന് ശേഷം രണ്ട് മിനിട്ടോളം മൈക്രോവേവിൽ വെച്ച് ചൂടാക്കണം. ഇങ്ങനെ ചെയ്യുമ്പോൾ അണുക്കൾ ഇല്ലാതാവുന്നു.
അണുവിമുക്തമാക്കാം
ചെറിയ അടുക്കള ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ മൈക്രോവേവ് ഉപയോഗിക്കാം. ചെറിയ ജാറുകൾ, കുട്ടികളുടെ ബോട്ടിൽ നിപ്പിൾസ് എന്നിവ ഒരു പാത്രത്തിലാക്കി ചൂടാക്കാൻ വയ്ക്കാം. ഇത് അണുക്കളെ നശിപ്പിക്കുന്നു.
നട്സുകൾ
നട്സുകളും സീഡുകളും വറുത്തെടുക്കാൻ ഗ്യാസ് സ്റ്റൗവിന്റെ തന്നെ ആവശ്യമില്ല, മൈക്രോവേവ് ഉപയോഗിച്ചും ഇത് എളുപ്പത്തിൽ വറുത്തെടുക്കാൻ സാധിക്കും. 30 സെക്കൻഡ് വീതം ഇടവിട്ട് ചൂടാക്കിയെടുത്താൽ മതി. ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്.


