ബാഹുബലി രണ്ടാം ഭാഗം ഇന്നു റിലീസ് ആയിരിക്കുന്നു. ആരാധകരെല്ലാം ആവേശത്തിലാണ്. രജനികാന്ത് സിനിമയെ വരവേല്‍ക്കുന്നതുപോലെ പടക്കംപൊട്ടിട്ടും പാലഭിഷേകം ചെയ്തുമൊക്കെയാണ് അവര്‍ ബാഹുബലിയെ വരവേറ്റത്. ബാഹുബലി ബ്രാന്‍ഡഡ് ടീ ഷര്‍ട്ട് ധരിച്ചാണ് ആരാധകര്‍ തിയറ്ററുകളിലേക്ക് എത്തിയത്. ആദ്യദിവസം തന്നെ സിനിമ കാണണമെന്ന് ഉറച്ച ഹൈദരാബാദിലെ ഒരുകൂട്ടം ഐടി ജീവനക്കാര്‍ ബോസിനോട് ലീവ് ചോദിച്ചു. രാവിലെ എഴരയ്‌ക്കാണ് ആദ്യ ഷോ. ലീവ് ചോദിച്ചപ്പോള്‍ അതിന് വഴങ്ങാന്‍ ബോസ് തയ്യാറായില്ല. ബോസിനെക്കൊണ്ട് സമ്മതിപ്പിക്കാന്‍ പതിനെട്ടാമത്തെ അടവും അവര്‍ പുറത്തെടുത്തു. സിനിമ കാണാന്‍ വേണ്ടി എടുക്കുന്ന അരദിവസത്തെ അവധിക്ക് പകരമായി ഇനിയുള്ള ദിവസങ്ങളില്‍ അരമണിക്കൂര്‍ അധികം ജോലി ചെയ്യാമെന്നായിരുന്നു അവര്‍ ബോസിനോട് പറഞ്ഞത്. ഇത് കേട്ടതോടെ ബോസിന് ഏറെ സന്തോഷമായി. അപ്പോള്‍ത്തന്നെ സിനിമ കാണാന്‍ അനുമതിയും നല്‍കി. അങ്ങനെ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന വലിയ രഹസ്യം തേടി അവര്‍ അതിരാവിലെ തന്നെ തിയറ്ററുകളിലേക്ക് പോയി.