തിരുവനന്തപുരം: സര്‍ക്കാര്‍മേഖലയിലെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചു. വിശദപരിശോധയില്‍ ശസ്ത്രക്രിയ തിയറ്റടക്കം പൂര്‍ണ സജ്ജമല്ലെന്നും ജീവനക്കാരുടെ കുറവടക്കം കണ്ടെത്തിയെന്നുമാണ് ഔദ്യോഗിക വിശദീകരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന് താഴുവീണതോടെ ഇവിടെ അടിയന്തര ശസ്ത്രക്രിയക്കായി തിരഞ്ഞെടുക്കപ്പെട്ട രോഗികളുടെ ജീവന്‍ തുലാസിലായി. കാല്‍ക്കോടി രൂപയിലധികം നല്‍കി സ്വകാര്യ മേഖലയെ ആശ്രയിക്കുക മാത്രമാണ് രോഗികള്‍ക്കുമുന്നിലെ ഏകവഴി.

ഗുരുതര കരള്‍ രോഗം ബാധിച്ച വിഴിഞ്ഞം സ്വദേശി സുദര്‍ശന് കരള്‍ മാറ്റി വയ്ക്കുക മാത്രമാണ് ജീവിതത്തിലേക്ക് മടങ്ങാനുള്ള ഏക വഴി. സുദര്‍ശനെപ്പോലെ മറ്റ് 17 പേരാണ് സര്‍ക്കാരിന്റെ ദയ കാത്തിരുന്നത്. ഇതില്‍ ഒമ്പത് പേര്‍ രോഗം മൂര്‍ച്ഛിച്ച് മരിച്ചു. സുദര്‍ശനുള്‍പ്പെടെ ഒമ്പതു പേര്‍ ഇപ്പോഴും ദയയ്ക്കു കാക്കുന്നുണ്ടെങ്കിലും ശസ്ത്രക്രിയ വിഭാഗത്തിന് താഴുവീണതോടെ ഇവരുടെ പ്രതീക്ഷകളും അസ്തമിച്ചു.

സര്‍ക്കാര്‍ മേഖലയിലെ ആദ്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യൂണിറ്റാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടങ്ങിയത്. സൂപ്പര്‍സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ സജ്ജമാക്കിയ യൂണിറ്റില്‍ കഴിഞ്ഞ മാര്‍ച്ച് 23ന് സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ ആദ്യ ശസ്ത്രക്രിയയും നടന്നു. എന്നാല്‍ ഗുരുതര അണുബാധയെത്തുടര്‍ന്ന് ശസ്ത്രക്രിയക്കുവിധേയനായ ആള്‍ മരിച്ചു. ആദ്യശസ്ത്രക്രിയ ഫലം കാണാത്തതോടെ ഡോക്ടര്‍മാരടക്കം പിന്തിരിഞ്ഞു. ഇതിനിടയില്‍ നടന്ന സര്‍ക്കാര്‍ പരിശോധനയില്‍ അതിസങ്കീര്‍ണ ശസ്ത്രക്രിയ ചെയ്യാനാവശ്യമായ മെഡിക്കല്‍ പാരാമെഡിക്കല്‍ ജീവനക്കാരുടെ വലിയ കുറവടക്കം ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തകളും കണ്ടെത്തി. ഈ അപര്യാപ്തകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാതെ സര്‍ക്കാരും ശസ്ത്രക്രിയകള്‍ നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശിച്ചത്.

മെഡിക്കല്‍കോളേജുകളിലെ കരള്‍-വൃക്ക-ഹൃദയ ശസ്‌ത്രക്രിയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടുതല്‍ ആധുനിക യന്ത്രങ്ങള്‍ നല്‍കി ഹൃദയ-കരള്‍-വൃക്ക ശസ്ത്രക്രിയ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം എടുത്ത് കഴിഞ്ഞെന്നു ആരോഗ്യമന്ത്രി മന്ത്രി കെ.കെ ശൈലജ. ഈ മേഖലയില്‍ സ്വകാര്യ കൊള്ള തടയാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന് വെല്ലുവിളി ആണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മേഖലയിലെ കരള്‍മാറ്റ ശസ്ത്രക്രിയ നിലവച്ച വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്.