ആദ്യമെല്ലാം നീണ്ട വിരകളുടെ ആകൃതിയിലായിരുന്നു കട്ട പിടിച്ച രക്തം തുപ്പിയത്. എന്നാല്‍ ഒരു ദിവസം കടുത്ത ചുമയോടൊപ്പം അല്‍പം വലിയ രക്തക്കഷ്ണം തുപ്പി. ഇതിന്റെ ആകൃതി കണ്ടവരെല്ലാം ഭയന്നു

ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ സാരമായ പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് മുപ്പത്തിയാറുകാരനായ യുവാവ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരെ സമീപിച്ചത്. 

ചികിത്സയുടെ ഭാഗമായി രോഗിയുടെ ശരീരത്തിലെ രക്തം കട്ട പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക് തോന്നി. തുടര്‍ന്ന് രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്ന് നല്‍കിയ ശേഷമായിരുന്നു ചികിത്സ തുടര്‍ന്നത്. 

എങ്കിലും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് യുവാവിന്റെ ശരീരത്തിനകത്ത് അവിടവിടെയായി രക്തം കട്ട പിടിക്കാന്‍ തുടങ്ങി. പിന്നീടുള്ള ദിവസങ്ങളിലെല്ലാം അകത്ത് കട്ട പിടിച്ച രക്തം ഇയാള്‍ തുപ്പിക്കൊണ്ടിരുന്നു. 

ആദ്യമെല്ലാം നീണ്ട വിരകളുടെ ആകൃതിയിലായിരുന്നു കട്ട പിടിച്ച രക്തം തുപ്പിയത്. എന്നാല്‍ ഒരു ദിവസം കടുത്ത ചുമയോടൊപ്പം അല്‍പം വലിയ രക്തക്കഷ്ണം തുപ്പി. ഇതിന്റെ ആകൃതി കണ്ടവരെല്ലാം ഭയന്നു. ഡോക്ടര്‍മാരുള്‍പ്പെടെ ആരും ഇന്നുവരെ അങ്ങനെയൊരു സംഭവത്തിന് സാക്ഷിയായിട്ടില്ലെന്ന് പറയുന്നു. 

ശ്വാസകോശത്തിനകത്തെ വായു അറയുടെ ആകൃതിയായിരുന്നു കട്ട പിടിച്ച രക്തത്തിനുണ്ടായിരുന്നത്. വായു അറയില്‍ കയറിയ രക്തം അവിടെയിരുന്ന് കട്ട പിടിച്ചതാണത്രേ ഇതിന് കാരണമായത്. അപൂര്‍വമായതിനാല്‍ തന്നെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയമായിരിക്കുകയാണ് സംഭവമിപ്പോള്‍. 

പല തരത്തിലുള്ള അസുഖങ്ങളും കൂടിക്കലര്‍ന്ന അവസ്ഥയായതിനാല്‍ രോഗിയെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഈ സംഭവത്തെ തുടര്‍ന്നല്ല യുവാവ് മരിച്ചതെന്നും തങ്ങള്‍ക്ക് ചെയ്യാവുന്നതിന്‍റെ പരമാവധി തങ്ങള്‍ ചെയ്തുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.