വിഷമയമുള്ള രാസപദാർത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന ധാരണ ലിപ്സ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നു. എന്നാല്‍ ലിപ്സ്റ്റിക്കിന് ചില ഗുണങ്ങളുണ്ടെന്ന് പ്രശസ്ത സ്റ്റൈലിസ്റ്റ് ഭവ്യ ചൗള പറയുന്നു

മുഖം മേയ്ക്കപ്പ് ചെയ്യുന്നത് പോലെ തന്നെ സാധാരണമാണ് ലിപ്സ്റ്റിക് ഉപയോഗമെന്നും ഇപ്പോഴും ആളുകള്‍ സമ്മതിച്ച് തരാറില്ല. ലിപ്സ്റ്റിക്കില്‍ വിഷമയമുള്ള രാസപദാര്‍ത്ഥങ്ങളാണ് കലര്‍ന്നിട്ടുള്ളതെന്ന ധാരണയിലാണ് പൊതുവേ ഈ എതിര്‍പ്പ്. എന്നാല്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് കൊണ്ട് ചില ഗുണങ്ങളുണ്ടെന്നാണ് ചീഫ് സ്റ്റൈലിസ്റ്റായ ഭവ്യ ചൗള പറയുന്നത്. 

അവ ഏതൊക്കെയാണെന്ന് നോക്കാം...

1. പല ലിപ്സ്റ്റിക്കുകളിലും സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ നേരിടാന്‍ കെല്‍പുള്ള ഘടകങ്ങളുണ്ട്. ഇതുപയോഗിക്കുന്നതിലൂടെ ചുണ്ടിനെ ചൂടിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താം.

2. കറ്റാര്‍വാഴയോ വിറ്റാമിന്‍ 'ഇ'യോ കലര്‍ന്നിട്ടുള്ള ലിപ്സ്റ്റിക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇവ ചുണ്ടുകളെ എപ്പോഴും നനവോടെ കാത്തുസൂക്ഷിക്കാന്‍ ഉപകരിക്കും. 

3. ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിലൂടെ ചുണ്ടിന്റെ ഘടന കൂറേക്കൂടി ഭംഗിയായി കാണുകയും അത് നിങ്ങളുടെ പുഞ്ചിരിയെ തെളിച്ചമുള്ളതുമാക്കുന്നു. 

4. പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും ലിപ്സ്റ്റിക് ഉപയോഗം കൊണ്ട് നേട്ടമുണ്ടെന്നാണ് ഇവര്‍ പറയുന്നത്. നിങ്ങളുടെ മുഖം വളരെ സൂക്ഷ്മമാണെന്ന് ഇത് തോന്നിക്കും. വിശ്വാസ്യതയും കണിശതയുമൊക്കെ തോന്നാന്‍ ഇത് സഹായിക്കും.

5. ലിപ്സ്റ്റിക് ഉപയോഗം നിങ്ങളുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുമെന്നും ഇവര്‍ പറയുന്നു. മറ്റുള്ളവര്‍ മതിപ്പോടുകൂടി നിങ്ങളെ സമീപിക്കുന്നു എന്ന് ചിന്തിക്കാനും അതുവഴി ഉറച്ച കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ട് പെരുമാറാനും നിങ്ങള്‍ക്കാകുന്നു.