മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന പുതിയ ആരോഗ്യകേന്ദ്രത്തില്‍ രോഗികളെ പരിശോധിക്കാന്‍ ജ്യോതിഷികളും. സര്‍ക്കാര്‍ സംരഭമായ മഹര്‍ഷി പതഞ്ജലി സംസ്‌കൃത സന്‍സ്ഥാനിലാണ് ജ്യോതിഷികള്‍ രോഗികളെ പരിശോധിക്കാന്‍ ഒരുങ്ങുന്നത്. ആഴ്‌ചയില്‍ രണ്ടുദിവസം ജ്യോതിഷികളെ രോഗികളെ പരിശോധിക്കും. അലോപ്പതി ഡോക്‌ടര്‍മാര്‍ക്കൊപ്പമാണ് ജ്യോതിഷികളും ഒപിയില്‍ രോഗികളെ നോക്കാന്‍പോകുന്നത്. മഹര്‍ഷി പതഞ്ജലി സംസ്‌കൃത സന്‍സ്ഥാന്‍ ഡയറക്‌ടര്‍ പി ആര്‍ തിവാരിയാണ് ഇക്കാര്യം പറഞ്ഞത്. രോഗികളുടെ ഗ്രഹനില അടിസ്ഥാനമാക്കിയാണ് ജ്യോതിഷികള്‍ അസുഖത്തിന് പരിഹാരക്രിയ നിര്‍ദ്ദേശിക്കുക. അസുഖം മാറാന്‍ നല്‍കേണ്ട വഴിപാടുകളെക്കുറിച്ചും ജ്യോതിഷികള്‍ വിവരം നല്‍കും. ജ്യോതിഷം, വാസ്‌തു, പുരോഹിത്യ എന്നീ കോഴ്‌സുകള്‍ പഠിച്ചവരില്‍നിന്നാണ് മഹര്‍ഷി പതഞ്ജലി സംസ്‌കൃത സന്‍സ്ഥാനില്‍ പരിശോധിക്കാനുള്ള ജ്യോതിഷി ഡോക്‌ടര്‍മാരെ നിയോഗിക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.