Asianet News MalayalamAsianet News Malayalam

രുചിയുടെ കാര്യത്തില്‍ ഈ ഇറച്ചിപ്പുട്ട് അതിഗംഭീരം...!

recipe meat puttu
Author
First Published Nov 2, 2016, 5:22 PM IST

'ബീഫ് ഇറച്ചി പുട്ട്'

recipe meat puttu

ബീഫിനെ കുറിച്ച് പറഞ്ഞാല്‍ നന്നായി പാചകം ചെയ്താല്‍ രുചിയുടെ കാര്യത്തില്‍ മട്ടണ്‍ പോലും തോറ്റു പോകും. നമ്മുടെ ബീഫ് ഇറച്ചിപ്പുട്ടും ഗംഭീരം ആണ്. എല്ലാരും വേഗം പരീക്ഷിക്ഷിക്കാന്‍ തയ്യാറാണല്ലോ അല്ലേ...

ആവശ്യമായ ചേരുവകള്‍:

1) പുട്ടിന്റെ അരിപ്പൊടി - ഒരു കപ്പ്
2) ചെറുചൂടുവെള്ളം - ആവശ്യത്തിന്
3 ) ഉപ്പ് - ആവശ്യത്തിന്

ഫില്ലിങ്ങിന് വേണ്ട ചേരുവകള്‍ :

1) മസാല പുരട്ടിയ ബീഫ് - 100 ഗ്രാം
2) സവാള കൊത്തിയരിഞ്ഞത് - രണ്ടെണ്ണം വലുത്
3 ) തക്കാളി പൊടിപൊടിയായി അരിഞ്ഞത് - ഒരെണ്ണം വലുത്
4) ഇഞ്ചി  പച്ചമുളക് പേസ്റ്റ് - ഒരു ടീസ്‌പൂണ്‍ വീതം
5) പച്ച മുളക് വട്ടത്തില്‍ അരിഞ്ഞത് - രണ്ട് എണ്ണം
6) മുളക് പൊടി - ഒരു ടീസ്‌പൂണ്‍
7 ) മല്ലിപൊടി - രണ്ട് ടീസ്‌പൂണ്‍
8 ) മഞ്ഞള്‍ പൊടി - അര ടീസ്‌പൂണ്‍
9 ) ഗരം മസാല പൊടി - അര ടീസ്‌പൂണ്‍
10) ഉപ്പ് - ആവശ്യത്തിന്
11 ) കറിവേപ്പില അരിഞ്ഞത് - ഒരു തണ്ട്
12 ) മല്ലിയില അരിഞ്ഞത് - രണ്ട് ടേബിള്‍സ്‌പൂണ്‍
13) എണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം

recipe meat puttu
പുട്ടുപൊടി നനയ്ക്കാന്‍ എല്ലാവര്‍ക്കും അറിയാമല്ലൊ. സോഫ്റ്റ് പുട്ട് തയ്യാറാക്കാന്‍ ഒരു പൊടിക്കൈ പറഞ്ഞു തരാം. ഇളം ചൂടുവെള്ളത്തില്‍ മാവ് നനയ്ക്കുക. മിക്‌സിയില്‍ ചതയ്ക്കുന്ന ബട്ടണില്‍ ഒന്ന് പ്രസ്സ് ചെയ്‌തെടുക്കുക. അപ്പോള്‍ ആ കട്ടകള്‍ എല്ലാം ഉടഞ്ഞ് കിട്ടും. മാവ് റെഡി ആയിട്ടുണ്ട്.

അടുത്തത് ബീഫ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ബീഫ് കഷണങ്ങളില്‍ ഉപ്പ്, അല്‍പം മഞ്ഞള്‍ പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിച്ച് എടുക്കുക. തണുത്തതിന് ശേഷം മിക്‌സിയില്‍ ഒന്ന് മിന്‍സ് ചെയ്‌തെടുക്കുക. ഒരു പാട് ചതഞ്ഞ് പോകരുത്. വെന്ത ബീഫ് കൈ കൊണ്ട് തന്നെ പിച്ചിയെടുക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഇനി പാചകത്തിലേക്ക് കടക്കാം. ഒരു പാത്രത്തില്‍ (ഞാനിവിടെ മണ്‍ചട്ടിയാണ് എല്ലാ പാചകത്തിനും ഉപയോഗിക്കുന്നത്. അപ്പോള്‍ രുചിയും കൂടും) എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് പച്ചമണം മാറുമ്പോള്‍ സവാള കൊത്തിയരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ബ്രൗണ്‍ കളറായി തുടങ്ങുമ്പോള്‍ ഉപ്പ്, മുളക് പൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി, ഗരം മസാല പൊടി ചേര്‍ത്ത് വഴറ്റുക. പൊടികളുടെ പച്ചമണം മാറി തുടങ്ങുമ്പോള്‍ തക്കാളി പൊടിപൊടിയായി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. തക്കാളിയുടെ വെള്ളം മതിയാകും. അധികം വെള്ളം ചേര്‍ക്കണ്ട. തീ കുറച്ച് വെയ്ക്കുക. തക്കാളിയും സവാളയും എല്ലാം യോജിച്ചു വരുമ്പോള്‍ മിന്‍സ് ചെയ്ത് വെച്ചിരിക്കുന്ന ബീഫ് ചേര്‍ക്കുക. അവസാനമായി കറിവേപ്പില, മല്ലിയില അരിഞ്ഞത് ചേര്‍ത്ത് യോജിപ്പിക്കുക.

ഞാനിവിടെ ചിരട്ടയില്‍ ആണ് പുട്ട് ഉണ്ടാക്കുന്നത്. പ്രഷര്‍കുക്കറിന്റെ വിസില്‍ ഇടുന്ന ഭാഗത്ത് ചിരട്ടയുടെ ഹോള്‍ വരുന്ന രീതിയില്‍ വെയ്ക്കും. ആദ്യം ചിരട്ടയുടെ കാല്‍ ഭാഗം മാവ് ബാക്കി പകുതിയില്‍ ഇറച്ചി മസാല ഏറ്റവും മുകളില്‍ വീണ്ടും മാവ് വെയ്ക്കും. ഒന്നമര്‍ത്തി കൊടുക്കുക. ചിരട്ടയില്‍ ഉണ്ടാക്കുന്നവര്‍ ഹോളിന്റെ അവിടുന്ന് മുകളിലേക്ക് ഒരു സ്പൂണ്‍ ഉപയോഗിച്ച് ആവി മുകളിലേക്ക് വരാന്‍ ഇത്തിരി സ്‌പെയ്‌സ് ഉണ്ടാക്കി കൊടുക്കണം. ഏതെങ്കിലും പാകമാകുന്ന അടപ്പ് കൊണ്ട് ചിരട്ട മൂടിവെയ്ക്കാം. പുട്ടുകുറ്റിയില്‍ പുഴുങ്ങുന്നവര്‍ക്ക് അങ്ങനെയുമാകാം. ആദ്യം മാവ്, ഇറച്ചിമസാല വീണ്ടും മാവ്. അതാണ് ക്രമം...

ബ്രേക്ക്ഫാസ്റ്റായോ ഡിന്നര്‍ ആയോ ഇഷ്ടം പോലെ ഉപയോഗിക്കാം. ഇനിയിപ്പോള്‍ അതിഥികള്‍ വരുമ്പോള്‍ അവരെയും ഞെട്ടിക്കാം.. എന്തായാലും എല്ലാവരും ട്രൈ ചെയ്ത് നോക്കൂ. അഭിപ്രായം അറിയിക്കൂ...

തയ്യാറാക്കിയത്- അനില ബിനോജ്

recipe meat puttu

Follow Us:
Download App:
  • android
  • ios